ഗണേഷിനെ അറസ്റ്റ് ചെയ്യാൻ എപ്പോഴാണ് പൊലീസിനെ അയയ്ക്കുന്നത്? കിട്ടുന്നത് ഉമ്മൻ ചാണ്ടിയെ വേദനിപ്പിച്ചതിനു കൂലി; രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: മന്ത്രി കെ.ബി. ഗണേഷ് കുമാർ സ്ഥിരം കുറ്റവാളിയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അന്തരിച്ച ഉമ്മൻ ചാണ്ടിയുടെ മനസ്സ് വേദനിപ്പിച്ചതിനുള്ള കൂലിയാണ് ഗണേഷ് കുമാറിന് കിട്ടിക്കൊണ്ടിരിക്കുന്നതെന്നും മാങ്കൂട്ടത്തിൽ ആരോപിച്ചു. ഗണേഷ് കുമാറിനെതിരെ ആരോപണവുമായി ഭാര്യ ബിന്ദു മേനോൻ രംഗത്തു വന്ന വിഷയത്തിൽ എറണാകുളത്ത് പ്രതികരിക്കുകയായിരുന്നു പാലക്കാട് എംഎൽഎ.
‘‘തന്നെക്കുറിച്ച് ആരോപണം ഉന്നയിക്കാൻ എനിക്ക് യോഗ്യതയില്ല എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. എന്നാൽ ഗണേഷ് കുമാറിനെക്കുറിച്ച് പറയാൻ ഏറ്റവും യോഗ്യതയുള്ളത് ഞങ്ങളുടെ നേതാവായ ആർ.ബാലകൃഷ്ണ പിള്ളയ്ക്കാണ്. അദ്ദേഹം ഒരിക്കൽ പറഞ്ഞത്, എനിക്ക് എന്റെ ഭാര്യയെ സംശയമില്ലാത്തതുകൊണ്ടു മാത്രം ഗണേഷ് കുമാർ എന്റെ മകനാണെന്ന് ഞാൻ വിശ്വസിക്കുന്നു എന്നാണ്’’, മാങ്കൂട്ടത്തിൽ പരിഹസിച്ചു. ബലാത്സംഗ കേസിൽ തന്നെ പാലക്കാട് ഹോട്ടല്‍ വളഞ്ഞ് എസ്ഐടി കസ്റ്റഡിയിലെടുത്ത കാര്യവും മാങ്കൂട്ടത്തിൽ പരാമർശിച്ചു. ‘‘ഊരും പേരുമില്ലാത്ത, ആരുടേതെന്നു പോലും അറിയാത്ത ഇ മെയലിൽ വന്ന പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐടി രൂപീകരിച്ച്, ഒരു ഹോട്ടല്‍ വളഞ്ഞ് ജനപ്രതിനിധിയെ അറസ്റ്റ് ചെയ്യാൻ താൽപ്പര്യപ്പെടുന്ന കേരള പൊലീസിന് നേതൃത്വം കൊടുക്കുന്ന പിണറായി വിജയൻ, ഗണേഷ് കുമാറിനെ അറസ്റ്റു ചെയ്യാൻ എപ്പോഴാണ് പൊലീസിനെ അയയ്ക്കുന്നത്?’’, മാങ്കൂട്ടത്തിൽ ചോദിച്ചു.
ഗണേഷ് കുമാർ നിരന്തരമായി ആരോപണങ്ങൾ കേൾക്കേണ്ടി വരുന്ന, സ്ഥിരം കുറ്റവാളിയാണെന്നും അദ്ദേഹത്തിനെതിരെ ഭാര്യ ഗുരുതരമായ ആരോപണം ഉന്നയിക്കുകയും 112ലേക്ക് വിളിക്കുകയും ചെയ്തിട്ട് ആ പരാതിക്ക് എന്തു പരിഹാരമുണ്ടായെന്നു മുഖ്യമന്ത്രി പറയണമെന്നും മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. തന്റെ ഫോൺ ഗണേഷ് കുമാർ ചോർത്തിക്കൊണ്ടിരിക്കുന്നുവെന്നും ഭാര്യ പരാതി പറഞ്ഞിട്ടുണ്ട്. അധികാര ദുർവിനിയോഗമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിന്റെ പ്രണയത്തിൽ ഇടപെടുന്നില്ലെന്നും എന്നാൽ അവിടെയൊരു ഗുരുതരമായ നിയമവിരുദ്ധ പ്രവൃത്തി ഉണ്ടായിട്ടുണ്ടോ എന്നു ഗണേഷ് കുമാർ പറയണമെന്നും മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു. എല്ലാവരും വിശ്വാസത്തോടെ കാണുന്ന ഒരു ബിംബത്തെ താൻ ചൂഷണം ചെയ്തിട്ടുണ്ടോയെന്നു ഗണേഷ് കുമാർ വ്യക്തമാക്കണം. തന്നെ മന്ത്രിയുടെ സ്റ്റാഫുകൾ കൈയ്യേറ്റം ചെയ്തു എന്ന ഭാര്യയുടെ ആരോപണത്തിൽ എന്തു നടപടിയാണ് എടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

