KSDLIVENEWS

Real news for everyone

മത്സരിക്കാനില്ല, സാഹിബിനും സഖാവിനും ഒരർഥം: ലീഗ്-കോൺഗ്രസുകാരെപ്പോലെ മരിച്ചുപിരിയലല്ല എന്റെ പോളിസി; കെ.ടി ജലീൽ

SHARE THIS ON

കുറ്റിപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടി എന്ന അതികായനെ മലർത്തിയടിച്ച് 2006-ൽ ആദ്യമായി നിയമസഭയിലെത്തിയ കെ.ടി. ജലീലിന് ഇന്ന് കേരള രാഷ്ട്രീയത്തിൽ മുഖവുര ആവശ്യമില്ല. പിന്നീട് മൂന്നുതവണ തവനൂരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കും ഇടപെടലുകൾക്കുമുള്ള അംഗീകാരമായി. ജില്ലയിൽനിന്ന് തുടർച്ചയായി നാലുതവണ തിരഞ്ഞെടുക്കപ്പെട്ട ഏക ഇടത് എം.എൽ.എ.യാണ് അദ്ദേഹം.

വിവാദങ്ങൾ പലപ്പോഴും കെ.ടി. ജലീലിന്റെ സഹയാത്രികനായി. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായ അദ്ദേഹത്തിന് ബന്ധുനിയമന ആരോപണത്തിന്റെ പേരിൽ അവസാനകാലത്ത് രാജിവെക്കേണ്ടിവന്നു. കെ.ടി. ജലീൽ മാതൃഭൂമി ലേഖകരോട് മനസ്സുതുറക്കുകയാണ്.

? സാഹിബ്, സഖാവ് എന്നീ പേരുകളിൽ താങ്കൾ വിളിക്കപ്പെടുന്നു. ഏതാണ് കൂടുതലിഷ്ടം

രണ്ടും ഇഷ്ടമാണ്. രണ്ടിന്റെയും അർഥം ഒന്നാണ്. സാഹിബെന്നും വിളിക്കപ്പെടാൻ ഒരു സഖാവിന് അർഹതയുണ്ട്. അതൊരു അംഗീകാരമാണ്. ഇവ രണ്ടും ഒരാളെ വിളിക്കുമ്പോൾ സാഹിബ് വേറെ, സഖാവ് വേറെ എന്നുള്ള ചിലരുടെ വിശ്വാസത്തിന്റെ കടയ്ക്കൽ കത്തിവെക്കുകയാണ്.

? പാർട്ടി അംഗത്വം സ്വീകരിക്കുന്നില്ലല്ലോ. സി.പി.എമ്മിന് അടിമപ്പെടാൻ തന്നെ കിട്ടില്ലെന്നാണോ

ഒരിക്കലുമല്ല. സാങ്കേതികമായി അംഗത്വമെടുത്തിട്ടില്ലെങ്കിലും ഞാൻ സി.പി.എമ്മുകാരനെപ്പോലെത്തന്നെയാണ്. സി.പി.എം. നടത്തിയ മൂന്നു ജാഥകളിൽ അംഗമായിരുന്നു. ഞാനും സി.പി.എമ്മും തമ്മിലുള്ള ബന്ധം അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കപ്പെടുന്നതല്ല. അതിനപ്പുറം ഗാഢമാണ്.

? അംഗത്വമെടുത്താൽ ആ ബന്ധത്തിൽ ഉലച്ചിൽ തട്ടുമോ

അങ്ങനെയല്ല. അതിന്റെ ആവശ്യമില്ലെന്നാണ് എനിക്കു തോന്നിയത്. അംഗത്വമെടുക്കണമെന്ന് പാർട്ടി പറഞ്ഞിട്ടുമില്ല.

? പാർട്ടി പറഞ്ഞാൽ എടുക്കുമോ

ഞങ്ങൾ അങ്ങനെയൊരു മെമ്പർഷിപ്പില്ലാതെതന്നെ മുന്നോട്ടുപോകുകയാണ്. സി.പി.എമ്മിന് മെമ്പർഷിപ്പുള്ള ആളുകളെ മാത്രമല്ലല്ലോ ആവശ്യം. നല്ല സഹയാത്രികരെയും വേണം. ഒരു സഹയാത്രികന് പാർട്ടി മെമ്പറെപ്പോലെ മുന്നോട്ടുപോകാൻ കഴിയുമെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമംകൂടിയാണിത്.

? അധ്യാപനത്തിലേക്ക് തിരിച്ചുപോകാൻ അനുവദിക്കണമെന്ന് മുൻപ് കോടിയേരിയോട് ആവശ്യപ്പെട്ടിരുന്നല്ലോ. ഏത് മേൽവിലാസമാണിപ്പോൾ ഏറ്റവും പ്രിയപ്പെട്ടത്

കഴിഞ്ഞതവണയാണ് കോടിയേരിയോട് പറഞ്ഞത്. 2021-ൽ മാറിനിൽക്കാൻ പാർട്ടി അനുവാദം തന്നിരുന്നെങ്കിൽ കോളേജിലേക്ക് തിരിച്ചുപോയി അവിടെനിന്ന് വിരമിച്ചശേഷം പൊതുപ്രവർത്തനരംഗത്ത് കൂടുതൽ സജീവമാകാമെന്നാണ് ഞാൻ ഉദ്ദേശിച്ചിരുന്നത്. നിർബന്ധമായും മത്സരിക്കണമെന്ന് പാർട്ടി പറഞ്ഞതോടെയാണ് വ്യക്തിപരമായ തീരുമാനത്തിന് പ്രാമുഖ്യം കൊടുക്കേണ്ടതില്ലെന്നു നിശ്ചയിച്ചത്. ആരുമല്ലാതിരുന്ന സമയത്ത് എന്നെ കേരള രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുകൊണ്ടുവന്ന പാർട്ടി പറയുന്നത് നിഷേധിക്കാൻ സാധിക്കുമായിരുന്നില്ല. അധ്യാപകനായാൽ ഒരുപാട് കുട്ടികളുമായി സംവദിക്കാൻ പറ്റും. അധ്യാപനം എനിക്കിഷ്ടപ്പെട്ട ജോലിയാണ്. പ്രത്യേകിച്ച്, ഞാൻ പഠിച്ച, കോളേജ് യൂണിയൻ ചെയർമാനായ, പി.എസ്.എം.ഒ. കോളേജിൽ അധ്യാപകനാകുക എന്നത് ജീവിതത്തിലെ വലിയ മോഹമായിരുന്നു. അത് സഫലമായി.‌

? എഴുത്തുകാരൻ എന്ന മേൽവിലാസമാണോ കൂടുതലിഷ്ടം. ഫെയ്സ്‌ബുക്കിൽ എഴുതുന്നതും മറുപടി കൊടുക്കുന്നതും താങ്കൾതന്നെയാണോ

തീർച്ചയായും. എഴുതുന്നതും മറുപടി കൊടുക്കുന്നതും ഞാൻ തന്നെയാണ്. കൂലിക്ക് ആളെവെച്ച് എഴുതിക്കുന്ന ഏർപ്പാട് എനിക്കില്ല. നമ്മൾ എഴുതുമ്പോഴാണ് അതിന്റെ ഒറിജിനാലിറ്റി ഉണ്ടാകുക. ഇതിനകം 15 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ’സോഷ്യലിസ്റ്റായ മുഹമ്മദ് നബി’ 14-ന് മുഖ്യമന്ത്രി പ്രകാശനംചെയ്യുകയാണ്.

? കഴിഞ്ഞ പുസ്തകപ്രകാശന ദിവസം ചില കാര്യങ്ങൾ തുറന്നുപറയുമെന്നു പറഞ്ഞ താങ്കൾ, വൈകീട്ട് മലക്കംമറിഞ്ഞു. എന്തായിരുന്നു കാരണം

തുറന്നുപറയാനുണ്ട് എന്നതിനർഥം സി.പി.എമ്മിന് വിരുദ്ധമായി പറയാനുണ്ട് എന്നല്ല. അങ്ങനെയൊരു ധാരണ പല ആളുകളിലുമുണ്ട്. എല്ലാ പത്രക്കാരും ഒരുമിച്ചുവരണമെങ്കിൽ അവരെ സസ്‌പെൻസിൽ നിർത്തണം. സി.പി.എമ്മിന്റെ തിന്മ പറയുന്നത് ആളുകളെ കേൾപ്പിക്കാനാണ് മാധ്യമങ്ങൾക്കിഷ്ടം. മാധ്യമങ്ങൾക്ക് കൂടുതൽ താത്‌പര്യം നെഗറ്റീവിനോടാണ്.

? എനിക്കിനി ആരെയും പേടിക്കാനില്ല, ഞാൻ സ്വതന്ത്രനാണ് എന്നൊക്കെയാണ് അതിനുമുൻപ് താങ്കൾ പറഞ്ഞത്

അതെ, പാർട്ടിക്ക് പുറത്തുനിൽക്കുന്ന ഏതെങ്കിലും ശക്തികളെ എനിക്ക് ഭയപ്പെടേണ്ടതില്ല. സി.പി.എമ്മിന് അനുകൂലമായി പറയാൻ ഒരാളെയും എനിക്ക് ഭയപ്പെടേണ്ടതില്ല. കാരണം. ഇവിടെ സി.പി.എമ്മിനെതിരായി വലിയ നീക്കം നടക്കുകയാണ്. അതിന്റെ നേതൃസ്ഥാനത്ത് മുസ്‌ലിം ലീഗാണ്. അവരാണെങ്കിൽ മതസമുദായ സംഘടനകളോടൊക്കെത്തന്നെ നല്ല ബന്ധത്തിൽ നിൽക്കുന്ന ഘട്ടമാണ്. അങ്ങനെയൊരു സമയത്ത് സി.പി.എമ്മിന് അനുകൂലമായി പറയുകയാണ് മുസ്‌ലിം സമുദായത്തിൽപ്പെടുന്ന ഒരു വ്യക്തിക്ക് ഏറ്റവും ശ്രമകരമായ കാര്യം.

? പി.വി. അൻവർ എൽ.ഡി.എഫിൽ കലഹമുണ്ടാക്കുന്ന സമയത്താണ് താങ്കൾ അങ്ങനെ പറഞ്ഞത്. താങ്കളും ചിലത് പറയാൻ തീർച്ചപ്പെടുത്തിയിരുന്നില്ലേ. അതിനിടയിൽ വല്ല ഡീലും നടന്നോ

ഒരിക്കലുമില്ല. ഡീൽ നടക്കുകയും വിലയ്ക്കെടുക്കാൻ പറ്റുകയും ചെയ്തിരുന്നെങ്കിൽ ലീഗിൽനിന്ന് ഞാൻ പുറത്തുവരേണ്ട പ്രശ്‌നംതന്നെയില്ലല്ലോ. ഡീലുകളുടെയും പ്രലോഭനങ്ങളുടെയും വാഗ്‌ദാനങ്ങളുടെയുമൊക്കെ ആളുകളാണല്ലോ പൊതുവേ യു.ഡി.എഫുകാർ, പ്രത്യേകിച്ച് ലീഗ്. എല്ലാവരും കരുതിയത് അൻവറിന്റെകൂടെ ഞാൻ പോകുമെന്നാണ്. അൻവറിന്റെകൂടെ പോകാതെ സി.പി.എമ്മിന്റെകൂടെ നിൽക്കുകയെന്നത് പ്രധാനപ്പെട്ട കാര്യം തന്നെയാണ്.

? ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നും താങ്കൾ പ്രഖ്യാപിച്ചു. പാർട്ടി സീറ്റ് തരില്ലെന്നു മനസ്സിലാക്കിയാണോ അത്

പാർട്ടിക്ക് ഞാനൊരു ബ്ലാങ്ക് ചെക്ക് കൊടുത്തതാണ്. കാരണം, പുതിയ ആളുകളെ മത്സരിപ്പിക്കണമെങ്കിൽ എന്റെ സമ്മതത്തോടെതന്നെ അതാകാം. സമ്മതമില്ലാതെ മാറ്റിനിർത്തി എന്ന ധാരണ പാർട്ടിക്കും ഉണ്ടാകേണ്ടാ. എന്റെ വ്യക്തിപരമായ താത്‌പര്യം കഴിഞ്ഞതവണതന്നെ പറഞ്ഞതാണ്. ഇപ്രാവശ്യവും മത്സരരംഗത്തുനിന്ന് മാറിനിൽക്കണമെന്ന് താത്‌പര്യമുണ്ട്. വളരെ അടുപ്പമുള്ളവർക്കും സുഹൃത്തുക്കൾക്കുമൊപ്പം കുറച്ചുകൂടി സമയം ചെലവഴിക്കണം. കുറച്ചു യാത്രകൾ നടത്തണം. അതൊക്കെയാണ് ആഗ്രഹങ്ങൾ.

? മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തിൽ സി.പി.എമ്മുമായുള്ള വിലപേശലുണ്ടോ

അങ്ങനെ ഒരു വിലപേശലിന്റെയും ആവശ്യമില്ല. ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെ ഉയർത്തിക്കൊണ്ടുവരാനാണ് സി.പി.എം. ആഗ്രഹിക്കുന്നത്. പുതിയ ആളുകളുണ്ടെങ്കിൽ അവർക്ക് അവസരം കൊടുക്കാനാണ് ഞാൻ പാർട്ടിയോട് പറയുന്നത്. ’മരിച്ചു പിരിയുക’ എന്നതാണ് കോൺഗ്രസിന്റെയും ലീഗിന്റെയും പോളിസി. അതിൽനിന്ന് ഭിന്നമായി നിലപാടെടുക്കാൻ മലപ്പുറത്തുള്ള ഒരാൾക്ക്, പ്രത്യേകിച്ച് പഴയൊരു ലീഗുകാരന് സാധിക്കുന്നു എന്ന സന്ദേശം നൽകാൻകൂടി ഞാൻ ആഗ്രഹിക്കുന്നുണ്ട്.

? തവനൂരിൽ വീണ്ടും മത്സരിക്കേണ്ടിവന്നാൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

വിജയം തീർച്ചയായും ഉണ്ടാകും. കഴിഞ്ഞ നാലുതവണ ജയിച്ചതും പ്രവർത്തനംകൊണ്ടാണ്. ചില തിരഞ്ഞെടുപ്പിൽ വോട്ട് കുറഞ്ഞിട്ടുണ്ടാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2500 വോട്ടാണ് ഭൂരിപക്ഷമെന്നത് ശരിയാണ്. പക്ഷേ, മൂന്ന് തിരഞ്ഞെടുപ്പുകളിലായി 1000 വീതം വോട്ട് വർധിക്കുകയാണു ചെയ്തത്. ബി.ജെ.പി.യുടെ വോട്ടിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ് മൂന്ന് തിരഞ്ഞെടുപ്പിലും എന്റെ ഭൂരിപക്ഷത്തെ നിർണയിച്ചത്.

? തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും എൽ.ഡി.എഫിന് ഭരണം നഷ്ടമായില്ലേ

2011-ലും അങ്ങനെയായിരുന്നു. വട്ടംകുളം മാത്രമാണ് എൽ.ഡി.എഫ്. ഒറ്റയ്ക്ക് ഭരിച്ചിരുന്നത്. എടപ്പാളിൽ നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എൽ.ഡി.എഫിനും വൈസ് പ്രസിഡന്റ് സ്ഥാനം ലീഗിനുമായിരുന്നു. ബാക്കി അഞ്ച് പഞ്ചായത്തിലും യു.ഡി.എഫ്. ആണ് ഭരിച്ചത്. ആ സാഹചര്യത്തിലാണ് 2011-ൽ ഞാൻ ആദ്യമായി മത്സരിക്കുന്നത്.

? വ്യക്തിപരമായി താത്പര്യമില്ലെങ്കിലും പാർട്ടി പറഞ്ഞാൽ മത്സരിക്കില്ലേ

= അതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ല. മത്സരിക്കുന്നില്ല എന്നത് എന്റെ ഉറച്ച തീരുമാനമാണ്. പാർട്ടി നിർബന്ധിക്കുന്ന സാഹചര്യമുണ്ടായാൽ അപ്പോൾ മാത്രമേ ആലോചിക്കൂ. ഞാൻ സ്ഥാനമൊഴിയുന്ന മൂഡിലാണെന്ന് ആളുകൾക്കറിയാം. 15 വർഷംകൊണ്ട് ഞാൻ പറഞ്ഞതൊക്കെ പൂർത്തിയാക്കിത്തന്നു എന്നാണ് മണ്ഡലത്തിലെ ആളുകളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

? വെള്ളാപ്പള്ളിയോടുള്ള സി.പി.എം. സമീപനം ന്യൂനപക്ഷങ്ങളെയും മതേതര വിഭാഗങ്ങളെയും ഒരുപോലെ പാർട്ടിയോട് അകറ്റുമെന്ന് കരുതുന്നുണ്ടോ ?

ഞാൻ ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോൾ എനിക്കെതിരേ വെള്ളാപ്പള്ളി നടേശൻ സംസാരിച്ചിട്ടുണ്ട്. അന്ന് ഒരു സർവകലാശാലയിലും മുസ്‌ലിം സമുദായത്തിൽനിന്നുള്ള വൈസ് ചാൻസലർമാരില്ല. പുതിയ സർവകലാശാലയുടെ വി.സി.യായി ഡോ. മുബാറക് പാഷയെ കൊണ്ടുവരാൻ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ആളുകൾ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ നിയമിച്ചത്. അതിനെതിരായി വെള്ളാപ്പള്ളി നടേശൻ പ്രസ്താവന ഇറക്കി. സത്യത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ശ്രീനാരായണഗുരുവിന്റെ പേര് നിർദേശിച്ചത് ഞാനാണ്. എല്ലാ ജനവിഭാഗങ്ങൾക്കും പ്രതിനിധ്യം എല്ലാ മേഖലയിലും വേണമെന്ന ബോധ്യമുള്ളതുകൊണ്ടാണ് ഇടതുമുന്നണി ഡോ. മുബാറക് പാഷയെ വൈസ് ചാൻസലറാക്കിയത്. അന്ന് ഞാൻ മലപ്പുറത്തിന്റെ മന്ത്രിയാണോ എന്ന് വെള്ളാപ്പള്ളി ചോദിച്ചപ്പോൾ ലീഗുകാർ എന്താണ് എതിർക്കാതിരുന്നത് ?

? വെള്ളാപ്പള്ളി ഇപ്പോൾ മലപ്പുറത്തെപറ്റി പറയുന്നതിൽ തെറ്റില്ല എന്നാണോ ?

വെള്ളാപ്പള്ളി അത് കറക്ട്‌ചെയ്തു. ഞാൻ മുസ്‌ലിം സമുദായത്തെയോ മലപ്പുറം ജില്ലയെയോ അല്ല പറയുന്നതെന്നും ലീഗിനെയാണ് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

? ലീഗിനെപ്പറ്റി പറയുമ്പോൾ അത് മുസ്‍ലിം സമുദായത്തിനെതിരേ ആണെന്ന് വരുത്തിത്തീർക്കുന്നത് ലീഗിന്റെ തന്ത്രമാണോ

= അങ്ങനെ ഒരു രീതി ഇപ്പോൾ വളർന്നുവന്നിട്ടുണ്ട്. ലീഗിനെയോ പാണക്കാട് തങ്ങൻമാരേയോ ആരെങ്കിലും വിമർശിച്ചാൽ അത് സമുദായത്തിനെതിരായിട്ടുള്ള കടന്നുകയറ്റമായിട്ട് ദുർവ്യാഖ്യാനിക്കുകയാണ്. സത്യത്തിൽ, വെള്ളാപ്പള്ളി നടേശനും ലീഗും തമ്മിൽ വളരെ അടുപ്പത്തിലായിരുന്നു. കൂടെനിന്ന വെള്ളാപ്പള്ളി നടേശന് നല്ല അനുഭവങ്ങൾ കൊടുക്കാൻ ലീഗിന് എന്തേ കഴിയാതെപോയത് ?

? രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്ഥാനമോ സ്‌പീക്കർ പദവിയോ പ്രതീക്ഷിച്ചിരുന്നോ

ഒരിക്കലുമില്ല, ഒന്നാം പിണറായി സർക്കാരിലെ ഒരാളും മന്ത്രിയായിട്ടില്ലല്ലോ. എല്ലാവരേയും മാറ്റിനിർത്താമെന്നത് പാർട്ടിയെടുത്ത പൊതുതീരുമാനമാണ്.

? കാലാവധി പൂർത്തിയാക്കുന്നതിനുമുൻപ് രാജിവെച്ച് ഒഴിയേണ്ട സാഹചര്യമുണ്ടായില്ലേ

= മുഴുവൻ കഴിഞ്ഞതിനുശേഷമാണ്. തിരഞ്ഞെടുപ്പുഫലം കാത്തിരിക്കുമ്പോഴാണ് രാജിവെച്ചത്. അതൊക്കെ വലിയ ചതിപ്രയോഗമായിരുന്നു. സിറിയക് ജോസഫ് എന്ന അന്നത്തെ ലോകായുക്തയ്ക്ക് ലീഗുമായിട്ടുണ്ടായിരുന്ന ബന്ധം വ്യക്തമാണ്. ഐസ്‌ക്രീം പാർലർ കേസിൽനിന്ന് കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി വിധിപറഞ്ഞ ജഡ്‌ജിയാണ് അദ്ദേഹം.

? കഴിഞ്ഞതവണ ഭൂരിപക്ഷം കുറഞ്ഞു. തവനൂരിന് പഴയപോലെ സ്നേഹമില്ലേ

ഭൂരിപക്ഷം കുറഞ്ഞത് ബി.ജെ.പി.ക്ക് വോട്ട് കുറഞ്ഞതുകൊണ്ടാണ്. കഴിഞ്ഞതവണ എന്നെ തോൽപ്പിക്കൽ ബി.ജെ.പി.യുടെ കൂടി ആവശ്യമായിരുന്നു. അതുകൊണ്ടാണ് ജില്ലയിൽ ഏറ്റവുംകൂടുതൽ വോട്ട് കിട്ടുന്ന സീറ്റ് അവർ ബി.ഡി.ജെ.എസിന് കൊടുത്ത് വോട്ട് ലീഗിന് മറിച്ചത്.

? എം.എൽ.എ. ആയി, മന്ത്രിയായി, ഇനി ഒരു സ്‌പീക്കർ ആയാൽ കൊള്ളാമെന്നുണ്ടോ

(നീണ്ട ചിരി) ആർക്കും എന്തും പറയാം. മലപ്പുറം ജില്ലയിൽ ലീഗ് വിട്ടുപോയ ഒരാൾ എം.എൽ.എയും മന്ത്രിയുമായതുതന്നെ ചരിത്രമാണ്. കേരളത്തിൽ തന്നെ അങ്ങനെ ഉണ്ടായിട്ടില്ല. നാലുതവണ ജയിച്ചു. നല്ല സ്ഥാനവും പരിഗണനയും സി.പി.എം. നൽകി.

? കുറ്റിപ്പുറത്തെ വിജയമാണോ ഏറ്റവും മധുരതരം

അതെ. അതിനടുത്തെത്താൻ ഒരു വിജയത്തിനുമാവില്ല. അത് ജനങ്ങൾ നടത്തിയ തിരഞ്ഞെടുപ്പാണ്. തിരഞ്ഞെടുപ്പ് ഫണ്ടുപോലും പിരിക്കേണ്ടിവന്നിട്ടില്ല.

? തവനൂർ-തിരുന്നാവായ പാലം യാഥാർഥ്യമാകുമോ

= തീർച്ചയായും. അതിനാവശ്യമായ സ്ഥലം എടുത്തു. എല്ലാ സന്നാഹങ്ങളോടുംകൂടി പണി തുടങ്ങാനിരുന്ന ദിനമാണ് മെട്രോ ശ്രീധരൻ കോടതിയിൽ പോയി പണി തടഞ്ഞത്. ആ സ്റ്റേ നീക്കിയിട്ടുണ്ട്. ഏതാനും ദിവസത്തിനകം സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

? ഉദ്ദേശിച്ച എല്ലാ കാര്യങ്ങളും പൂർത്തിയാക്കിയോ

എല്ലാം പൂർത്തിയായി. ചമ്രവട്ടം പദ്ധതിക്കായി 29 കോടിയുപയോഗിച്ച് സ്റ്റീൽ ഷീറ്റ് പൈപ്പിങ് മുകൾഭാഗവും താഴ്ഭാഗവും പൂർത്തിയാകുകയാണ്. കോൺക്രീറ്റ് ഇടൽ തുടങ്ങി. ഏപ്രിൽ മാസത്തോടെ ഒരുമീറ്റർ ഉയരത്തിൽ വെള്ളം നിർത്താൻ സാധിക്കുന്ന നിലയിലാകും.

? ചമ്രവട്ടം പദ്ധതിയിൽ ചോർച്ച മാറ്റുന്നതിന്റെ കാലതാമസത്തിൽ കുറ്റകരമായ അനാസ്ഥയുണ്ടായെന്ന് പി. നന്ദകുമാർ എം.എൽ.എ. ജില്ലാ വികസനസമിതിയിൽ ആരോപിച്ചല്ലോ

കുറ്റകരമായ അനാസ്ഥയെന്ന് പറഞ്ഞുകൂടാ. അഞ്ചുതവണ ടെൻഡർ മാറ്റിവെച്ചു. ഇത്രയും വലിയ സംവിധാനങ്ങളുള്ള കമ്പനികൾ ഇങ്ങിനെയൊരു ചെറിയ ജോലിക്ക് തയ്യാറാകില്ല. ടെൻഡർ എടുക്കാൻ ആളില്ലാതെ മാറ്റിവെക്കുമ്പോൾ ചുരുങ്ങിയത് ആറുമാസം വെറുതെ പോകും. റെഗുലേറ്റർ ചോർച്ചയടക്കലൊന്നും വ്യാപകമായി ഉണ്ടാകുന്നതല്ലല്ലോ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!