KSDLIVENEWS

Real news for everyone

വയനാട് തുരങ്ക പാത: കേരള സർക്കാരും സുപ്രീം കോടതിയിൽ; നിർമാണം തടയരുതെന്ന് ആവശ്യം

SHARE THIS ON

ന്യൂഡൽഹി: വയനാട് തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സർക്കാരും സുപ്രീം കോടതിയിൽ. കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ തടസ്സ ഹർജി ഫയൽ ചെയ്തു. കേന്ദ്രസർക്കാർ നൽകിയ പരിസ്ഥിതി അനുമതി സ്റ്റേ ചെയ്യുന്നതിനെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ എതിർക്കും. നിർമ്മാണ നടപടികൾ തടയരുതെന്നും സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെടും. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ഇതിനെതിരെയാണ് സംസ്ഥാന സർക്കാരിന്റെ തടസ്സ ഹർജി. സ്റ്റാന്റിംഗ് കോൺസൽ സികെ ശശിയാണ് തടസ്സഹർജി ഫയൽ ചെയ്തത്.

2018, 2019, 2024 വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്ത് ആണ് തുരങ്ക നിർമ്മാണം നടക്കുന്നതെന്ന് ആരോപിച്ചാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്കപാത കടന്നുപോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിയ്ക്കുള്ള പരിസ്ഥിതി അനുമതി നൽകിയതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്ക് എതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സമിതി സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!