KSDLIVENEWS

Real news for everyone

പ്രതിഷേധം തുടരുക: സഹായം ഉടനെത്തും; ഇറാനിലെ പ്രതിഷേധക്കാർക്ക് സന്ദേശവുമായി ട്രംപ്

SHARE THIS ON

വാഷിങ്ടൺ: ഇറാനിലെ പ്രതിഷേധക്കാർക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘സഹായം ഉടനെത്തും’ എന്ന് വാഗ്ദാനം ചെയ്തുകൊണ്ട് ഇറാനിലെ പ്രതിഷേധക്കാരോട് അവരുടെ പ്രകടനങ്ങൾ തുടരാനും യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇറാനിൽ ആഴ്ചകളായി നടക്കുന്ന സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നാലെയുണ്ടായ അടിച്ചമർത്തലിൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവരുന്നതിനിടിയിലാണ് ട്രംപിന്റെ ഈ പ്രസ്താവന.

‘ഇറാനിയൻ രാജ്യസ്‌നേഹികളേ, പ്രതിഷേധം തുടരുക – നിങ്ങളുടെ സ്ഥാപനങ്ങൾ ഏറ്റെടുക്കൂ! കൊലപാതകികളുടെയും അതിക്രമം ചെയ്യുന്നവരുടെയും പേരുകൾ ഓർത്തുവെക്കുക. അവർ വലിയ വില നൽകേണ്ടി വരും. പ്രതിഷേധക്കാരെ അർത്ഥശൂന്യമായി കൊലപ്പെടുത്തുന്നത് നിർത്തുന്നതുവരെ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കിയിട്ടുണ്ട്. സഹായം ഉടൻ എത്തും. MIGA! പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ്.’ പ്രസിഡന്റ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു.

‘സഹായം ഉടൻ എത്തും’ എന്നതുകൊണ്ട് എന്താണ് ട്രംപ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും, ടെഹ്റാനും വാഷിങ്ടണും തമ്മിലുള്ള ബന്ധത്തിൽ ഈ സന്ദേശം കൂടുതൽ വിള്ളൽ വീഴ്ത്തും. ഇറാനെ സംബന്ധിച്ച് യുഎസ് സൈന്യം ‘വളരെ ശക്തമായ ഒപ്ഷനുകൾ’ പരിഗണിക്കുന്നുണ്ടെന്ന് പ്രസിഡന്റ് ട്രംപ് മുമ്പ് പറഞ്ഞിരുന്നു. ഇത് ഇറാനിലെ ഉദ്യോഗസ്ഥരിൽ നിന്ന് ശക്തമായ പ്രതികരണത്തിനും വഴിവെച്ചിരുന്നു.

‘യുഎസിന്റെ പല, പല ഒപ്ഷനുകളിൽ ഉൾപ്പെട്ട ഒന്നാണ് വ്യോമാക്രമണം. എങ്കിലും നയതന്ത്രമാണ് ഭരണകൂടത്തിന്റെ ‘ആദ്യത്തെ ഒപ്ഷൻ’.’ എന്നാണ് വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിൻ ലീവിറ്റ് തിങ്കളാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ളതാണ് ട്രംപിന്റെ പുതിയ സന്ദേശമെന്നാണ് നിഗമനം.

ഇറാനുമായി വ്യാപാരത്തിലേർപ്പെടുന്ന ഏത് രാജ്യത്തിനും അമേരിക്കയുമായുള്ള എല്ലാ വ്യാപാരത്തിനും 25% താരിഫ് നേരിടേണ്ടി വരുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ‘ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിൽ, ഇസ്ലാമിക റിപ്പബ്ലിക് ഓഫ് ഇറാനുമായി ബിസിനസ്സ് ചെയ്യുന്ന ഏത് രാജ്യത്തിനും അമേരിക്കൻ ഐക്യനാടുകളുമായുള്ള ഏത് ബിസിനസ്സിനും 25% താരിഫ് നൽകേണ്ടി വരും. ഈ ഉത്തരവ് അന്തിമമാണ്.’ യുഎസ് പ്രസിഡന്റ് പ്രസ്താവനയിൽ വ്യക്തമാക്കി. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!