ബംഗ്ലദേശിൽ ഇനി താരിഖ് റഹ്മാൻ യുഗം: പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ധാക്ക: ബംഗ്ലദേശ് പ്രധാനമന്ത്രിയായി ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി ചെയർമാൻ താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച നാല് മണിയോടെയാണ് ബിഎൻപി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. റഹ്മാനെ കൂടാതെ 25 മന്ത്രിമാരും 24 സഹമന്ത്രിമാരും മന്ത്രിസഭയിലുണ്ട്. മന്ത്രിസഭയിൽ ആകെ 50 അംഗങ്ങളാണുള്ളത്. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരിൽ 17 പേർ ആദ്യമായിട്ടാണ് മന്ത്രിമാരാകുന്നത്. യുവാക്കൾക്കു ക്യാബിനറ്റിലും അർഹമായ പ്രാതിനിധ്യം ലഭിച്ചു.
നേരത്തേ പാർലമെന്ററി നേതാവായി താരിഖ് റഹ്മാനെ ബിഎൻപി തിരഞ്ഞെടുത്തിരുന്നു. ബംഗ്ലദേശ് പാർലമെന്റിലെ 297 സീറ്റുകളിൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി അധികാരം നേടിയത്. ഫെബ്രുവരി 12നാണ് ബംഗ്ലദേശിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്. സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർല പങ്കെടുത്തു. ഇന്ന് രാവിലെയാണ് ഓം ബിർല ധാക്കയിലെത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും ഒപ്പമുണ്ടായിരുന്നു. പൊതുതിരഞ്ഞെടുപ്പിനു പിന്നാലെ ഇടക്കാല സർക്കാരിന് നേതൃത്വം നൽകിയ മുഹമ്മദ് യൂനുസ് തിങ്കളാഴ്ച രാജിവച്ചിരുന്നു.

