KSDLIVENEWS

Real news for everyone

ഇറാഖിൽ എണ്ണക്കപ്പലിന് നേരേ ഇറാന്റെ ആക്രമണം, ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

SHARE THIS ON

ടെഹ്‌റാൻ: ഇറാഖിലെ ബസ്രയ്ക്ക് സമീപം അമേരിക്കയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിന് നേരേ നടന്ന ഇറാൻ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കപ്പലിലെ ജീവനക്കാരനായ ഇന്ത്യക്കാരനാണ് കൊല്ലപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന ബാക്കി ജീവനക്കാരായ 15 പേരും സുരക്ഷിതരാണെന്നും ഇവരെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയതായും ബാഗ്ദാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. സംഭവത്തിൽ ഇറാഖ് അധികൃതരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും എല്ലാ സഹായവും ഉറപ്പാക്കുമെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി. അതിനിടെ, പേർഷ്യൻ ഗൾഫിൽ മറ്റൊരു എണ്ണക്കപ്പലിന് നേരേയും ഇറാന്റെ ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ഈ കപ്പലിന് തീപിടിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.

മാർഷൽ ദ്വീപുകളുടെ പതാകയുള്ള ‘സേഫ്‌സീ വിഷ്ണു’ എന്ന കപ്പലിനുനേരെയാണ് ഇറാഖിലെ ബസ്രയിൽ ആക്രമണമുണ്ടായത്. യുഎസ് ആസ്ഥാനമായുള്ള ‘സേഫ്‌സീ ട്രാൻസ്‌പോർട്ട്’ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ. മാൾട്ടയുടെ പതാകയുള്ള ‘സെഫിറോസ്’ ആണ് ഇറാന്റെ ആക്രമണത്തിനിരയായ മറ്റൊരു കപ്പൽ. ഇത് ഗ്രീസിലെ ഒരു കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

രണ്ട് കപ്പലുകൾക്ക് നേരേ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇറാൻ ഏറ്റെടുത്തിട്ടുണ്ട്. വെള്ളത്തിനടിയിലൂടെയുള്ള ഡ്രോൺ ആക്രമണങ്ങളിലൂടെയാണ് കപ്പൽ തകർത്തതെന്നും ഇറാനിയൻ ടിവി അവകാശപ്പെട്ടു. അതേസമയം, സ്‌ഫോടകവസ്തുക്കൾ നിറച്ച ഇറാന്റെ ചാവേർ ബോട്ടുകൾ ഇടിപ്പിച്ചാണ് രണ്ട് കപ്പലുകൾക്ക് നേരേയും ആക്രമണം നടത്തിയതെന്ന് നേരത്തേ സിഎൻഎൻ റിപ്പോർട്ട്‌ ചെയ്തിരുന്നു.

error: Content is protected !!