ലൈസൻസില്ലാത്ത മകളെ എംവിഡി പിടിച്ചു, ഉദ്യോഗസ്ഥരുടെ വാഹനത്തിന്റെ താക്കോല്‍ ഊരി അച്ഛൻ; നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ അറസ്റ്റ്

തിരുവല്ല: വാഹന പരിശോധനയ്ക്കിടെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ ഊരിയെടുക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ പിടിയിലായി.
പെരിങ്ങര സ്വദേശി പാണാറ ഹൗസില്‍ അജേഷ് പി എസ് (47) ആണ് പുളിക്കീഴ് പൊലീസിന്റെ പിടിയിലായത്. പത്തനംതിട്ട ജില്ലാ ആർടിഒ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ തിരുവല്ല സ്ക്വാഡ് പൊടിയാടി വൈക്കത്തില്ലം ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
പൊടിയാടി ഭാഗത്തുനിന്നും എത്തിയ സ്കൂട്ടർ പരിശോധിച്ചപ്പോള്‍ ഓടിച്ചിരുന്നത് 17 വയസുകാരിയാണെന്ന് കണ്ടെത്തി. ലൈസൻസോ മറ്റ് രേഖകളോ ഇല്ലാത്തതിനാല്‍ എംവിഐ ഷെമീർ, എഎംവിഐ ഷാജി ജോസഫ് എന്നിവരടങ്ങുന്ന സംഘം വാഹനം കസ്റ്റഡിയിലെടുത്തു. തുടർന്ന് രക്ഷിതാക്കളെ വിവരമറിയിക്കാൻ പെണ്‍കുട്ടിയോട് നിർദ്ദേശിച്ചു.
സ്ഥലത്തെത്തിയ പെണ്‍കുട്ടിയുടെ പിതാവായ അജേഷ് കസ്റ്റഡിയിലെടുത്ത സ്കൂട്ടർ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. ആദ്യം എഎംവിഐയുടെ കൈവശമിരുന്ന സ്കൂട്ടറിൃന്റെ താക്കോല്‍ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ, തന്റെ സ്കൂട്ടർ വിട്ടുതരാതെ മോട്ടോർ വാഹന വകുപ്പിന്റെ വണ്ടിയും വിടില്ല എന്ന് ഭീഷണി മുഴക്കി.
തുടർന്ന് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനമായ ടാറ്റാ നെക്സോണ്‍ ഇലക്ട്രിക് കാറിന്റെ ഡോർ ബലമായി തുറന്ന് ഉള്ളിലിരുന്ന താക്കോല്‍ ഊരിയെടുക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പുളിക്കീഴ് പൊലീസ് പ്രതിയെ ഉടൻ കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനടക്കം കേസെടുത്ത പൊലീസ് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. മോട്ടോർ വാഹന വകുപ്പിന്റെ വാഹനം പോലീസ് ഇടപെട്ട് വിട്ടുനല്‍കി.

