ദുബായിലേക്കും ഇറാന്റെ ആക്രമണ ശ്രമം, ആകാശത്ത് വെച്ച് മിസൈലുകൾ തകർത്തു; ഷാർജ വിമാനത്താവളം അടച്ചു

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ നിയന്ത്രണം ശക്തമാക്കുന്നു. ദുബായിലെയ്ക്കും ഇറാന്റെ ആക്രമണ ശ്രമം. ആകാശത്ത് വെച്ച് മിസൈലുകൾ തകർത്തു. ഷാർജ വിമാനത്താവളം അടച്ചു.
മിസൈല്‍ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായിലെ വിമാനത്താവളങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, ദുബായ് വേള്‍ഡ് സെന്‍ട്രല്‍ – അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലെയും വിമാന സര്‍വീസുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചിരിക്കുന്നത്.
ഇറാനില്‍ ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ സംയുക്ത ആക്രമണത്തെത്തുടര്‍ന്ന് മേഖലയിലെ ഉടലെടുത്ത സംഘര്‍ഷ ഭീതിയാണ് നടപടികള്‍ക്ക് പിന്നില്‍. ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഗള്‍ഫ് രാഷ്ട്രങ്ങളിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഇറാന് മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഇതോടെ മേഖലയിലെ മിക്ക രാഷ്ട്രങ്ങളും വ്യോമ പാത അടയ്ക്കുകയും ചെയ്തു. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചതെന്ന് ദുബായ് എയര്‍പോര്‍ട്ട് വക്താവ് അറിയിച്ചു.
സമാനമായ സാഹചര്യം അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുമുണ്ട്. ഇവിടെനിന്നുള്ള പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തേക്കാമെന്നും സൂചനയുണ്ട്. എമിറേറ്റ്സ്, ഫ്ലൈ ദുബായ്, എയര്‍ അറേബ്യ തുടങ്ങിയ പ്രമുഖ യു.എ.ഇ എയര്‍ലൈനുകള്‍ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.

