കേരളത്തിൽ ഡെങ്കിയും സികയും അതിരൂക്ഷം; ജനുവരിയിൽ മാത്രം 378 കേസുകൾ, 4 മരണം; പഠനത്തിനൊരുങ്ങി ICMR

കോട്ടയം: കേരളത്തിൽ ഡെങ്കി, സിക വൈറസ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. രാജ്യത്തെ ഉയർന്ന ഡെങ്കിപ്പനി ബാധിത സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 2026 ജനുവരിയിൽ മാത്രം 378 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും നാല് മരണവും റിപ്പോർട്ടുചെയ്തു. 2025-ൽ 10,886 സിക കേസുകളും അവയിൽ, 56 മരണങ്ങളും റിപ്പോർട്ടുചെയ്തു.
അനുകൂലമായ കാലാവസ്ഥ, മനുഷ്യനിർമിത കൊതുക് വളർച്ചാകേന്ദ്രങ്ങൾ, ഉയർന്ന ജനസാന്ദ്രത, പരിസ്ഥിതിവൈവിധ്യം എന്നിവ ചേർന്ന അപകടകരമായ കൂട്ടായ്മയാണ് ഇത്തരം ആർബോവൈറൽ രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്ന് ഐ.സി.എം.ആർ. സീനിയർ ശാസ്ത്രജ്ഞനായ അലക്സ് ഈപ്പൻ നേതൃത്വം നൽകുന്ന ഗവേഷകസംഘം ചൂണ്ടിക്കാട്ടുന്നു.
2023-ൽ സംസ്ഥാനത്ത് 17,426 പേർക്ക് ഡെങ്കി ബാധിക്കുകയും 153 പേർ മരിക്കുകയുംചെയ്തു. 2024-ൽ രോഗബാധിതർ 20,674 ആയി.
മരണസംഖ്യ 128-ഉം. മൂന്നോ നാലോവർഷം കൂടുമ്പോൾ രോഗത്തിന്റെ അതിവ്യാപനവും കാണുന്നു.
ഈ സാഹചര്യത്തിലാണ് പുതിയ ദീർഘകാല പഠനത്തിന് സംസ്ഥാനം അനുമതി നൽകിയത്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഐ.സി.എം.ആർ.-വെക്ടർ കൺട്രോൾ റിസർച്ച് സെന്റർ നിർദേശിച്ച പദ്ധതിയാണിത്. ഡെങ്കിയും സികയും എങ്ങനെ ആരംഭിക്കുന്നു, എത്രത്തോളം ഗുരുതരമാകുന്നു, വൈറസുകളിൽ എന്തെല്ലാം മാറ്റം സംഭവിക്കുന്നു, ഒരേസമയം രണ്ട് വൈറസുകൾ ബാധിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത് എന്നതെല്ലാം പഠനം പരിശോധിക്കും.
ഈമാസം ആരംഭിക്കുന്ന പഠനത്തിലൂടെ, സംസ്ഥാനത്ത് കൊതുകുമൂലമുള്ള വൈറസ് രോഗങ്ങൾ എങ്ങനെ പടരുന്നു, എങ്ങനെ പരിണമിക്കുന്നു, എന്നതിൽ കൂടുതൽ വ്യക്തത നേടുകയാണ് ലക്ഷ്യം.

