കാസർകോട് ഈ ആഴ്ചയിലെ രണ്ടാമത്തെ തീപിടിത്തം: കൈതക്കാട് മാലിന്യസംസ്കരണ പ്ലാന്റിലെ തീപിടുത്തത്തിൽ 7കോടിയുടെ നഷ്ടം: ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമെന്ന് നാട്ടുകാർ

ചെറുവത്തൂർ: കൈതക്കാട് മാലിന്യസംസ്കരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. 7 കോടിയുടെ നഷ്ടം. തീപിടിത്ത കാരണം വ്യക്തമല്ല. 5 മണിക്കൂർ എടുത്തിട്ടും തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞില്ല. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം കത്തിയത് സമീപത്തെ വീടുകളിലുള്ളവർക്ക് ദുരിതമായി. കെട്ടിടം പൂർണമായും കത്തിനശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.
ക ഴിഞ്ഞ ദിവസം വൻ തീപിടിത്തം ഉണ്ടായ കൊളങ്ങാട്ട് മലയുടെ അടിവാരത്ത് പ്രവർത്തിക്കുന്ന യു.കെ.കുഞ്ഞബ്ദുല്ലയുടെ ഉടമസ്ഥതയിലുള്ള മെഹയുബ വേസ്റ്റ് മാനേജ്മെന്റ് എന്ന പേരിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്. ഇവിടെ ജോലി ചെയ്യുന്ന 25 ഓളം അതിഥിത്തൊഴിലാളികൾ നാട്ടിൽ പോയിരുന്നു. അടുത്ത മാസം 10 വരെയാണ് ഇവർക്ക് അവധി നൽകിയത്.
ഇന്നലെ ഉച്ചയോടെ സ്ഥാപനത്തിൽ എത്തിയ മാനേജർ സംസ്കരണ കേന്ദ്രത്തിന്റെ പിൻവശത്ത് വൈദ്യുതി മീറ്റർ വച്ച ചുമരിൽനിന്ന് തീപടരുന്നത് കണ്ടു. ഉടൻ തന്നെ ഇലക്ട്രിഷനെ വിളിച്ചുവരുത്തുകയും ചെയ്തു. അദ്ദേഹം എത്തുമ്പോഴേക്കും തീ സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് കുപ്പികളിലേക്കു പടർന്നിരുന്നു.
ഇവർ ഉടൻ തന്നെ അഗ്നിശമന വിഭാഗത്തിനെ വിവരം അറിയിക്കുകയായിരുന്നു. അവർ എത്തുമ്പോഴേക്കും ഓടി കൂടിയ നാട്ടുകാർ തീയണയ്ക്കാനുള്ള ശ്രമം നടത്തി എങ്കിലും കെട്ടിടത്തിന് അകത്ത് മുഴുവൻ തീ പടർന്ന് പുറത്തേക്ക് എത്തിയിരുന്നു. തൃക്കരിപ്പൂരിൽ നിന്ന് എത്തിയ അഗ്നിശമന യൂണിറ്റിന് പുറമേ ചീമേനിയിൽനിന്ന് അഗ്നിശമന യൂണിറ്റെത്തി.
എന്നിട്ടും തീ പടരുന്നത് തുടർന്നു. ഇതിനിടയിൽ മലയുടെ അടിവാരത്തുള്ള വീട്ടുകാരോട് പൊലീസ് ജാഗ്രത പാലിക്കാനുള്ള നിർദേശം നൽകിയിരുന്നു. രണ്ട് യൂണിറ്റുകൾ കഠിനമായ ശ്രമം നടത്തിയിട്ടും തീ പടരുന്നത് തടയാൻ കഴിഞ്ഞില്ല. ഇതിനിടയിൽ കാസർകോട്, പയ്യന്നൂർ, പെരിങ്ങോം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന വിഭാഗം യൂണിറ്റുകൾ സ്ഥലത്ത് എത്താൻ ഡിഎഫ്ഒ നിർദേശം നൽകി. മലയടിവാരത്ത് ആഞ്ഞ് വീശിയ കാറ്റ് തീ പടരുന്നതിന് വഴിയൊരുക്കി.
പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം കത്തി പടർന്നതോടെ പുക ശ്വസിച്ച പലർക്കും കല കറക്കവും തലവേദനയും അനുഭവപ്പെട്ടു. കൊളങ്ങാട്ട് മലയുടെ അടിവാരത്തുള്ള മലയുടെ പ്രദേശങ്ങളിലേക്ക് മുഴുവൻ തീ പടർന്നതോടെ ജനങ്ങൾ ആശങ്കരായി. ഉച്ചയ്ക്ക് രണ്ടിന് പടർന്ന് പിടിച്ച തീ വൈകിട്ട് 6 വരെ പൂർണമായും കെടുത്താൻ കഴിഞ്ഞില്ല
മണ്ണ് മാന്തി യന്ത്രം കൊണ്ട് വന്നു ശേഖരിച്ച് വച്ച മാലിന്യങ്ങൾ നീക്കാനുള്ള ശ്രമം ഒരു ഭാഗത്ത് നടത്തി തീ കൂടുതൽ പടരുന്നത് തടഞ്ഞു. അതിനിടെ കെട്ടിടത്തിന് അകത്ത് മൂന്ന് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്ന വിവരം പുറത്തുവന്നു. ഇത് പൊട്ടിത്തെറിക്കുന്നത് ഒഴിവാക്കുന്നതിനായി ഏറെ സാഹസപ്പെട്ടാണ് ഇവ മൂന്നും പുറത്തേക്കെത്തിച്ചത്. രാത്രി വൈകിയും തീ പടരുന്നത് തടയാനുള്ള അതീവ ജാഗ്രതയിലാണ് അഗ്നിശമന വിഭാഗവും നാട്ടുകാരുമുള്ളത്.
കത്തിയെരിഞ്ഞത് 4 കോടി രൂപയുടെ മാലിന്യങ്ങൾ
കെട്ടിക്കിടന്നത് 4 കോടി രൂപയുടെ മാലിന്യങ്ങൾ. ഇന്നലെ ഉച്ചയ്ക്ക് തീപിടിത്തം ഉണ്ടായ മെഹയുബ വേസ്റ്റ് മാനേജ്മെന്റ് സ്ഥാപനത്തിൽ ശേഖരിച്ച് വച്ച മാലിന്യങ്ങൾ അടുത്ത മാസം 10നുള്ളിൽ ഡൽഹിയിലേക്കും മറ്റും കയറ്റി അയയ്ക്കേണ്ടവയായിരുന്നു. എന്നാൽ മാർച്ച് സാമ്പത്തിക വർഷം ആയതിനാലാണ് ഇവ കയറ്റി അയയ്ക്കാതെ സൂക്ഷിച്ചിരുന്നത് എന്നാണ് സ്ഥാപന ഉടമയായ യു.കെ.അബ്ദുല്ല പറയുന്നത്. തൃക്കരിപ്പൂർ, മൊഗ്രാൽ പുത്തൂർ എന്നീ പഞ്ചായത്തുകളിൽ നിന്നും മറ്റ് സ്വകാര്യ ആക്രി സ്ഥാപനങ്ങളിൽനിന്നും വില കൊടുത്ത് വാങ്ങിയ സാധനങ്ങൾ വരെ കത്തിനശിച്ചവയിൽ പെടും.
ഹരിതകർമസേന വരുന്നതിന് മുൻപ് തന്നെ മാലിന്യ സംസ്കരണ പദ്ധതിയുമായി രംഗത്തുവന്ന ആളാണ് യു.കെ.അബ്ദുല്ല. 2009 ലാണ് ഈ മേഖലയിലേക്ക് ഇദ്ദേഹം സജീവമാകുന്നത്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മാലിന്യങ്ങൾ കരാർ എടുത്ത് സംസ്കരിച്ച് മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടു പോകുന്നതാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം.
മാർച്ച് മാസത്തിൽ സാമ്പത്തിക വർഷം അവസാനിക്കുന്നതിനാൽ സംസ്കരിച്ച സാധനങ്ങൾ കയറ്റി അയയ്ക്കാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ സംസ്കരണത്തിനായി എല്ലാം ശേഖരിച്ച് വയ്ക്കുകയായിരുന്നു. ഇത്തരത്തിൽ 4 കോടി രൂപയുടെ സാധനങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്ന് അബ്ദുല്ല മനോരമയോട് പറഞ്ഞു. സ്ഥാപനം പ്രവർത്തിക്കുന്നതിന് ആവശ്യമായ യന്ത്രസാമഗ്രികൾക്ക് തന്നെ 2 കോടിയോളം രൂപ വിലമതിക്കും. ഇവ എല്ലാം കത്തിനശിച്ചു. മാലിന്യ സംസ്കരണ രംഗത്ത് തന്റേതായ സാന്നിധ്യം അറിയിച്ച ഇദ്ദേഹം ഈ മേഖലയിൽ വിവിധ പുരസ്കാരങ്ങളും നേടിയിരുന്നു.
തൊഴിലാളികൾ നാട്ടിൽപോയത് ഗുണമായി
ചെറുവത്തൂർ ∙ അവർ നാട്ടിൽ പോയിരുന്നില്ലെങ്കിൽ തീപിടിത്തത്തിന്റെ മുഖം മറ്റൊന്നാകുമായിരുന്നു. എല്ലാ സമയത്തും തൊഴിലാളികൾ സക്രിയമായി നിൽക്കുന്ന സ്ഥാപനമാണ് ഈ മാലിന്യ സംസ്കരണ കേന്ദ്രം. അന്യ സംസ്ഥാനക്കാരായ 15 ഓളം തൊഴിലാളികൾ ഇവിടെ പണിയെടുക്കുന്നുണ്ട്. എന്നാൽ റമസാനുമായി ബന്ധപ്പെട്ടും അന്യ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൊഴിലാളികൾ എല്ലാവരും നാട്ടിലേക്ക് പോയിരുന്നു.
മനേജറും ഒരു തൊഴിലാളിയും മാത്രമാണ ് ഇവിടെ ഉണ്ടായിരുന്നത്. ഇവരുടെ ശ്രദ്ധയിലാണ് തീ പടരുന്നത് കണ്ടത്. അവസരോചിതമായി ഇവർ ഇടപെട്ടതോടെ അഗ്നിശമന വിഭാഗത്തിന് എളുപ്പത്തിൽ സ്ഥലത്തെത്താനും കഴിഞ്ഞു. ഇതിനിടയിൽ പൊലീസ് സ്ഥലത്ത് നടത്തിയ കൃത്യമായ ഇടപെടൽ നാട്ടുകാരുടെ പരിഭ്രാന്തി ഇല്ലാതാക്കി. അഗ്നിരക്ഷാസേനയ്ക്ക് ആവശ്യമായ വെള്ളം കൊളങ്ങാട്ട് മലയുടെ അടിവാരത്തുനിന്ന് ശേഖരിക്കാൻ കഴിഞ്ഞതും ഗുണകരമായി.

