എല്ലാ വിമാന സർവീസുകളും താൽക്കാലികമായി റദ്ദാക്കി എമിറേറ്റ്സ് എയർലൈൻസ്

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതോടെ എമിറേറ്റ്സ് എയർലൈൻസും അവരുടെ എല്ലാ വിമാന സർവീസുകളും താൽക്കാലികമായി റദ്ദാക്കി. ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ യാത്രക്കാർ വിമാനത്താവളത്തിലേക്ക് വരരുത് എന്ന് അധികൃതർ കർശനമായി നിർദ്ദേശിച്ചു.
ഇറാൻ ഡ്രോൺ പതിച്ച് വിമാനത്താവളത്തിന് സമീപമുള്ള ഇന്ധന ടാങ്കിലുണ്ടായ തീപ്പിടുത്തം നിയന്ത്രണവിധേയമായതിന് പിന്നാലെ സുരക്ഷാ മുൻകരുതൽ എന്ന നിലയിലാണ് വിമാന സർവീസുകൾ നിർത്തിവെക്കാൻ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി തീരുമാനിച്ചത്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് വ്യക്തമാക്കിയ എമിറേറ്റ്സ്, സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷം തുടർവിവരങ്ങൾ ഔദ്യോഗികമായി അറിയിക്കാമെന്നും യാത്രക്കാരുടെ സഹകരണത്തിന് നന്ദി പറയുന്നതായും അറിയിച്ചു.
സംഘർഷഭരിതമായ ഈ സാഹചര്യത്തിലും റമസാനിൽ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കാൻ എയർലൈൻ അധികൃതർ ശ്രമിക്കുന്നുണ്ട്. വിമാനങ്ങളുടെ സമയക്രമം സംബന്ധിച്ച കൃത്യമായ വിവരങ്ങൾക്കായി യാത്രക്കാർ തങ്ങളുടെ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും, ഔദ്യോഗിക വാർത്താ ഉറവിടങ്ങൾ മാത്രം ശ്രദ്ധിക്കണമെന്നും അധികൃതർ ആവർത്തിച്ചു.

