KSDLIVENEWS

Real news for everyone

അധികാരമാറ്റത്തിന് തീരുമാനമായി: സിദ്ധരാമയ്യ വെളിപ്പെടുത്തും; ഡി.കെ. ശിവകുമാർ

SHARE THIS ON

ബെംഗളൂരു: കർണാടകത്തിലെ അധികാരമാറ്റം സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോൺഗ്രസ് ദേശീയ നേതൃത്വവും മുഖ്യമന്ത്രി സിദ്ധരാമയ്യയും താനും നടത്തിയ ചർച്ചകളിൽ തീരുമാനമെടുത്തിട്ടുണ്ട്. സമയമാകുമ്പോൾ സിദ്ധരാമയ്യതന്നെ വെളിപ്പെടുത്തുമെന്നും ശിവകുമാർ പറഞ്ഞു. സിദ്ധരാമയ്യപക്ഷ എം.എൽ.എ.മാരിൽ ചിലർ ഒരുമിച്ച്‌ വിദേശയാത്രനടത്തുന്നത് അധികാരമാറ്റവുമായി ബന്ധപ്പെട്ടാണെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ശിവകുമാറിന്റെ വെളിപ്പെടുത്തൽ.

സംസ്ഥാനത്ത് അധികാരമാറ്റം ഉടനുണ്ടാകില്ലെന്ന് സിദ്ധരാമയ്യപക്ഷം വാദിക്കുന്നതിനിടെയാണ് മാറ്റമുണ്ടാകുമെന്ന വ്യക്തമായ സൂചന നൽകുന്ന വിധത്തിൽ ശിവകുമാറിന്റെ പ്രതികരണം. ഇതേസമയം, എം.എൽ.എ.മാരുടെ യാത്രയിലുണ്ടാകുമെന്ന് പറയപ്പെട്ടിരുന്ന മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ. വെങ്കിടേശ് അതിൽനിന്ന് പിൻമാറി. താൻ വിദേശത്തേക്ക് പോകുന്നില്ലെന്നും യാത്രയിൽ ഉൾപ്പെട്ടവർ സ്വന്തം പണം ഉപയോഗിച്ചാണ് പോകുന്നതെന്നും വെങ്കിടേശ് പറഞ്ഞു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് യാത്ര ക്രമീകരിച്ചതെന്നായിരുന്നു മുൻപ് പറഞ്ഞിരുന്നത്.

യാത്രയെക്കുറിച്ച് അറിയില്ലെന്ന് ശിവകുമാർ പ്രതികരിച്ചു. ആരെങ്കിലും സ്പോൺസർചെയ്ത യാത്രയാണോ, എം.എൽ.എ.മാർ സ്വന്തമായി പോകുന്നതാണോയെന്ന് തനിക്ക് അറിയില്ല. പാർട്ടി സംസ്ഥാനാധ്യക്ഷൻ എന്നനിലയിൽ തനിക്ക് ഇങ്ങനെയൊരു യാത്രയെക്കുറിച്ച് അറിയിപ്പുലഭിച്ചിട്ടില്ലെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

യാത്ര വലിയ ചർച്ചയായതോടെയാണ് മന്ത്രി ഇതിൽനിന്ന് പിൻമാറിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ കർണാടകത്തിലും അധികാരമാറ്റത്തിന് സാധ്യതയുണ്ട്. സർക്കാരിന്റെ അവസാന ഒരുവർഷം ശിവകുമാറിനായി ഒഴിയാമെന്ന് സിദ്ധരാമയ്യ സമ്മതിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഒരു വർഷംകൊണ്ട് തുടർഭരണം ഉറപ്പിക്കാൻ എളുപ്പമല്ലെന്നും അതിനാൽ അധികാരമാറ്റം ഉടൻ വേണമെന്നുമാണ് ശിവകുമാറിന്റെ ആവശ്യം. അതിനാൽ സിദ്ധരാമയ്യ സർക്കാർ മൂന്നുവർഷം പൂർത്തിയാക്കുന്ന മേയിൽ അധികാര മാറ്റത്തിന് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!