KSDLIVENEWS

Real news for everyone

മയക്കുമരുന്ന്-ഭീകര ഗൂഢാലോചന: വെനസ്വേലൻ പ്രസിഡന്റ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക

SHARE THIS ON

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്‌ക്കെതിരെ ഗുരുതര കുറ്റകൃത്യങ്ങൾ ചുമത്തി അമേരിക്ക. മഡൂറോയും ഭാര്യയും ന്യൂയോർക്കിലെ സൗത്ത്ൺ ഡിസ്ട്രിക്റ്റിൽ വിചാരണ നേരിടേണ്ടി വരുമെന്ന് യുഎസ് അറ്റോർണി ജനറൽ പാം ബോണ്ടി അറിയിച്ചു. “മയക്കുമരുന്ന്–ഭീകര ഗൂഢാലോചന, കൊക്കെയ്ൻ ഇറക്കുമതി ഗൂഢാലോചന, മെഷീൻ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കൽ, അമേരിക്കയ്‌ക്കെതിരെ യുദ്ധത്തിനുള്ള ഗൂഢാലോചന” എന്നിവയാണ് മഡൂറോയ്‌ക്കെതിരായ കുറ്റങ്ങൾ.

അതേസമയം മഡൂറോയുടെ ഭാര്യ സിലിയ ഫ്‌ളോറസിനെതിരായ കുറ്റം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. അതിനിടെ വെനസ്വേലയിലെ യുഎസ് ഓപ്പറേഷനിൽ ബ്രിട്ടൺ ഒരു തരത്തിലും ഉൾപ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ അറിയിച്ചു.

വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും അമേരിക്ക ബന്ദിയാക്കിയിരുന്നു. ഇരുവരെയും രാജ്യത്തിന് പുറത്തേയ്ക്ക് കൊണ്ടുപോയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. തലസ്ഥാനം കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.

ഇന്ത്യൻ സമയം രാത്രി 9.30യ്ക്ക് നടക്കുന്ന പത്രസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൽ അറിയിക്കുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വെനസ്വേലൻ വിമാനത്താവളങ്ങളിലും അമേരിക്കൻ ആക്രമണമുണ്ടായി. ഈഗ്‌റോട്ട് വിമാനത്താവളത്തിൽ വമ്പൻ സ്‌ഫോടനങ്ങൾ നടന്നു.

കാരക്കാസിലും മിറാണ്ടയിലും അര്വാഗയിലും ലാ ഗ്വെയ്‌റയിലും അമേരിക്ക ആക്രമണം നടത്തിയതായി വെനസ്വേല വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശികസമയം ഇന്നു പുലർച്ചെ പ്രാദേശികസമയം 1.50-നാണ് അമേരിക്ക വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ആക്രമണം ആരംഭിച്ചത്.

ഏഴ് സ്‌ഫോടനങ്ങളുടെ ശബ്ദവും താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ ശബ്ദവും കേട്ടതായി വാർത്താഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നഗരത്തിന്റെ തെക്കൻ പ്രദേശത്ത് ഒരു പ്രധാന സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ. അമേരിക്ക നടത്തിയത് ഗുരുതരമായ സൈനിക ആക്രമണമെന്ന് വെനസ്വേലൻ സർക്കാർ വ്യക്തമാക്കി. യു എൻ രക്ഷാസമിതിയിലും യു എൻ സെക്രട്ടറി ജനറലിനും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും വെനസ്വേല പരാതി നൽകുമെന്ന് സർക്കാർ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!