KSDLIVENEWS

Real news for everyone

റോഡരികിലെ കാര്‍ ഇടിച്ചു തകര്‍ത്തു, വെളിച്ചെണ്ണ മില്ലിന് തീയിട്ടു; താമരശ്ശേരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ യുവാവ്

SHARE THIS ON

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി വെളിമണ്ണയില്‍ മോഷ്ടിച്ച പിക്കപ്പ് വാനുമായി എത്തിയ യുവാവ് ഇന്ന് പുലര്‍ച്ചെ മണിക്കൂറുകളോളം സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം.

റോഡരികില്‍ നിര്‍ത്തിയിട്ട കാര്‍ ഇടിച്ചു തകര്‍ത്ത ശേഷം അടുത്തുള്ള വെളിച്ചെണ്ണ മില്ലിന് തീയിട്ടു. പരാക്രമം നടത്തിയ വെളിമണ്ണ സ്വദേശി അബ്ദുല്‍ റാസിഖിനെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വെളിച്ചെണ്ണ മില്ലില്‍ നേരത്തെ ജോലി ചെയ്തിരുന്ന ഇയാള്‍ രാസലഹരി ഉപയോഗിക്കുന്ന ആളാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

താമരശ്ശേരി ചുങ്കത്ത് നിന്നും പുലര്‍ച്ചെ ഒരു മണിയോടെയാണ് യുവാവ് പിക്കപ്പ് വാനുമായി കടന്നു കളഞ്ഞത്. നിര്‍ത്തിയിട്ട ആംബുലന്‍സ് ആദ്യം എടുക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ പിക്കപ്പ് വാന്‍ ഓടിച്ച്‌ വെളിമണ്ണയിലെത്തിയ യുവാവ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച്‌ കേടുപാടുകള്‍ വരുത്തി. പിന്നീട് തൊട്ടടുത്തുള്ള വെളിച്ചെണ്ണ മില്ലിന് തീയിടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് തീ കെടുത്തുന്നതിനിടെ ഇയാള്‍ രക്ഷപ്പെട്ടു.

വെളിമണ്ണയില്‍ പരാക്രമം നടത്തിയ യുവാവ് പിന്നീട് ഓമശ്ശേരി മാങ്ങാട്ടുള്ള പെട്രോള്‍ പമ്ബിലെത്തി. ടയറിന് കേടുപാടുകള്‍ സംഭവിച്ചത് കാരണം പിക്കപ്പ് വാന്‍ അവിടെ ഉപേക്ഷിച്ചു. നിര്‍ത്തിയിട്ട മറ്റൊരു വാഹനം എടുത്ത് കടന്നു കളയുകയായിരുന്നു. സിസിടിവി കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ പരിശോധനയിലാണ് പരാക്രമം നടത്തിയത് വെളിമണ്ണ സ്വദേശി അബ്ദുല്‍ റാസിഖാണെന്ന് തിരിച്ചറിഞ്ഞത്. പമ്ബില്‍ നിന്നും മോഷ്ടിച്ച വാഹനം ഇയാളുടെ വീടിന്റെ പോര്‍ച്ചില്‍ കണ്ടെത്തി. മൊബൈല്‍ ഫോണ്‍ താമരശ്ശേരി കുടുക്കില്‍ ഉമ്മരം എന്ന സ്ഥലത്തെ ഗ്യാസ് ഗോഡൗണിന് സമീപം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!