KSDLIVENEWS

Real news for everyone

ആ 10000 മറികടക്കണം, യുഡിഎഫോ കോൺഗ്രസോ വിട്ടെത്തുന്നവർക്ക് മുഖ്യപരിഗണന, നിലമ്പൂരിൽ സ്ഥാനാർഥിയെതേടി CPM

SHARE THIS ON

നിലമ്പൂർ: നിയോജകമണ്ഡലത്തിൽ മികവുറ്റ പൊതു സ്വതന്ത്രസ്ഥാനാർഥിയെ അവതരിപ്പിക്കാനുള്ള നീക്കങ്ങളിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി. യു.ഡി.എഫിൽനിന്നോ കോൺഗ്രസിൽനിന്നോ മികച്ച സ്ഥാനാർഥികളെ കിട്ടിയാൽ അവർക്ക് സ്ഥാനാർഥിനിർണയത്തിൽ മുഖ്യ പരിഗണന നൽകിയേക്കും. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ യു.ഡി.എഫിൽനിന്ന് പ്രമുഖരാരെങ്കിലും വിട്ടുപോന്ന് നിലമ്പൂരിൽ ഇടതുസ്ഥാനാർഥിയാകാൻ സാധ്യത കാണുന്നില്ല.

നിലമ്പൂർ മണ്ഡലത്തിൽനിന്നുതന്നെയുള്ള ഒരാളെയാണ് സി.പി.എം. നോക്കുന്നത്. മുൻപ് ആര്യാടൻ മുഹമ്മദിനെതിരേ മത്സരിച്ച ചുങ്കത്തറ സ്വദേശിയും മാർത്തോമ്മാ കോളേജ് മുൻ പ്രിൻസിപ്പലുമായിരുന്ന തോമസ് മാത്യുവിന്റെ പേര് ഇത്തവണയും പറഞ്ഞുകേൾക്കുന്നുണ്ട്. എങ്കിലും ഒരു സാധ്യത മാത്രമായാണ് ആ പേര് നിൽക്കുന്നത്. സ്‌പേർട്സ് കൗൺസിൽ പ്രസിഡന്റും മുൻ ദേശീയ ഫുട്ബോൾ താരവുമായ യു. ഷറഫലിയുടെ പേരാണ് ചർച്ചകളിലുള്ള മറ്റൊരു പേര്. ഷറഫലിയെ സ്ഥാനാർഥിയാക്കുന്നത് സംസ്ഥാനതലത്തിൽതന്നെ ശ്രദ്ധനേടാൻ സഹായിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.

മണ്ഡലത്തിൽ പതിനായിരത്തോളം വോട്ടിന്റെ വ്യത്യാസമാണ് എൽ.ഡി.എഫിനും യു.ഡി.എഫിനുമിടയിലുള്ളതെന്നാണ് സി.പി.എം. തന്നെ കണക്കാക്കുന്നത്. ആ പതിനായിരം മറികടക്കാൻ കഴിയുന്ന പൊതുസ്ഥാനാർഥിയാകണം വരേണ്ടത്.

യു.ഡി.എഫിൽ നിലവിലുള്ള എം.എൽ.എ.മാർ തന്നെ മത്സരിക്കട്ടെയെന്നാണ് തീരുമാനമെന്നതിനാൽ ആര്യാടൻ ഷൗക്കത്ത് തന്നെയായിരിക്കും സ്ഥാനാർഥി.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് കൊണ്ടുവരാവുന്ന മികച്ച സ്ഥാനാർഥിയെ നിർത്തിയിട്ടും വിജയിക്കാൻ കഴിയാതിരുന്നതിന്റെ ക്ഷീണം തീർക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല.

സി.പി.എം. ഇപ്പോൾ നടത്തിവരുന്ന ഗൃഹസന്ദർശനം പരിപാടിയിൽനിന്നു ലഭിച്ച വിവരങ്ങളനുസരിച്ച് സി.പി.എം. മുസ്‌ലിംവിരുദ്ധ പാർട്ടിയാണെന്ന് പ്രചരിപ്പിക്കാൻ മുസ്‌ലിം ലീഗിന് കഴിഞ്ഞതായി വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ജാഗ്രതയോടെ മാത്രമേ സ്ഥാനാർഥികളെ തീരുമാനിക്കുകയുള്ളൂവെന്നാണ് സി.പി.എം. നേതാക്കൾ നൽകുന്ന സൂചന. അതേസമയം സാഹചര്യങ്ങൾ ഒത്തുവന്നാൽ സ്ഥാനാർഥി പ്രൊഫ. തോമസ് മാത്യു തന്നെയാകാം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുശേഷം, പ്രത്യേകിച്ച് നിലമ്പൂരിലും സംസ്ഥാനാടിസ്ഥാനത്തിലും പാർട്ടി ജാഥകളും മറ്റും തുടങ്ങിയ സമയത്ത് പ്രവർത്തനങ്ങളിൽ സക്രിയമായി ഉണ്ടാകണമെന്ന നിർദേശം തോമസ് മാത്യുവിന് പാർട്ടി നേതൃത്വം നൽകിയിരുന്നു.

അതനുസരിച്ച് പോത്തുകല്ലിൽ അദ്ദേഹത്തിന്റെ സക്രിയ സാന്നിധ്യമുണ്ടായിരുന്നു. വികസനമുന്നേറ്റ ജാഥ നിലമ്പൂരിൽ വരുമ്പോഴും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുൻപ് രണ്ടുതവണ നിലമ്പൂർ മണ്ഡലത്തിൽനിന്ന് തോമസ് മാത്യു മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായിരുന്നില്ല. 2016-ൽ പാർട്ടി ചിഹ്നത്തിൽതന്നെ മത്സരിക്കണമെന്ന് അന്ന് കോടിയേരി ബാലകൃഷ്ണൻ അദ്ദേഹത്തോടാവശ്യപ്പട്ടതിന്റെ അടിസ്ഥാനത്തിൽ പാർട്ടി അംഗത്വം എടുത്തിരുന്നെങ്കിലും പിന്നീട് പി.വി. അൻവർ മത്സരരംഗത്തേക്കു വരുകയായിരുന്നു.

error: Content is protected !!