ലോക്ക് ഡൗണോ: അതൊക്കെ അങ്ങ് പാകിസ്താനിൽ; ക്ഷുഭിതയായി ധനമന്ത്രി, ഭീതി പരത്തരുതെന്ന് അഭ്യർഥന

ന്യൂഡൽഹി: ഇന്ത്യയിൽ രാജ്യവ്യാപകമായ ലോക്ക് ഡൗൺ ഉണ്ടായേക്കാമെന്ന അഭ്യൂഹങ്ങൾ തള്ളി ധനമന്ത്രി നിർമല സീതാരാമൻ. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന്’ വിശേഷിപ്പിച്ച അവർ, രാഷ്ട്രീയക്കാരോടും പൊതുജനങ്ങളോടും ഭീതി പടർത്തരുതെന്നും അഭ്യർത്ഥിച്ചു. വെള്ളിയാഴ്ച, 2026-ലെ സാമ്പത്തിക ബില്ലിനെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ രാജ്യസഭയിലായിരുന്നു നിർമല സീതാരാമന്റെ പ്രസ്താവന.
‘അടിസ്ഥാനരഹിതമായ കിംവദന്തികൾ പ്രചരിപ്പിക്കപ്പെടുന്നു. പൊതുജനങ്ങളുടെ മനസ്സിൽ ഭീതി സൃഷ്ടിക്കാൻ വേണ്ടി മാത്രമാണ് പലതും പറയുന്നത്. എവിടെയാണ് ഈ ലോക്ക് ഡൗൺ നടക്കുന്നത്? അത് നടക്കുന്നത് പാകിസ്താനിലാണ്, ഇന്ത്യയിലല്ല.’ ധനമന്ത്രി പറഞ്ഞു. അയൽരാജ്യങ്ങളിലെ സാഹചര്യം താരതമ്യം ചെയ്ത ഇന്ത്യ അതിന്റെ വിഭവങ്ങളും പൗരന്മാരുടെ ആവശ്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നത് തുടരുകയാണെന്നും അവർ ചൂണ്ടിക്കാട്ടി.
‘ബംഗ്ലാദേശിലെ സാഹചര്യം നോക്കൂ, അവർ ദുരിതത്തിലാണെന്നോ കഷ്ടപ്പെടുകയാണെന്നോ അർത്ഥമാക്കിയല്ല ഞാൻ ഇത് പറയുന്നത്. മറിച്ച്, വസ്തുതാപരമായ താരതമ്യം എന്ന നിലയിൽ മാത്രമാണ്. ഒരു നല്ല അയൽക്കാരനെന്ന നിലയിൽ, ഞങ്ങളുടെ ഭാഗത്തുനിന്ന് ആവശ്യപ്പെടുന്ന എന്ത് സഹായവും നൽകാൻ ഞങ്ങൾ തയ്യാറാണ്. ഇന്ത്യ അയൽരാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുകയും ആവശ്യമുള്ളിടത്ത് സഹായം നൽകുകയും ചെയ്യുന്നുണ്ട്.’ അവർ പറഞ്ഞു.
‘ബംഗ്ലാദേശിന് എന്തെങ്കിലും പ്രയോജനപ്പെടുത്താൻ കഴിയുന്നില്ലെങ്കിൽ അത് മറ്റൊരു സാഹചര്യമാണ്. മിഡിൽ ഈസ്റ്റിലെ സംഭവവികാസങ്ങൾ ബാധിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ, നമ്മുടെ പൗരന്മാർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്ന രീതിയിലാണ് കേന്ദ്രസർക്കാർ ഈ സാഹചര്യം കൈകാര്യം ചെയ്യുന്നത്.’ ധനമന്ത്രി കൂട്ടിച്ചേർത്തു.

