KSDLIVENEWS

Real news for everyone

സഞ്ജുവിന് പിൻഗാമി: റയാൻ പരാഗ് രാജസ്ഥാൻ റോയൽസിന്റെ പുതിയ നായകൻ

SHARE THIS ON

ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) പുതിയ സീസണിൽ രാജസ്ഥാൻ റോയൽസ് ഇറങ്ങുക പുതിയ നായകന്റെ കീഴിൽ. മലയാളി താരം സഞ്ജു സാംസണിന്റെ പിൻഗാമിയായി മധ്യനിര ബാറ്റ്‌സ്മാൻ റയാൻ പരാഗിനെ തിരഞ്ഞെടുത്തു. 2019 മുതൽ രാജസ്ഥാനൊപ്പമുണ്ട് പരാഗ്.

രാജസ്ഥാൻ റോയൽസിനെ ഏറ്റവും കൂടുതൽകാലം നയിച്ച സഞ്ജു സാംസൺ ഐപിഎൽ ലേലത്തിന് മുന്നോടിയായി ഒരു ട്രേഡ് ഡീലിലൂടെ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറിയിരുന്നു. കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിൽ പരാഗിന് 14 കോടി രൂപയ്ക്ക് രാജസ്ഥാൻ നിലനിർത്തിയിരുന്നു.ഇതുവരെ 84 ഐപിഎൽ മത്സരങ്ങൾ കളിച്ച അസം താരം 1566 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പരിക്കേറ്റ സഞ്ജുവിന്റെ അഭാവത്തിൽ പരാഗ് ആയിരുന്നു ടീമിനെ നയിച്ചിരുന്നത്. എട്ട് മത്സരങ്ങളിൽ പരാഗ് നേതൃത്വം നൽകിയെങ്കിലും രണ്ടെണ്ണത്തിൽ മാത്രമാണ് ടീം ജയിച്ചത്.

സഞ്ജുവിന് പകരം ചെന്നൈയിൽനിന്ന് രാജസ്ഥാനിലെത്തിയ രവീന്ദ്ര ജഡേജ, യശ്വസി ജയ്‌സ്വാൾ, സാം കറൻ എന്നിവരെ തള്ളിയാണ് രാജസ്ഥാൻ റോയൽസ് പരാഗിന് ക്യാപ്റ്റൻ സ്ഥാനം നൽകിയിരിക്കുന്നത്. ടീമിനെ നയിക്കാനുള്ള തന്റെ ആഗ്രഹം ജയ്‌സ്വാൾ മുൻപ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ ടീമുകളെ നയിച്ചതിനുള്ള വലിയ അനുഭവസമ്പത്തുള്ളയാളാണ് ഇംഗ്ലീഷ് ഓൾറൗണ്ടർ സാംകറൻ. ഐപിഎല്ലിൽ അദ്ദേഹം പഞ്ചാബ് കിംഗ്സിനെ നയിച്ചിട്ടുണ്ട്.

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ ഏഴാമത്തെ മുഴുവൻ സമയ ക്യാപ്റ്റനായിരിക്കും പരാഗ്.  ഷെയ്ൻ വോൺ, ഷെയ്ൻ വാട്‌സൺ, രാഹുൽ ദ്രാവിഡ്, അജിൻക്യ രഹാനെ, സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ എന്നിവരാണ് പരാഗിന്റെ മുൻഗാമികൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!