അരിയിൽ ഷുക്കൂർ വധം; സിബിഐ കോടതി വിധി നവംബർ 12-ന്, പി.ജയരാജനും ടി.വി.രാജേഷിനും നിർണായകം

കൊച്ചി: ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച 2012-ൽ നടന്ന അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളത്തെ പ്രത്യേക സിബിഐ. കോടതി നവംബർ 12-ന് വിധി പറയും. കേസിന്റെ വിചാരണ നടപടികൾ പൂർത്തിയായി. സിപിഎം നേതാക്കളായ പി. ജയരാജനും ടി.വി. രാജേഷും ഉൾപ്പെടെയുള്ളവരാണ് ഈ കേസിൽ പ്രധാന പ്രതിസ്ഥാനത്തുള്ളത്.
സംഭവസമയത്ത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനുനേരെ നടന്ന ആക്രമണത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നാണ് സി.ബി.ഐ.യുടെ ആരോപണം. സഹകരണ ആശുപത്രിയിൽവെച്ച് പി. ജയരാജനും ടി.വി. രാജേഷും അടക്കമുള്ള നേതാക്കൾ ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ. കുറ്റപത്രത്തിൽ പറയുന്നു. നേതാക്കൾക്കെതിരേ ഗൂഢാലോചനക്കുറ്റമാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്.
എന്നാൽ, സിബിഐ.യുടെ ഗൂഢാലോചന വാദത്തിന് ബലം നൽകേണ്ടിയിരുന്ന പ്രധാന സാക്ഷികളിൽ പലരും വിദേശത്തായതിനാൽ വിചാരണാ വേളയിൽ ഇവരെ കോടതിയിൽ ഹാജരാക്കാൻ സാധിച്ചിരുന്നില്ല. അതിനാൽതന്നെ സിബിഐ. ഉന്നയിച്ച ഗൂഢാലോചന ആരോപണം കോടതിയിൽ എത്രത്തോളം നിലനിൽക്കുമെന്നത് ഈ വിധിയിൽ ഏറെ നിർണായകമാണ്.

