ജനകീയസമരം വിജയത്തിലേക്ക്; ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിലെ അടിപ്പാത മാറ്റിസ്ഥാപിക്കും

ചെറുവത്തൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെറുവത്തൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥാപിച്ച ഗുഹ പോലുള്ള അടിപ്പാത മാറ്റും. പകരം 7 മീറ്റർ വീതിയിലും 4 മീറ്റർ ഉയരത്തിലും സൗകര്യപ്രദമായ രീതിയിൽ പാത സ്ഥാപിക്കാൻ നടപടിയായി. ഇത് സംബന്ധിച്ച ഉത്തരവ് 15നുള്ളിൽ ദേശീയ പാത അതോറിറ്റി പുറത്തിറക്കും എന്നാണ് വിവരം. ഇതോടെ കഴിഞ്ഞ 115 ദിവസത്തോളമായി ചെറുവത്തൂരിൽ ജനകീയ കർമ സമിതിയുടെ നേതൃത്വത്തിൽ നടന്ന് വരുന്ന സമരം വിജയത്തിലേക്കെത്തും എന്ന് ഉറപ്പായി.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെറുവത്തൂർ– പടന്ന റോഡിൽ മേൽപാലം നിർമിക്കുന്നുണ്ട്. ഇതിന്റെ 200 മീറ്റർ അകലെയാണ് റെയിൽവേ സ്റ്റേഷൻ റോഡ്. ഇവിടെ താൽക്കാലികമായി ഗുഹ പോലുള്ള അടിപ്പാത സ്ഥാപിച്ച് ഇരുചക്ര വാഹനങ്ങൾ കടന്നുപോകുന്ന തരത്തിൽ അടിപ്പാത സ്ഥാപിച്ചിരുന്നു. ജനങ്ങൾക്ക് ദുരിതമായ രീതിയിൽ സ്ഥാപിച്ച ഈ പാത മാറ്റി സൗകര്യപ്രദമായ രീതിയിൽ പാത സ്ഥാപിക്കണം എന്നാവശ്യപ്പെട്ടാണ് കർമസമിതിയുടെ നേതൃത്വത്തിൽ ഇവിടെ സമരം തുടങ്ങിയത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ ചെറുവത്തൂരിലെ ജനങ്ങളുടെ കൂട്ടായ്മയുടെ പ്രവർത്തനമായിരുന്നു കർമ സമിതിയുടെത്.
ജനങ്ങൾ നടത്തിയ ഈ പോരാട്ടത്തിന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണയും ലഭിച്ചു. സമരം മൂലം ചെറുവത്തൂർ മേഖലയിലെ ദേശീയപാതയുടെ പ്രവൃത്തിയും നിലച്ചു. ഇതിനിടയിൽ കർമസമിതി നടത്തിയ ഇടപെടൽ വഴി എല്ലാവിധ സ്വാധീനവും ഉപയോഗിച്ച് നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇപ്പോൾ നിലവിലുള്ള പാത മാറ്റി സൗകര്യപ്രദമായ പാത സ്ഥാപിക്കാം എന്ന ഉറപ്പ് ദേശീയപാത അധികൃതരിൽ നിന്ന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് 15നുള്ളിൽ പുറത്തിറങ്ങും എന്നാണ് അറിയുന്നത്.

