വയറ്റിൽ കത്രിക കുടുങ്ങിയ ഉഷയുടെ ശസ്ത്രക്രിയ ശനിയാഴ്ച; തീരുമാനം മെഡിക്കല്‍ ബോര്‍ഡ് യോഗത്തിനുശേഷം

കൊച്ചി: വയറ്റില്‍ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ശനിയാഴ്ച. ഉഷയുടെ നില തൃപ്തികരമാണെന്ന് അമൃത ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെ 11 ഓടെയാണ് ഉഷയുടെ സിടി സ്കാൻ എടുത്തത്. കത്രിക സ്ഥാനം മനസിലാക്കാനായാണ് സിടി സ്കാൻ എടുത്തത്.
ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ അമൃതയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ ഡോക്ടർമാരുടെ മെഡിക്കല്‍ ബോർഡ് യോഗം ചേരും. ഇതിലാണ് ശനിയാഴ്ചത്തെ ശസ്ത്രക്രിയയെ കുറിച്ചുള്ള തീരുമാനം എടുക്കുക. ശസ്ത്രക്രിയയില്‍ ഏതൊക്കെ ഡോക്ടർമാർ പങ്കെടുക്കണം എന്ന് യോഗത്തില്‍ തീരുമാനിക്കും.
അമൃതയില്‍ അഡ്മിറ്റ് ചെയ്ത ഉഷയ്ക്ക് വേദന കുറയാനുള്ള മരുന്നാണ് നല്‍കിയിരിക്കുന്നത്. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് ഉഷയുടെ മകൻ ഷിബിനെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്.

