മുഖ്യമന്ത്രിയുമായി നടന്നത് സൗഹൃദ ചര്‍ച്ച: എല്ലാം പുറത്ത് പറയാന്‍ പറ്റില്ലല്ലോ; ഖലീല്‍ ബുഖാരി തങ്ങള്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം വിഭാഗം സമസ്ത സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങള്‍. മലപ്പുറത്തായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച സ്ഥിരമായി നടക്കുന്നതാണെന്നും എല്ലാ ഭരണകര്‍ത്താക്കളുമായി ചര്‍ച്ച നടക്കാറുണ്ടെന്നും ബുഖാരി തങ്ങള്‍ പറഞ്ഞു. സൗഹൃദ ചര്‍ച്ചകളെല്ലാം പുറത്ത് പറയാന്‍ പറ്റില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.
‘മകന്റെ കല്യാണസമയത്ത് മുഖ്യമന്ത്രി വന്നിട്ടുണ്ട്. എല്ലാ നോമ്പുതുറക്കും പോകാന്‍ ശ്രമിക്കാറുണ്ട്. സ്ഥിരമായ സൗഹൃദബന്ധം എല്ലാ ഭരണകര്‍ത്താക്കളുമായും ഞങ്ങള്‍ നടത്താറുണ്ട്. സൗഹൃദബന്ധമെന്നേ അതിന് പറയാന്‍ കഴിയുകയുള്ളൂ. സൗഹൃദ സംഭാഷണങ്ങളിലെ കാര്യങ്ങളെല്ലാം പുറത്ത് പറയാനാവില്ലല്ലോ’.ഖലീൽ ബുഖാരി തങ്ങൾ പ്രതികരിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സമസ്ത എപി വിഭാഗം ഇടതുപക്ഷത്തോടൊപ്പമുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനടക്കം കാന്തപുരം എ.പി അബൂബകര്‍ മുസ്‌ലിയാരോട് പറഞ്ഞ സാഹചര്യത്തിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായുള്ള ഖലീല്‍ ബുഖാരി തങ്ങളുടെ കൂടിക്കാഴ്ച. നേരത്തെ ഇടതുപക്ഷ സര്‍ക്കാരിന് അനുകൂലമായ സമീപനങ്ങള്‍ എ.പി വിഭാഗം സ്വീകരിച്ചിരുന്നെങ്കിലും സമീപകാലങ്ങളില്‍ മുസ്‌ലിം ലീഗുമായി കൂടുതല്‍ അടുക്കുകയും ലീഗ് നേതാക്കള്‍ കാന്തപുരത്തിന്റെ വേദികളില്‍ പങ്കെടുക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. ഇതിനിടെയാണ് ഖലീല്‍ ബുഖാരി തങ്ങള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.

