KSDLIVENEWS

Real news for everyone

ചോറുള്ള പള്ളി: ദുബായിൽ വിശപ്പിന്റെ വിളിപ്പുറത്ത് മലയാളി യുവാക്കൾ; പ്രവാസ ലോകത്തെ ബിരിയാണി റൂട്ട് വൈറൽ

SHARE THIS ON

ദുബായ്: ‘നോമ്പുതുറ ബിരിയാണി കഴിക്കാനും കൊണ്ടുപോകാനും എപ്പോൾ പോയാലും ലഭ്യമാകുന്ന ഒരു സ്ഥലമുണ്ട്. അൽഖൂസിൽ നിന്ന് വരുമ്പോൾ കിട്ടുന്ന പാലമുണ്ടല്ലോ, ബിസിനസ് ബേയിൽ കൂടി പോകുന്ന വലിയത്. അതിലൂടെ നേരെ വന്ന് ഊദ് മേത്ത ഡയറക്‌ഷനിലേയ്ക്ക് ഇറങ്ങുമ്പോൾ സാബീലിലേക്കുള്ള സിഗ്നൽ കടന്നുപോയി ആദ്യ റൗണ്ട് എബൗട്ടിൽ നിന്നും രണ്ടാമത്തെ റൗണ്ടെബൗട്ടിൽ നിന്നും ലെഫ്റ്റ് എടുത്തു കഴിഞ്ഞാൽ ഇടതുഭാഗത്ത് രണ്ട് പള്ളികൾ കാണാം. അവിടെ ചെന്നാൽ ബിരിയാണി കഴിക്കുകയും ചെയ്യാം, ഒന്നോ രണ്ടോ പൊതി മുത്താഴത്തിനും അത്താഴത്തിനുമായി കൊണ്ടുപോകാനും തരും’—കഴിഞ്ഞ ദിവസം ദുബായിലെ ഒരു വാട്സാപ് കൂട്ടായ്മയിൽ ഉയർന്ന ശബ്ദരേഖയാണിത്. കേൾക്കുമ്പോൾ അല്പം കൗതുകം തോന്നാമെങ്കിലും, ഇതിന് പിന്നിൽ ആയിരക്കണക്കിന് സാധാരണക്കാരായ പ്രവാസികളുടെ വിശപ്പടക്കാനുള്ള വലിയൊരു വഴിയുണ്ട്.

രണ്ട് വർഷം മുൻപ് ദുബായിലെ കുറച്ച് മലയാളി യുവാക്കൾ ചേർന്ന് രൂപീകരിച്ച ‘ചോറുള്ള പള്ളി’ എന്ന വാട്സാപ് കൂട്ടായ്മയിലാണ് ഇത്തരം അറിയിപ്പുകളും മാർഗനിർദേശങ്ങളും ശബ്ദ സന്ദേശമായും കുറിപ്പുകളായും ലൊക്കേഷൻ മാപ്പുകളായും പ്രത്യക്ഷപ്പെടുന്നത്. ലിങ്ക് വഴി ഈ വാട്സാപ് കൂട്ടായ്മയിൽ ആർക്കും അംഗങ്ങളാകാം.

യുഎഇയിലെ പള്ളികളിൽ ഒരുക്കുന്ന സൗജന്യ സമൂഹ നോമ്പുതുറകൾ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന ബാച്‌ലർമാർക്കും സന്ദർശക വീസയിൽ എത്തി ജോലി അന്വേഷിച്ച് നടക്കുന്നവർക്കും വലിയ ആശ്വാസമാണ്. മതത്തിന്റെയോ നോമ്പു നോക്കിയ ആളാണോ, അല്ലെയോ എന്ന വേർതിരിവുകളൊന്നിമില്ലാതെ ആർക്കും പങ്കെടുക്കാം. എന്നാൽ, പലപ്പോഴും ചില പള്ളികളിലെ തിരക്ക് കാരണം ഭക്ഷണം തികയാതെ വരികയും ഒട്ടേറെ പേർ നിരാശയോടെ മടങ്ങിപ്പോകേണ്ടി വരികയും ചെയ്യുന്ന കാഴ്ച പതിവാണ്. കൃത്യമായ വിവരം ലഭിക്കാത്തതാണ് ഇതിന് പ്രധാന തടസ്സം. ഈ പ്രതിസന്ധിക്ക് പരിഹാരവുമായാണ് ‘ചോറുള്ള പള്ളി’ എന്ന പേരിൽ മലയാളികൾ വാട്സാപ് കൂട്ടായ്മ വഴി കൈകോർക്കുന്നത്. ഇതിനകം നൂറുകണക്കിന് പേരാണ് ഈ കൂട്ടായമയിൽ അംഗമായിട്ടുള്ളത്. അവരെല്ലാം റമസാനിലെ മിക്ക ദിവസങ്ങളിലും സൗജന്യ നോമ്പുതുറയുടെ ഗുണഭോക്താക്കളാകുന്നു.

∙ കൗതുകത്തിന് തുടങ്ങിയ വാട്സാപ് ഗ്രൂപ്പ് ഇന്ന് ആയിരങ്ങൾക്ക് ഗുണകരം
കോഴിക്കോട്ടെ കുറച്ച് സുഹൃത്തുക്കൾ ചേർന്ന് നാല് വർഷം മുൻപ് ഒരു കൌതുകത്തിന് തുടങ്ങിയ ഗ്രൂപ്പാണ് ഇന്ന് യുഎഇയിലും പടർന്നു പന്തലിച്ചിരിക്കുന്നത്. അന്ന് സുഹൃത്തുക്കളായ ഫസീഹ്, അഖിൽ, ആകാശ്, സുഹൈൽ, ഹസീബ്, അനസ് തുടങ്ങിയവർ ഒന്നിച്ചിരുന്നപ്പോൾ തോന്നിയ ഐഡിയ. ‘ചോറുള്ള പള്ളി’ക്ക് വൻ വരവേൽപാണ് അന്നേ ലഭിച്ചത്. കോഴിക്കോട്ടെ ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന വിദ്യാർഥികൾക്കും മറ്റും ഇതു വലിയ ഉപകാരമായി. റമസാനിലെ നോമ്പുതുറയിലുപരി അത്താഴമായിരുന്നു മിക്കവരുടെയും പ്രശ്നം. അവർക്ക് അത്താഴം ലഭിക്കുന്ന റസ്റ്ററന്റുകളെക്കുറിച്ച് ‘ചോറുള്ള പള്ളി’ യിലൂടെ വിവരം കൈമാറാൻ സാധിച്ചുവെന്ന് അഡ്മിനുകളിലൊരാളായ ഫസീഹ് മനോരമ ഓൺലൈനിനോട് പറഞ്ഞു. പിന്നീടത്, ചെന്നൈ, ബെംഗളൂരു പോലുള്ള നഗരങ്ങളിലേക്കും വ്യാപിച്ചു.

തുടർന്നുള്ള വർഷം ഫസീഹും കൂട്ടുകാരും ജീവിത വഴിതേടി ഗൾഫിലെത്തിയപ്പോഴും എല്ലാ റമസാനും ഗ്രൂപ്പ് പരിപാലിച്ചുകൊണ്ടിരുന്നു. ഒമാനിൽ ജോലി ചെയ്ത ഫസീഹ് യുഎഇയിലെത്തി, 2023ലാണ് ഇവിടെ ഗ്രൂപ്പ് സജീവമാക്കിയത്. നാട്ടിലേതിനേക്കാൾ ‘ചോറുള്ള പള്ളി’യെക്കുറിച്ചുള്ള ആവശ്യം ഇവിടെയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ഗ്രൂപ്പിന് ലോഗോ ഒക്കെ ഉണ്ടാക്കി ആരംഭിക്കുകയായിരുന്നു. അദ്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് പിന്നീടുണ്ടായത്. ഈ വർഷം അത് കൂടുതൽ സജീവമായി. ഇപ്പോൾ മൂന്ന് ഗ്രൂപ്പുകളുണ്ട്. അതിൽ ആദ്യത്തേതിൽ മാത്രമേ ഫസീഹും കൂട്ടുകാരും അഡ്മിനുകളായുള്ളൂ. മൂന്ന് ഗ്രൂപ്പിലും അനാവശ്യ കാര്യങ്ങൾ പോസ്റ്റു ചെയ്യുന്നത് ഒഴിവാക്കുന്നതടക്കമുള്ള കർശന നിബന്ധന പാലിക്കുന്നു-ദുബായ് ഡിഐപിയിലെ സ്വകാര്യ കമ്പനിയിൽ പർചേസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന ഫസീഹ് പറഞ്ഞു. ഗ്രൂപ്പിൽ ലിങ്ക് വഴിയാണ് ചേരനാകുക.

∙ ഇനി നോമ്പുതുറ അനായാസം; ഇഫ്താർ ഇൻ യുഎഇ റെഡി
വാട്സാപ് ഗ്രൂപ്പുകൾക്ക് പുറമെ, പ്രവാസികൾക്ക് ഇത്തവണ ഡിജിറ്റൽ കരുത്തുമായി ഒരു വെബ്‌സൈറ്റും രംഗത്തുണ്ട്. https://iftarinuae.com എന്ന പോർട്ടലിലൂടെ യുഎഇയിലെ വിവിധ എമിറേറ്റുകളിലുള്ള ഇഫ്താർ ടെന്റുകളെയും പള്ളികളെയും കുറിച്ചുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാകും.

• എളുപ്പത്തിൽ കണ്ടെത്താം
ഓരോ ഏരിയയിലുമുള്ള ഇഫ്താർ കേന്ദ്രങ്ങൾ കൃത്യമായി ഈ വെബ് സൈറ്റിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. നോമ്പനുഷ്ഠിക്കുന്നവർക്ക് തന്നെ പുതിയ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സൈറ്റിൽ ചേർക്കാം എന്നതിനാൽ വിവരങ്ങൾ എപ്പോഴും അപ്ഡേറ്റഡായിരിക്കും. തൊഴിലാളിളടക്കമുള്ള സാധാരണക്കാർക്ക് ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് ഇതിന്റെ ക്രമീകരണം.

അടുത്തുള്ള പള്ളികളിലെ തിരക്ക് ഭയന്ന് മാറിനിൽക്കാതെ വാഹന സൗകര്യമുള്ളവർക്ക് ദൂരെയുള്ള പള്ളികളിലെ ഇഫ്താർ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താൻ ഈ സംവിധാനം സഹായിക്കും. നന്മയുടെ ഈ റമസാൻ കാലത്ത് നിങ്ങൾ പങ്കുവയ്ക്കുന്ന ഒരു കുറിപ്പ് അല്ലെങ്കിൽ ഒരു വെബ്‌സൈറ്റ് ലിങ്ക് മറ്റൊരാളുടെ നോമ്പുതുറ സന്തുഷ്ടമാക്കാൻ കാരണമായേക്കാം. ഇതാണ് സൈറ്റ് മുന്നോട്ടുവയ്ക്കുന്ന പ്രധാന ആശയം.

അതിരുകളില്ലാത്ത സാഹോദര്യത്തിന്റെ രുചി
ദുബായിലെ പള്ളികളിലും ഇഫ്താർ ടെന്റുകളിലും നോമ്പുതുറയ്ക്ക് നൽകുന്ന വിഭവങ്ങൾ സാധാരണയായി ലളിതവും എന്നാൽ പോഷകസമൃദ്ധവുമാണ്.

കരുതലോടെയുള്ള വിതരണം
പള്ളികളിലെ തിരക്ക് കണക്കിലെടുത്ത് അസർ നമസ്കാരത്തിന് ശേഷം തന്നെ വൊളന്റിയർമാർ കിറ്റുകൾ തയാറാക്കി തുടങ്ങും. പല പള്ളികളിലും വരിയായി ഇരുന്നാണ് നോമ്പ് തുറക്കുന്നത്. ചിലയിടങ്ങളിൽ തിരക്ക് ഒഴിവാക്കാൻ ‘ടേക്ക് എവേ’ രീതിയിൽ ഭക്ഷണപ്പൊതികൾ നൽകി വിടാറുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!