KSDLIVENEWS

Real news for everyone

മോദിയുടെ ഗുഡ്ബുക്കിൽ കയറാനാണ് രാഹുൽ ഗാന്ധിയെ വിമർശിക്കുന്നത്: മുഖ്യമന്ത്രിക്കെതിരെ വി.ഡി സതീശൻ

SHARE THIS ON



കുന്നത്തൂർ: രാഹുൽ ഗാന്ധിയെ കുറിച്ച് മോശമായി സംസാരിച്ചാൽ ഗുഡ് സർട്ടിഫിക്കറ്റ് കിട്ടുമെന്നതിനാൽ മോദിക്കും അമിത് ഷായ്ക്കും മുന്നിൽ പിണറായി വിജയൻ നിൽക്കുന്നത് 90 ഡിഗ്രി കുനിഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാഹുൽഗാന്ധിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുൽ ഗാന്ധിയെ 55 മണിക്കൂർ ഇ.ഡി ചോദ്യം ചെയ്തത് ഡീൽ ആയിരുന്നോയെന്ന് പിണറായി വിജയൻ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുന്നത്തൂരിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് വി.ഡി സതീശൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

യുവതി പ്രവേശനത്തിൽ പണ്ഡിതരോട് ചോദിക്കണമെന്ന് പറയുന്ന പിണറായി വിജയൻ പണ്ഡിതരോട് ചോദിച്ചിട്ടാണോ ബലം പ്രയോഗിച്ച് സ്ത്രീകളെ ശബരിമലയിൽ കയറ്റിയതെന്ന് സതീശൻ ചോദിച്ചു. ശബരിമല സ്വർണക്കൊള്ളയ്ക്ക് ഉത്തരവാദികളായവരെ സംരക്ഷിച്ച സി.പി.എം നിലപാട് തിരഞ്ഞെടുപ്പിൽ ചർച്ചയാകും. കൊടിമരം മാറ്റി സ്ഥാപിച്ചതിൽ കേസെടുക്കാൻ ശ്രമിച്ചത് ഞങ്ങൾ മാത്രമല്ല, അവരും കട്ടെന്നു കാണിക്കാനാണ്. പി.ബി അംഗം മുതൽ സാധാരണ പ്രവർത്തകർ വരെ സ്ത്രീകളെ അധിക്ഷേപിച്ചിട്ട് സി.പി.എം നടപടി എടുത്തോ? മണിക്കൂറുകൾക്കകം നടപടി എടുത്ത യു.ഡി.എഫിനെ കണ്ട് പഠിക്കാൻ ജനങ്ങൾ സി.പി.എമ്മിനോട് പറയുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വർണക്കൊള്ള കേസ് എങ്ങും എത്താതെ അവസാനിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനാവശ്യ സമ്മർദ്ദം എസ്.ഐ.ടിക്കു മേൽ ഉണ്ടെന്ന ആരോപണം ആവർത്തിക്കുന്നു. എല്ലാ പ്രതികളും സ്വാഭാവിക ജാമ്യം നേടി പുറത്തിറങ്ങി. പുറത്തിറങ്ങിയ പ്രതികൾ തെളിവുകളെല്ലാം നശിപ്പിക്കുകയാണ്. സി.പി.എം ഉന്നതരായ നേതാക്കൾ സ്വർണക്കൊള്ളയിൽ ജയിലിലായിട്ടും അവർക്കെതിരെ നടപടി എടുത്തില്ല. അയ്യപ്പന്റെ സ്വർണം കവർന്നതിന് ജയിലിൽ കിടന്ന ഒരാൾ ഇപ്പോഴും സി.പി.എം ജില്ലാ കമ്മിറ്റിയിലുണ്ട്. നടപടി എടുത്താൽ മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം പറയുമെന്ന ഭയമാണ് സി.പി.എമ്മിന്. ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലം തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും അവിടെയും ഇവിടെയും ഇല്ലാത്ത തീരുമാനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

പണ്ഡിതരോട് ചോദിക്കണമെന്നാണ് പറയുന്നത്. ബലം പ്രയോഗിച്ച് സ്ത്രീകളെ ശബരിമലയിൽ കയറ്റിയപ്പോൾ പിണറായി വിജയൻ പണ്ഡിതരോട് ചോദിച്ചിരുന്നോ? സത്യവാങ്മൂലം തിരുത്തുമോ എന്ന് ചോദിച്ചാൽ തിരുത്തും, ഇല്ലേ എന്നു ചോദിച്ചാൽ ഇല്ല. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് അഴകൊഴമ്പൻ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് ഉത്തരവാദികളായവർക്ക് മുഖ്യമന്ത്രിയും സി.പി.എമ്മും കുടപിടിക്കുകയാണ്. അത് ഈ തിരഞ്ഞെടുപ്പിൽ ചർച്ചയാകും.

കൊടിമരം മാറ്റി സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കേസെടുക്കാൻ തെളിവില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച അഡ്വക്കേറ്റ് കമ്മിഷണറുടെ സാന്നിധ്യത്തിലാണ് കൊടിമരം മാറ്റി സ്ഥാപിച്ചത്. അഡ്വക്കേറ്റ് കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിനെ ഹൈക്കോടതി അഭിനന്ദിച്ചിട്ടുമുണ്ട്. സ്വർണക്കൊള്ളയുടെ ഗൗരവം കുറയ്ക്കാൻ, ഞങ്ങൾ മാത്രമല്ല, അവരും കട്ടെന്നു കാണിക്കാൻ കൊണ്ടുവന്നതാണ് ഈ ആരോപണം.

പിണറായി വിജയൻ രാഹുൽ ഗാന്ധിയെ അധിക്ഷേപിക്കുന്നത് അമിത് ഷായുടെയും മോദിയുടെയും ഗുഡ്ബുക്കിൽ കയറുന്നതിനു വേണ്ടിയാണ്. കേസുകൾ കാട്ടി പിണറായി വിജയനെ ബി.ജെ.പി ബ്ലാക്ക്മെയിൽ ചെയ്യുകയാണ്.

തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കരുവന്നൂർ കേസ് ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തതു പോലെ പിണറായി വിജയനെ ബി.ജെ.പി ഇപ്പോഴും ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. രാഹുൽ ഗാന്ധിയെ കുറിച്ച് മോശമായി സംസാരിച്ചാൽ മോദിയുടെയും അമിത് ഷായുടെയും ഗുഡ് സർട്ടിഫിക്കറ്റ് കിട്ടുമെന്നതിനാൽ അവർക്ക് മുന്നിൽ 90 ഡിഗ്രി കുനിഞ്ഞാണ് പിണറായി വിജയൻ നിൽക്കുന്നത്. അമിത് ഷായും മോദിയും പറഞ്ഞാൽ പിണറായി വിജയൻ ഏത് പേപ്പറിലും ഒപ്പിട്ട് കൊടുക്കും. പി.എം ശ്രീയിൽ ഒപ്പിട്ടത് മറച്ചുവച്ച് മന്ത്രസഭ യോഗത്തിൽ സി.പി.ഐ മന്ത്രിമാരെ കബളിപ്പിച്ച ആളാണ് പിണറായി വിജയൻ. ബി.ജെ.പിയെ സുഖിപ്പിക്കാനാണ് പിണറായി വിജയൻ പി.എം ശ്രീയിൽ ഒപ്പിട്ട കാര്യം സ്വന്തം മന്ത്രിമാരിൽ നിന്നും മറച്ചുവച്ചത്.

ഫാഷിസത്തിനും ഏകാധിപത്യത്തിനും വർഗീയതയ്ക്കും മോദിക്കും എതിരെ സന്ധിയില്ലാ പോരാട്ടം നടത്തുന്ന രാഹുൽ ഗാന്ധിയെ വേട്ടയാടുകയാണ്. 55 മണിക്കൂറാണ് ഇ.ഡി അദ്ദേഹത്തെ ചോദ്യം ചെയ്തത്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെും ചോദ്യം ചെയ്തത് ഡീൽ ആയിരുന്നോയെന്ന് പിണറായി വിജയൻ പറയണം. ബി.ജെ.പിക്കാരുടെ നല്ല പുസ്തകത്തിൽ കയറി കേസിൽ നിന്നെല്ലാം തലയൂരാൻ പിണറായി നോക്കിക്കോ. പക്ഷെ രാഹുൽ ഗാന്ധിക്ക് നേരെ വേണ്ട.

ഒരിക്കലും ഒരു രാഷ്ട്രീയ നേതാവും നടത്താൻ പാടില്ലാത്ത അധിക്ഷേപകരമായ പരാമർശമാണ് കായംകുളത്ത് ഉണ്ടായത്. പക്ഷെ അത് അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ അയാളെ മുസ്ലീലീഗ് പുറത്താക്കി. നടപടി എടുത്ത ലീഗ് നേതൃത്വത്തെ അഭിനന്ദിക്കുന്നു. അടർത്തി മാറ്റി വിവാദമാക്കിയതാണെന്ന് ആരും പറഞ്ഞില്ല. എല്ലാവരും അതിനെ അപലപിക്കുകയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

പക്ഷെ രമ്യാ ഹരിദാസിനെതിരെ അശ്ലീല പരാമർശം നടത്തിയ സി.പി.എം പി.ബി അംഗം എ. വിജയരാഘവന് എതിരെ എന്ത് നടപടിയാണ് എടുത്തത്? കെ.കെ രമയ്ക്കെതിരെ സി.പി.എം നേതാക്കൾ നടത്തിയ അധിക്ഷേപത്തിലും ഒരു നടപടിയുമുണ്ടായില്ല. വീണ എസ്. നായർക്കെതിരായ അധിക്ഷേപത്തിലും നടപടി ഇല്ല. പുതുപള്ളി തിരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മന് എതിരെയും സി.പിഎം മോശം പരാമർശം നടത്തി.

സെക്രട്ടേറിയറ്റിലെ സി.പി.എം നേതാവിനെതിരെ പരാതി നൽകിയിട്ടും നടപടി എടുക്കാൻ നിർവാഹമില്ലെന്ന മറുപടി എന്റെ ഓഫീസിലുണ്ട്. ഉമ്മൻ ചാണ്ടിയുടെ മകൾക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ സി.പി.എം നേതാക്കൾക്കെതിരെ പോലും നടപടിയില്ല. ആർഷോ എന്ന എസ്.എഫ്.ഐ നേതാവ് പരീക്ഷ എഴുതാതെ വിജയിച്ചെന്ന വാർത്ത റിപ്പോർട്ട് ചെയ്ത അഖില നന്ദകുമാറിനെതിരെ എന്തൊക്കെ പരാമർശങ്ങളാണ് നടത്തിയത്.

ഏഷ്യാനെറ്റിലെ സിന്ധു സൂര്യകുമാറിനും സ്മൃതി പരുത്തിക്കാടിനും എതിരെ എന്തൊക്കെ പരാമർശങ്ങളാണ് നടത്തിയത്. വനിത മാധ്യമ പ്രവർത്തകരെ അശ്ലീലകരമായ പരാമർശങ്ങൾ നടത്തി വേട്ടയാടിയപ്പോൾ ഇവരൊക്കെ എവിടെയായിരുന്നു? പക്ഷെ യു.ഡി.എഫ് മണിക്കൂറുകൾക്കകമാണ് നടപടി എടുത്തത്. ഇരയായി നിൽക്കുന്നവരെ കുറിച്ച് ഒന്നും പറയുന്നില്ല. മാധ്യമ പ്രവർത്തകരായ നിങ്ങളെ കുറിച്ച് അവർ അന്ന് പറഞ്ഞത് നിങ്ങൾ തന്നെ തൊട്ടപ്പുറത്തേക്ക് ഇട്ടുകൊടുത്താൽ മതി.

പി.ബി അംഗം മുതൽ സാധാരണ പ്രവർത്തകർ വരെ സ്ത്രീകളെ അധിക്ഷേപിച്ചിട്ട് ഏതെങ്കിലും ഒരുത്തനെതിരെ സി.പി.എം നടപടി എടുത്തോ? അങ്ങനെയുള്ള സി.പി.എം ഞങ്ങളെ കണ്ട് പഠിക്കണം. മണിക്കൂറുകൾക്കകം നടപടി എടുത്ത യു.ഡി.എഫിനെ കണ്ട് പഠിക്കാൻ ജനങ്ങൾ സി.പി.എമ്മിനോട് പറയും.

പാലക്കാട് എം.എൽ.എയുമായി ബന്ധപ്പെട്ട വിഷയത്തിൽ അതിജീവിതയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള ആക്രമണം നടത്തിയാൽ അങ്ങനെയുള്ളവർ പാർട്ടിയിൽ ഉണ്ടാകില്ലെന്ന നിലപാട് എടുത്തവരാണ് ഞങ്ങൾ. മുഖ്യമന്ത്രിയെ പോലെ ഇരട്ടത്താപ്പല്ല ഞങ്ങളുടെ നിലപാട്. നിലപാടിൽ ഞങ്ങൾ ഒരു വിട്ടുവീഴ്ചയും ചെയ്യാറില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!