KSDLIVENEWS

Real news for everyone

മരണത്തിലേക്ക് പറന്നുയരും മുൻപ് നിറഞ്ഞ ചിരി; നോവായി നമാൻഷ് സ്യാലിന്റെ അവസാന ചിത്രം, കണ്ണ് നിറയ്ക്കും ദൃശ്യങ്ങൾ പുറത്ത്

SHARE THIS ON

ദുബായ്: ദുബായ് എയർഷോയിൽ ഇന്ത്യൻ വ്യോമസേനയുടെ തേജസ് പോർവിമാനം തകർന്ന് വീണ് വീരമൃത്യു വരിച്ച വിങ് കമാൻഡർ നമാൻഷ് സ്യാലിന്റെ അവസാന നിമിഷങ്ങളിലെ ദൃശ്യങ്ങൾ കാഴ്ചക്കാരെ വേദനിപ്പിക്കുന്നു. പറന്നുയരുന്നതിന് തൊട്ടുമുന്‍പ് സന്തോഷത്തോടെ ചിരിക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഹിമാചൽ പ്രദേശ് കാൻഗ്രാ ജില്ലയിലെ പാട്ടിയാൽക്കർ ഗ്രാമ സ്വദേശിയായ വിങ് കമാൻഡർ നമാൻഷ് സ്യാൽ (34) പറത്തിയ തദ്ദേശീയമായി നിർമിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽസിഎ) തേജസാണ് ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളത്തിൽ നടന്ന അഭ്യാസ പ്രകടനത്തിനിടെ തകർന്നുവീണത്.

അവസാന നിമിഷങ്ങൾ
പ്രകടനത്തിനായി ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് നമാൻഷ് സ്യാൽ പുഞ്ചിരിയോടെ നിൽക്കുന്ന ദൃശ്യങ്ങളാണ് സുഹൃത്തുക്കളും സൈനികരും പങ്കുവച്ചിരിക്കുന്നത്. ‘ജീവിതം എത്ര പ്രവചനാതീതമാണ്! ദുബായ് എയർഷോയിൽ ആകാശത്തേക്ക് പറന്നുയരുന്നതിന് നിമിഷങ്ങൾക്ക് മുൻപ് വിങ് കമാൻഡർ നമാൻഷ് സ്യാൽ ചിരിക്കുന്നു. സമാധാനപരമായ ഒരു അന്ത്യയാത്ര നേരുന്നു സഹോദരാ’ എന്ന കുറിപ്പോടെ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായി.

അപകടത്തിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേഥ്, യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ എന്നിവരുൾപ്പെടെയുള്ള ഇന്ത്യൻ പ്രതിനിധി സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. രാജ്യത്തിന്റെ അഭിമാനമായി പറന്നുയരാൻ തയ്യാറെടുക്കുന്ന ഒരു ധീര വൈമാനികന്റെ തികഞ്ഞ ആത്മവിശ്വാസം ആ മുഖങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. ധീരതയോടെ നിങ്ങൾ സേവിച്ചു, അഭിമാനത്തോടെ ജീവിച്ചു, തലമുറകൾക്ക് പ്രചോദനമാകുന്ന ഒരു പൈതൃകം അവശേഷിപ്പിച്ചു. പറന്നുയരുക പോരാളീ എന്ന തലക്കെട്ടോടെ ഒട്ടറെ പേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.

• പിതാവിന്റെ വേദന
മകന്റെ പ്രകടനം കാണാൻ യൂട്യൂബിൽ തിരയുന്നതിനിടെയാണ് വിരമിച്ച ഐഎഎഫ് ഉദ്യോഗസ്ഥൻ കൂടിയായ പിതാവ് ജഗന്നാഥ് സ്യാൽ ദുരന്തവാർത്ത അറിയുന്നത്. എയർ ഷോയിലെ പ്രകടനം ടിവിയിലോ യൂട്യൂബിലോ കാണാൻ അവൻ ഇന്നലെ എന്നോട് പറഞ്ഞിരുന്നു – പിതാവ് വിതുമ്പി. നിമിഷങ്ങൾക്കകം ആറ് എയർഫോഴ്സ് ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് തന്റെ മകന് എന്തോ സംഭവിച്ചെന്ന് ആ പിതാവ് തിരിച്ചറിഞ്ഞത്.

സായുധ സേനയിൽ ചേരുന്നതിനായി 2009ൽ എൻഡിഎ പരീക്ഷ പാസായ നമാൻഷ് സ്യാൽ മികച്ച വൈമാനികനായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയും ഐഎഎഫ് ഓഫിസറാണ്. ആറ് വയസ്സുള്ള മകളുണ്ട്. അപകട കാരണം കണ്ടെത്താൻ ഇന്ത്യൻ എയർഫോഴ്സ് അന്വേഷണ സമിതിയെ നിയമിച്ചിട്ടുണ്ട്. ദുരന്തം നേരിട്ട വിങ് കമാൻഡർ നമാൻഷ് സ്യാലിന്റെ ഓർമകൾക്ക് മുന്നിൽ രാജ്യം കണ്ണീരോടെ പ്രണാമം അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!