KSDLIVENEWS

Real news for everyone

ബേക്കൽ സ്വദേശിയായ പ്രവാസി ബുക്ക്‌ ചെയ്തത് 11.21 ലക്ഷത്തിന്‍റെ മാരുതി കാര്‍: പക്ഷേ വണ്ടി കിട്ടിയില്ല; 29 ലക്ഷം നഷ്ടപരിഹാരം നല്‍കാൻ കണ്‍സ്യൂമര്‍ കോടതി വിധി

SHARE THIS ON

കാസർകോട്: ബുക്ക്‌ ചെയ്ത കാർ ലഭിച്ചില്ലെന്ന പ്രവാസിയുടെ പരാതിയില്‍ കോടതി പിഴയായി വിധിച്ചത് കാറിന്റെ മൂന്നിരട്ടിയോളം വില.

ബുക്ക് ചെയ്ത പുത്തൻ കാർ ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് പ്രവാസിയായ ബേക്കല്‍ ഹദ്ദാദിലെ ഹംസ കുന്നിനിലാണ് ഉപഭോക്തൃ കോടതി അനുകൂല വിധി പുറപ്പെടുവിച്ചത്. കാർ ലഭിക്കാതിരുന്നതിനെ തുടർന്ന് 29,10,173 രൂപ നഷ്ടപരിഹാരം നല്‍കാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനും കേരള സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനും ഉത്തരവിടുകയായിരുന്നു.

കാസർക്കോട്ടെ ഷോറൂമില്‍ നിന്നും 11.21 ലക്ഷം രൂപ നല്‍കിയാണ് ഹംസ കാർ ബുക്ക് ചെയ്തത്. 2016-ല്‍ പുറത്തിറങ്ങിയ മാരുതിയുടെ കാറാണ് ഹംസ ബുക്ക് ചെയ്തത്. കാഞ്ഞങ്ങാട്ടെ ഷോറും വഴിയാണ് ബുക്കിംഗ് നടത്തിയത്. ബുക്കിംഗിന് പിന്നാലെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കാർ ലഭിക്കാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ കാർ കൊണ്ടുവരുന്ന വഴിയില്‍ അപകടത്തില്‍പ്പെട്ടുവെന്നായിരുന്നു മറുപടി. പകരം പുതിയ കാർ ലഭിക്കുന്നതു വരെ 2 ശതമാനം പലിശ നല്‍കാമെന്ന ഓഫർ നല്‍കിയെങ്കിലും ഹംസ അതിന് സമ്മതിച്ചില്ല. കാർ വാങ്ങുന്നതിനായി ഗള്‍ഫില്‍ നിന്ന് പ്രത്യേകമായി നാട്ടിലെത്തിയതായും ഹംസ വ്യക്തമാക്കിയിരുന്നു. പിന്നാലെ ഹംസ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചു.

നഷ്ടപരിഹാരം നല്‍കാൻ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടെങ്കിലും, വിധിക്കെതിരെ എതിർ കക്ഷികള്‍ സംസ്ഥാന കമ്മീഷനെ സമീപിച്ചു. എന്നാല്‍ സംസ്ഥാന കമ്മീഷൻ വിധി ശരിവെക്കുകയായിരുന്നു. ഒമ്പത് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഹംസയ്ക്ക് അനുകൂലമായ അന്തിമവിധി ഉണ്ടായത്. കോടതി ഉത്തരവ് പ്രകാരം 1 മുതല്‍ 3 വരെയുള്ള കക്ഷികള്‍ സംയുക്തമായും വ്യക്തിപരമായും ഹംസയ്ക്ക്: 11,19,710 രൂപയും (കാർ തുക) 14 ശതമാനം വാർഷിക പലിശയോടെ 14-12-2016 മുതല്‍ തിരികെ നല്‍കണം. 3,00,000 രൂപ നഷ്ടപരിഹാരം വിവിധ തലങ്ങളില്‍ നല്‍കണം. 5,000 രൂപ കോടതിചെലവായും നല്‍കണം.

30 ദിവസത്തിനകം തുക നല്‍കാത്ത പക്ഷം കണ്‍സ്യൂമർ ആക്‌ട് ( Consumer Protection Act, 1986) പ്രകാരം ഉത്തരവ് നടപ്പാക്കാനുള്ള അവകാശം പരാതിക്കാരന് ഉണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. നഷ്ടപരിഹാരത്തുകയില്‍ 25 ലക്ഷം രൂപ ഇതിനകം ഹംസയുടെ ബാങ്ക് അക്കൗണ്ടില്‍ ലഭിച്ചു കഴിഞ്ഞു. ബാക്കി തുക കോടതി നിശ്ചയിച്ചിരിക്കുന്ന അടുത്ത തീയതിയില്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അഡ്വ. ഷുക്കൂർ ആണ് ഹംസയ്ക്ക് വേണ്ടി ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!