കഞ്ഞങ്ങാട് മാവുങ്കാൽ പോളിക്ലിനിക്കിലെ ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറി; ജീവനക്കാർക്കെതിരെ കേസ്

കാഞ്ഞങ്ങാട്: ജോലിയുമായി ബന്ധപ്പെട്ടു ശാസിച്ച ഡോക്ടറുടെ പരിശോധനാമുറിയിൽ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. മാവുങ്കാൽ ഇസിഎച്ച്എസ് പോളിക്ലിനിക് ആശുപത്രിയിലെ ഡോ.ടി.കെ.ഷർമിനയുടെ പരാതിയിലാണു ജീവനക്കാരനായ ജയകൃഷ്ണൻ, ആശുപത്രി ലാബ് ടെക്നിഷ്യ അഞ്ജലി എന്നിവർക്കെതിരെ കേസെടുത്തത്.
ബുധനാഴ്ച രാവിലെയാണു സംഭവം. ഡോക്ടറുടെ മുറിയിലും മേശയിലും കസേരയിലും നായ്ക്കുരണപ്പൊടി വിതറിയ നിലയിലായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഡോക്ടർ ഹൊസ്ദുർഗ് പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ആരോഗ്യപ്രവർത്തകർക്കു നേരെയുള്ള അതിക്രമം തടയൽ നിയമപ്രകാരമാണ് കേസ്. ഇരുവരെയും ജോലിസംബന്ധമായി ഡോക്ടർ മുൻപു ശകാരിച്ചിരുന്നു. ഇതാണു പ്രതികാരത്തിനു കാരണമായതെന്നു പൊലീസ് പറയുന്നു.

