KSDLIVENEWS

Real news for everyone

കേരളാ കോൺഗ്രസ് എം എന്ത് നിലപാടെടുത്താലും ഞങ്ങളെ ബാധിക്കില്ല; കുഞ്ഞാലിക്കുട്ടി

SHARE THIS ON

കൊച്ചി: കേരള കോൺഗ്രസിന്റെ മുന്നണിമാറ്റത്തിൽ പ്രതീക്ഷയർപ്പിക്കേണ്ട ഒരു കാര്യവുമില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആശയപരമായി യോജിക്കാവുന്നവർ വന്നാൽ മുന്നണിയിലെടുക്കാമെന്നാണ് പൊതുതീരുമാനമെന്നും കേരള കോൺഗ്രസിനോട് ആശയപരമായി വിയോജിപ്പില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന്‌ നേരത്തേ കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ്‌ കെ. മാണി വ്യക്തമാക്കിയിരുന്നു. യുഡിഎഫ്‌ പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ഒരു പൊതുനിലപാടെടുത്തിരുന്നു. ആശയപരമായി യോജിക്കുന്ന കക്ഷികൾക്കും വ്യക്തികൾക്കും പൊതുരംഗത്തുള്ള സോഷ്യൽ ഗ്രൂപ്പുകൾക്കും യുഡിഎഫുമായി സഹകരിക്കാമെന്ന്. ചിലർ സഹകരിക്കുകയും ചെയ്തു. ഇപ്പോഴും ആ സഹകരണം തുടരുന്നുണ്ട്. ആ കൂട്ടത്തിൽ കേരള കോൺഗ്രസിന്റെ കാര്യവും ചർച്ചയായി. മാധ്യമങ്ങൾ ചർച്ചയാക്കി എന്നു ഞാൻ പറയുന്നില്ല. ചർച്ചയായി. – കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഞങ്ങളോട് ചോദിച്ചപ്പോൾ അത് വേറെ മുന്നണിയിലിരിക്കുന്ന കക്ഷിയല്ലേ എന്നാണ് പറഞ്ഞത്. വിഷയം യുഡിഎഫിലല്ല, കേരളത്തിൽ ചർച്ചയായി. കേരള കോൺഗ്രസ് അവരുടെ മേഖലയിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ തോറ്റു. അപ്പോൾ അവർ ഇടതുമുന്നണിയിൽ നിൽക്കുമോ എന്ന ചർച്ചയായി. ഞങ്ങളല്ല അത് ഉണ്ടാക്കിയത്. ജയിച്ചുനിൽക്കുന്ന ഞങ്ങൾ അത്തരം ചർച്ചയുണ്ടാക്കേണ്ട കാര്യമുണ്ടോ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.

കേരള കോൺഗ്രസിന്റെ മുന്നണിമാറ്റത്തിൽ പ്രതീക്ഷയർപ്പിക്കേണ്ട ഒരു കാര്യവുമില്ലെന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചിട്ടുണ്ട്. അതുകൊണ്ട് അവർ എന്തു നിലപാടെടുത്താലും ഞങ്ങളെ ബാധിക്കില്ല. ആശയപരമായി യോജിക്കാവുന്നവർ വന്നാൽ മുന്നണിയിലെടുക്കാമെന്നാണ് പൊതുതീരുമാനം. അവരോട് ആശയപരമായി വിയോജിപ്പില്ലല്ലോ. വന്നാൽ സ്വാഗതം ചെയ്യുമെന്നേ പറഞ്ഞിട്ടുള്ളൂ. ഇപ്പോൾ ഇതുസംബന്ധിച്ച ചർച്ച നടക്കുന്നില്ല. – കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

വെള്ളിയാഴ്ച കോട്ടയത്ത്‌ സ്റ്റിയറിങ്‌ കമ്മിറ്റി യോഗത്തിന്‌ ശേഷമാണ് എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്ന പാർട്ടി തീരുമാനം ജോസ് കെ. മാണി വിശദീകരിച്ചത്. ചവിട്ടിപ്പുറത്താക്കിയവർ വാതിൽ തുറന്നെങ്കിൽ അവർക്ക്‌ തങ്ങളെ ആവശ്യമുണ്ടെന്ന്‌ തോന്നിക്കാണും. പാർട്ടി ആരുമായും ഒരു ചർച്ചയും നടത്തിയിട്ടില്ല. സോണിയാഗാന്ധി വിളിച്ചുവെന്നത്‌ മാധ്യമങ്ങളുടെ പ്രചാരണമാണ്‌. മുന്നണിമാറ്റമെന്ന പ്രചാരണത്തിനുപിന്നിൽ പാർട്ടിയിലെ ആർക്കും പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ്‌ നടത്തുന്ന മധ്യമേഖലാ ജാഥ താൻ നയിക്കുമെന്നും ജോസ്‌ കെ. മാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!