KSDLIVENEWS

Real news for everyone

ഹോർമുസ് കടന്ന് ഇന്ത്യൻ കപ്പൽ, വഹിക്കുന്നത് 45,000 ടൺ എൽപിജി; നിർണായക നീക്കം

SHARE THIS ON

ന്യൂഡൽഹി: ഇന്ത്യൻ ജീവനക്കാരുൾപ്പെട്ട ഒരു ടാങ്കർ കൂടി ഹോർമുസ് കടലിടുക്ക് കടന്നു. എൽപിജി സൂപ്പർടാങ്കർ ‘സർവ്വ് ശക്തി’യാണ് ശനിയാഴ്ച ഹോർമുസ് കടന്നത്. 45,000 ടൺ എൽപിജി വഹിച്ചുകൊണ്ടാണ് കപ്പലിന്റെ യാത്ര. ഹോർമുസ് കടലിടുക്ക് വഴിയുള്ള ഗതാഗതത്തിൽ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് കപ്പലിന്റെ സഞ്ചാരമെന്നതാണ് ശ്രദ്ധേയം. ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണിത്.

മറൈൻ ട്രാഫിക് ഡോട്ട്കോമിൽനിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് മാർച്ച് മൂന്നിന് യുഎഇയിൽനിന്ന് പുറപ്പെട്ട കപ്പൽ, പശ്ചിമേഷ്യൻ യുദ്ധം പൊട്ടിപ്പുറപ്പെട്ടതുമുതൽ പേർഷ്യൻ ഉൾക്കടലിലായിരുന്നു. ഇറാനും ഒമാന്റെ മുസന്ദം ഉപദ്വീപിനും ഇടയിലുള്ള തന്ത്രപ്രധാനമായ ഭാഗം പിന്നിട്ട് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് കപ്പലിലെ ചരക്ക് വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, കമ്പനി ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ഇതിനോടകം ഒട്ടേറെ കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നിട്ടുണ്ടെങ്കിലും അമേരിക്ക ഇറാനെതിരേ നടപടി കടുപ്പിച്ചതിന് ശേഷം ഹോർമുസ് കടക്കുന്ന കപ്പലെന്നതാണ് സർവ്വ് ശക്തിയെ വ്യത്യസ്തമാക്കുന്നത്. ഏപ്രിൽ 13-ന് അമേരിക്ക ഈ കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയ ശേഷം ഹോർമുസ് കടലിടുക്ക് കടക്കുന്ന ആദ്യത്തെ ഇന്ത്യൻ കപ്പലാണ് ഇത്. യുഎസ്-ഇറാൻ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയത്.

നിലവിലെ സാഹചര്യത്തിൽ ഒട്ടുമിക്ക കപ്പലുകളും ഹോർമുസ് കടലിടുക്കിലൂടെയുള്ള സഞ്ചാരം ഒഴിവാക്കുന്ന സമയത്താണ് സർവ്വ് ശക്തി കടലിടുക്ക് കടന്നത്. തുടർച്ചയായ ഉപരോധങ്ങളും മറ്റ് അനിശ്ചിതത്വങ്ങളും ഹോർമുസിലൂടെയുള്ള ഗതാഗതത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. സൈനിക ഭീഷണികളടക്കം ഉയർന്നതോടെ പല കപ്പലുകളും യാത്രയിൽനിന്ന് പിന്തിരിയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

പശ്ചിമേഷ്യൻ സംഘർഷം കനത്തതോടെ ഇന്ത്യ വൻ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരും രണ്ടാമത്തെ വലിയ എൽപിജി ഉപഭോക്താക്കളും എന്ന നിലയിൽ പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തുണ്ടാക്കിയ ആശങ്ക ചെറുതായിരുന്നില്ല. ഇത് മറികടക്കാനും എൽപിജി കപ്പലുകൾ തടസ്സമില്ലാതെ എത്തുന്നുവെന്ന് ഉറപ്പാക്കാനും ഇന്ത്യ ശക്തമായ നടപടികൾ സ്വീകരിച്ചുവന്നിരുന്നു. രാജ്യത്തെ തുറമുഖങ്ങളിൽ എൽപിജി ടാങ്കറുകൾക്ക് മുൻഗണന നൽകാനും തുറമുഖങ്ങളിലെ തിരക്ക് കുറക്കാനും സർക്കാർ നിർദ്ദേശം നൽകിയിരുന്നു.

കടലിടുക്കിൽ പ്രവേശിച്ച ഇന്ത്യൻ കപ്പലിന് നേരെ വെടിയുതിർക്കുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഈ ഘട്ടത്തിലും ഇന്ത്യയുമായി ബന്ധമുള്ള ‘ദേശ് ഗരിമ’ എന്ന ക്രൂഡ് ഓയിൽ ടാങ്കറിന് ട്രാൻസ്പോണ്ടർ ഓഫാക്കി രഹസ്യമായി കടന്നുപോകാൻ കഴിഞ്ഞിരുന്നു. ടെഹ്‌റാനുമായി നേരിട്ടുള്ള ചർച്ചകളിലൂടെ എട്ട് എൽപിജി കാരിയറുകളെ കടത്തിവിടാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. അതിന് പിന്നാലെയാണ് മറ്റൊരു കപ്പൽ കൂടി കടലിടുക്ക് കടന്നിരിക്കുന്നത്.

error: Content is protected !!