KSDLIVENEWS

Real news for everyone

യുഎഇയിൽ പർവതങ്ങളിൽ മണ്ണിടിയാതിരിക്കാൻ കമ്പിവല സ്ഥാപിച്ച് ഉറപ്പിച്ചു: തകരാറിലായ വാഹനങ്ങളെക്കൊണ്ടു ഗാരിജുകൾ നിറഞ്ഞു കവിഞ്ഞു

SHARE THIS ON

അബുദാബി/ദുബായ്/ഷാർജ : യുഎഇയിൽ ഒരാഴ്ച നീണ്ട മഴയ്ക്കു വിരാമമായതോടെ ജനജീവിതം സാധാരണ നിലയിലേക്ക്. ഭൂരിഭാഗം റോഡുകളിലെയും വെള്ളക്കെട്ടു നീക്കി ഗതാഗതം സുഗമമാക്കി. വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചു. 2024ലെ പ്രളയത്തിൽ നിന്നുൾക്കൊണ്ട പാഠമനുസരിച്ചുള്ള രക്ഷാദൗത്യ സംഘത്തിന്റെ  പ്രവർത്തനങ്ങൾ മഴദുരിതം കുറച്ചു. നവീകരിച്ച മലിനജല നിർഗമന സംവിധാനങ്ങൾ സുഗമമായി പ്രവർത്തിച്ചതും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ നടത്തിയതും ഒരു ദിവസം കൊണ്ടുതന്നെ നാടും നഗരവും സാധാരണ നിലയിലേക്കു തിരിച്ചെത്താൻ സഹായിച്ചു. തീവ്ര മഴയ്ക്കു വെള്ളിയാഴ്ച ശമനമായതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഔദ്യോഗികമായി അറിയിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഷാർജ അൽഖാസിമിയ, കിങ് ഫൈസൽ സ്ട്രീറ്റ്, അൽവഹ്ദ തുടങ്ങി പ്രദേശങ്ങളിലെയും ദുബായ് അൽഖൂസിലെയും വെള്ളക്കെട്ടു രണ്ടാഴ്ചയിലേറെ നീണ്ടെങ്കിലും ഇത്തവണ ഒരു ദിവസത്തിനകം തന്നെ നീക്കം ചെയ്യാനായി. അജ്മാൻ, ഉമ്മുൽഖുവൈൻ തുടങ്ങി എമിറേറ്റിലും കാര്യമായ പ്രശ്നം ഉണ്ടായില്ല. താഴ്ന്ന പ്രദേശങ്ങളിൽ കെട്ടിനിന്ന വെള്ളം മോട്ടർ ഉപയോഗിച്ചു പമ്പ് ചെയ്തു നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. റാസൽഖൈമയിൽ ജബൽ ജെയ്സ് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്നു റോഡിൽ നിറ‍ഞ്ഞ കല്ലും മണ്ണും ഉടൻ നീക്കം ചെയ്തു ഗതാഗതത്തിനു തുറന്നുകൊടുത്തിരുന്നു. റോഡിനു സമീപമുള്ള പർവതങ്ങളിൽ മണ്ണിടിയാതിരിക്കാൻ കമ്പിവല സ്ഥാപിച്ച് ഉറപ്പിച്ചിട്ടുണ്ടെങ്കിലും യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു.
ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ, ഫുജൈറ എമിറേറ്റുകളിൽ 2 ദിവസത്തിനകം വെള്ളക്കെട്ടിലകപ്പെട്ടു തകരാറിലായ വാഹനങ്ങളെക്കൊണ്ടു ഗാരിജുകൾ നിറഞ്ഞു കവിഞ്ഞു. വാഹന ഇൻഷുറൻസ് ലഭ്യമാകുന്നതനുസരിച്ചാണ് അറ്റകുറ്റപ്പണി നടത്തുക. അതുവരെ വാഹനം നിർത്തിയിടാൻ സ്ഥലപരിമിതി പ്രശ്നമാണെന്നു വിവിധ ഗാരിജ് ഉടമകൾ പറഞ്ഞു. എന്നാൽ കഴിഞ്ഞ പ്രളയത്തിൽ ഒട്ടേറെ വാഹനങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കാത്തതിനാൽ മലയാളികളടക്കം നൂറുകണക്കിനു പേർക്കു വൻ നഷ്ടമുണ്ടാക്കിയിരുന്നു. സ്വന്തം നിലയ്ക്കാണു പലരും അറ്റകുറ്റപ്പണി നടത്തി വാഹനം പുറത്തിറക്കിയത്. പണം മുടക്കാനില്ലാത്ത പലരും നിസ്സാര തുകയ്ക്കു സ്ക്രാപ്പിനു നൽകുകയായിരുന്നു.

error: Content is protected !!