പേമാരിപോലെ ഇറാൻ മിസൈലുകൾ: പതറാതെ യുഎഇ; ലോകനേതാക്കളുടെ അടിയന്തര യോഗത്തിൽ കരുത്തുറ്റ നിലപാടുമായി ഷെയ്ഖ് സെയ്ഫ്

അബുദാബി: ഗൾഫ് മേഖലയെയും അയൽരാജ്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഇറാന്റെ നഗ്നമായ കടന്നുകയറ്റത്തിൽ ലോകരാജ്യങ്ങളുടെ അടിയന്തര ഇടപെടൽ തേടി യുഎഇ. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി), യൂറോപ്യൻ യൂണിയൻ (ഇയു) എന്നിവയുൾപ്പെടെയുള്ള പ്രമുഖ രാജ്യങ്ങളിലെ നേതാക്കൾ പങ്കെടുത്ത അസാധാരണ വിഡിയോ കോൺഫറൻസിലാണ് യുഎഇ തങ്ങളുടെ കർക്കശമായ നിലപാട് വ്യക്തമാക്കിയത്.
യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ യോഗത്തിൽ യുഎഇയെ പ്രതിനിധീകരിച്ചു. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ യുഎഇയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ലോകനേതാക്കളോട് അദ്ദേഹം നന്ദി അറിയിച്ചു.
∙ 1700 മിസൈലുകളെ പ്രതിരോധിച്ചു; പതറാതെ രാജ്യം
ഇറാൻ തൊടുത്തുവിട്ട 1,700-ലേറെ മിസൈലുകളെയും ഡ്രോണുകളെയും രാജ്യം വിജയകരമായി പ്രതിരോധിച്ചതായി ഷെയ്ഖ് സെയ്ഫ് യോഗത്തിൽ വ്യക്തമാക്കി. യുഎഇയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ആവർത്തിച്ചു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകയായ യുഎഇയുടെ സുരക്ഷയ്ക്ക് നേരെയുള്ള വെല്ലുവിളിയാണിത്. സ്വന്തം മണ്ണിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രാജ്യം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിൽ താമസിക്കുന്ന 5.1 ലക്ഷത്തിലധികം യൂറോപ്യൻ പൗരന്മാരുടെയും പ്രതിവർഷം സന്ദർശകരായെത്തുന്ന 48 ലക്ഷം പേരുടെയും സുരക്ഷ മുൻനിർത്തി മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്ന് ഷെയ്ഖ് സെയ്ഫ് ഓർമിപ്പിച്ചു. സമാധാനത്തിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കേണ്ടതുണ്ട്.
എങ്കിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ ആത്മരക്ഷാർഥം ഏതറ്റം വരെ പോകാനും യുഎഇ തയാറാണെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി. പ്രതിരോധം, സമുദ്ര സുരക്ഷ, വ്യാപാരം എന്നീ മേഖലകളിൽ പങ്കാളിത്തം ശക്തമാക്കുന്നതിലൂടെ മാത്രമേ മേഖലയിൽ സുസ്ഥിരത കൈവരിക്കാനാവൂ. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവർ യോഗത്തിൽ അധ്യക്ഷത വഹിച്ചു.

