KSDLIVENEWS

Real news for everyone

ചര്‍ച്ചയുടേയും നയതന്ത്രത്തിന്റേയും പാത സ്വീകരിക്കണം: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷത്തില്‍ നിലപാട് വ്യക്തമാക്കി ഇന്ത്യ

SHARE THIS ON

ന്യൂഡല്‍ഹി: ഇറാനെതിരെ ഇസ്‌റാഈലും യു എസും സൈനിക നീക്കം ശക്തമാക്കിയതോടെ പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ഔദ്യോഗികമായി ആശങ്ക രേഖപ്പെടുത്തി ഇന്ത്യ.

ഇറാനിലും വിശാലമായ ഗള്‍ഫ് മേഖലയിലും അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എല്ലാ കക്ഷികളും അങ്ങേയറ്റം സംയമനം പാലിക്കണമെന്നും സംഘര്‍ഷം കൂടുതല്‍ വഷളാകുന്നത് ഒഴിവാക്കണമെന്നും വിദേശാകര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സിവിലിയന്‍മാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കണമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയുടെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്നും ഇന്ത്യ പ്രസ്താവനയില്‍ തുടര്‍ന്ന് പറയുന്നു. എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും പ്രാദേശിക അഖണ്ഡതയും മാനിക്കപ്പെടണമെന്നും പ്രസ്താവനയിലുണ്ട്.

ഗള്‍ഫ് മേഖലയില്‍ ഏകദേശം ഒരു കോടി ഇന്ത്യന്‍ പൗരന്മാര്‍ താമസിക്കുന്നുണ്ട്. അവരുടെ സുരക്ഷയ്ക്കായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മേഖലയിലെ ഇന്ത്യന്‍ എംബസികള്‍ പ്രവാസികളുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്.

ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും അതത് രാജ്യങ്ങളിലെ എംബസികളുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.വ്യോമപാതകള്‍ അടച്ചതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികള്‍ സര്‍വീസുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് പശ്ചിമേഷ്യയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനും അടിയന്തര നമ്പറുകള്‍ കൈവശം വെക്കാനും നിര്‍ദ്ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!