KSDLIVENEWS

Real news for everyone

ആശങ്കകൾ അവഗണിക്കാനാവില്ല’;
ജന്തർ മന്ദറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവ്

SHARE THIS ON

ന്യൂഡൽഹി: നിരാഹാരസമരം തുടരുന്ന സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. സോനം വാങ്ചുക്കിന്റെ ഭാര്യ ഗീതാഞ്ജലി ആങ്‌മോയുടെ ഹർജിയിലാണ് കോടതി നിർദേശം. സർക്കാർ മേൽനോട്ടത്തിലുള്ള സഫ്ദർജങ് ആശുപത്രിയിൽനിന്ന് സോനത്തെ മേദന്ത ആശുപത്രിയിലേക്ക് മാറ്റും. സോനം വാങ്ചുക്ക് മുന്നോട്ടുവെച്ച ആശങ്കകൾ അവഗണിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

സോനത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിൽ എന്താണ് പ്രശ്‌നമെന്ന് കോടതി ചോദിച്ചു. കേന്ദ്രസർക്കാരിന് എതിർപ്പില്ലെന്നും എന്നാൽ, സർക്കാരിന്റെ അനുമതിയില്ലാതെ അത് ചെയ്യാൻ കഴിയില്ലെന്നുമാണ് കേന്ദ്ര സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത അറിയിച്ചത്.

അനുകൂലമായ ഉത്തരവ് ഉണ്ടായതിൽ ഡൽഹി ഹൈക്കോടതിക്ക് ഗീതാഞ്ജലി ആങ്‌മോ നന്ദി അറിയിച്ചു. എക്‌സിലൂടെയാണ് പ്രതികരണം. സോനത്തിന്റെ ആരോഗ്യനിലയേക്കുറിച്ച് തെറ്റായ വിവരങ്ങളാണ് സഫ്ദർജങ് ആശുപത്രി അധികൃതർ പുറത്തുവിടുന്നതെന്ന് നേരത്തെ ഗീതാഞ്ജലി ആരോപിച്ചിരുന്നു.

സഫ്ദർജംഗ്, എയിംസ് എന്നിവിടങ്ങളിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ടുകൾ കോടതി പരിശോധിച്ചു. വാങ്ചുക്കിന്റെ ജീവന് നിലവിൽ ഉടനടി ഭീഷണിയില്ലെന്നാണ് എയിംസ് ഉൾപ്പെടെയുള്ള ആശുപത്രികളിലെ റിപ്പോർട്ടുകൾ പറയുന്നത്. ഈ സർക്കാർ ആശുപത്രികളിൽ അദ്ദേഹത്തിന് വായവഴിയുള്ള മരുന്നുകൾ മാത്രമാണ് നൽകിയിരുന്നതെന്നും ഇൻട്രാവീനസ് ചികിത്സയുടെ ആവശ്യമില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വെളുത്ത രക്താണുക്കളുടെ അളവ് കുറവാണെന്നും ഇത് അണുബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ ശാരീരികനില നിലവിൽ തൃപ്തികരമാണെങ്കിലും നേരിയ തോതിൽ ചില വ്യത്യാസങ്ങൾ പ്രകടമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

സഫ്ദർജംഗ് ആശുപത്രിയിൽ താൻ ഏകാന്ത തടവിലാണെന്നും ഫോൺ ഉൾപ്പെടെയുള്ളവ പോലീസ് പിടിച്ചെടുത്തുവെന്നും ആരോപിച്ച് വാങ്ചുക്ക് അയച്ച കത്ത് കോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. ഇത്തരത്തിലുള്ള ആശങ്കകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!