KSDLIVENEWS

Real news for everyone

ഹോട്ടലുകൾ തുറക്കുന്നത് വൈകാൻ സാധ്യത; ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു

SHARE THIS ON

മലപ്പുറം: 5 കിലോഗ്രാമിന്റെ പാചക വാതക സിലിണ്ടർ കിട്ടുന്നില്ല. ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് മടങ്ങിത്തുടങ്ങി. കുടുംബങ്ങളായോ ഒന്നിച്ചോ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ പാചകത്തിനായി കൂടുതലും ആശ്രയിച്ചിരുന്നത് ഈ കൊച്ചു സിലിണ്ടറുകളായിരുന്നു. നിലവിൽ സ്റ്റോക്ക് ഉള്ള ഏജൻസികൾ മാത്രം നിയന്ത്രിതമായി ഇവ വിതരണം ചെയ്യുന്നതാണ് ഏക ആശ്വാസം.

വാണിജ്യ വിഭാഗത്തിൽപെട്ടതായതിനാൽ 5 കിലോഗ്രാമിന്റെ സിലിണ്ടർ വിതരണവും എണ്ണക്കമ്പനികൾ ആദ്യ ഘട്ടത്തിലേ നിർത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഈ സിലിണ്ടർ അന്വേഷിച്ച് ഒട്ടേറെ ഇതര സംസ്ഥാനക്കാർ ഏജൻസികളിലെത്തിയതായി ഉടമകൾ പറയുന്നു. ഭൂരിഭാഗവും വെറും കയ്യോടെ മടങ്ങി. മറ്റു പാചക സൗകര്യങ്ങൾ ഇല്ലാത്തവരാണ് നാട്ടിലേക്ക് മടങ്ങിത്തുടങ്ങിയതെന്നും ഏജൻസി ഉടമകൾ പറയുന്നു.

ഹോട്ടലുകൾ തുറക്കുന്നത് വൈകിയേക്കും
റമസാൻ മാസത്തിൽ അടച്ചിടാറുള്ള ഹോട്ടലുകൾ പാചക വാതക സിലിണ്ടർ ക്ഷാമം കാരണം തുറക്കുന്നത് ഇനിയും വൈകിയേക്കും. പെരുന്നാളും 6 നോമ്പും കഴിഞ്ഞ് സാധാരണ റമസാനിന് ഒരാഴ്ച കൂടി പിന്നിട്ടാണ് പല ഹോട്ടലുകളും തുറക്കാറുള്ളത്. ഇത്തവണ അതിലും വൈകാനുള്ള സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഒരു എണ്ണക്കമ്പനി മാത്രം വാണിജ്യ സിലിണ്ടറുകളിലെ 10% ഹോട്ടലുകളടക്കമുള്ളവയ്ക്ക് നൽകാമെന്ന് അറിയിച്ചിരുന്നു. എന്നാൽ ഏജൻസികൾക്ക് സിലിണ്ടർ ലഭിക്കാത്തതു മൂലം അതു പൂർണമായും നടപ്പാകുന്നില്ലെന്ന് വിവരമുണ്ട്. ഇത് 20% ആക്കിയെന്ന് ഇന്നലെ വാർത്തകളുണ്ടായിരുന്നു. അതേസമയം ചില സ്വകാര്യ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടർ വിതരണം തുടരുന്നുണ്ട്. 17 കിലോഗ്രാമിന്റെ പുതിയൊരു തരം സിലിണ്ടറിനായി വലിയ വിലയ്ക്ക് പ്രീമിയം മാതൃകയിൽ നൽകാൻ ബുക്കിങ് ആരംഭിച്ചതായും വിവരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!