വഖഫ് ബോർഡ് പുനഃസംഘടനയിൽ കോംപ്രമൈസ്: സമസ്ത എപി വിഭാഗത്തിന് അംഗത്വം, കാന്തപുരത്തിന്റെ സമ്മർദത്തിന് വഴങ്ങി സർക്കാർ, പ്രതിഷേധ മാർച്ച് മാറ്റിവെച്ചു

കോഴിക്കോട്: വഖഫ് ബോർഡ് പുനഃസംഘടനാ തർക്കത്തിൽ കാന്തപുരത്തിന്റെ സമ്മർദത്തിന് വഴങ്ങി സർക്കാർ. ബോർഡിൽ സമസ്ത എപി വിഭാഗത്തിന് അംഗത്വം നൽകും. അനുനയത്തിനായി മന്ത്രി എൻ ഷംസുദ്ദീൻ കോഴിക്കോട് മർക്കസിൽ നേരിട്ടെത്തി. ഇതോടെ മറ്റന്നാൾ നടത്താനിരുന്ന മാർച്ച് കേരള മുസ്‍ലിം ജമാഅത്ത് മാറ്റിവച്ചു. വഖഫ് ബോർഡ് പുനഃസംഘടനയിൽ അവഗണിക്കപ്പെട്ടതോടെ സുന്നി എ.പി വിഭാഗം മുഖ്യമന്ത്രി വി ഡി സതീശനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആണ് സമ്മർദത്തിന് വഴങ്ങി എ.പി വിഭാഗത്തിന് ബോർഡിൽ അംഗത്വം നൽകാനുള്ള സർക്കാർ തീരുമാനം.
പുതിയ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ രാജിവെപ്പിച്ച് സുന്നി എ.പി വിഭാഗത്തിന് സ്ഥാനം നൽകാനാണ് തീരുമാനം. ഹജ്ജ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൊണ്ട് തൃപ്തിപ്പെടില്ലെന്ന് എ.പി വിഭാഗം കടുത്ത നിലപാട് അറിയിച്ചതോടെയാണ് ബോർഡ് അംഗത്വം തന്നെ നൽകാൻ സർക്കാർ തീരുമാനിച്ചത്. അതേസമയം, പ്രശ്നം പരിഹരിച്ചതോടെ കേരള മുസ്ലീം ജമാഅത്ത് മറ്റന്നാൾ നടത്തുമെന്ന് പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് മാറ്റി.
വഖഫ് ബോർഡ് അംഗത്വത്തിന് പുറമേ കൂടുതൽ പദവികൾ കാന്തപുരം വിഭാഗം ആവശ്യപ്പെടുന്നുണ്ട്. അതേസമയം, സർക്കാർ പദവികളിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നൽകിയിരുന്ന പരിഗണന സുന്നി ഇ.കെ വിഭാഗത്തിലെ മുസ്ലിം ലീഗ് വിരുദ്ധ ചേരിക്ക് ഇത്തവണ സർക്കാർ നൽകുന്നില്ല. ഇക്കാര്യത്തിൽ ലീഗിന്റെ കടുത്ത നിലപാട് കോൺഗ്രസിന് അംഗീകരിക്കേണ്ടി വരികയായിരുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

