KSDLIVENEWS

Real news for everyone

കെ.എസ്.ആർ.ടി.സി ദീര്‍ഘദൂര സര്‍വിസ് മാത്രം ആറുവരിപ്പാതയിലൂടെ; മറ്റു ബസുകൾക്ക് സര്‍വിസ് റോഡുകൾ

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മാണം പൂര്‍ത്തിയായിവരുന്ന ആറുവരി ദേശീയപാതയിലൂടെ സഞ്ചരിക്കാൻ കെ.എസ്.ആർ.ടി.സിയുടെ ദീര്‍ഘദൂര സര്‍വിസുകൾക്ക് മാത്രം മോട്ടോര്‍ വാഹന വകുപ്പ് അനുമതി നൽകി. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയുടെ മറ്റു ബസുകളും സര്‍വിസ് റോഡുകള്‍ വഴിമാത്രമേ സര്‍വിസ് നടത്താവൂ. സുഗമമായ ഗതാഗതവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിറക്കിയത്.

യാത്രക്കാരുടെ സൗകര്യാർഥമാണ് ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് പുതിയ ഉത്തരവില്‍ ഇളവ് അനുവദിച്ചത്. കെ.എസ്.ആർ.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ്, മിന്നല്‍, ഡീലക്‌സ് തുടങ്ങിയ ദീര്‍ഘദൂര സര്‍വിസുകള്‍ക്ക് തടസ്സമില്ലാതെ ആറുവരിപ്പാത ഉപയോഗിക്കാം. ഹൈവേകളിലെ വേഗത നിലനിര്‍ത്തുന്നതിനും ലോക്കല്‍ ഗതാഗതം സര്‍വിസ് റോഡുകളിലേക്ക് തിരിച്ചുവിടുന്നതിനുമാണ് ഈ ക്രമീകരണം.

സാധാരണ റൂട്ട് ബസുകള്‍ ആറുവരിപ്പാതയിലൂടെ സര്‍വിസ് നടത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ നാഗരാജു ചകിലം മുന്നറിയിപ്പ് നല്‍കി. ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനും, ഉത്തരവാദികളായ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.

കഴിഞ്ഞ ദിവസം, ആറുവരി ദേശീയപാതയിൽ സ്റ്റേജ് ക്യാരേജ് ബസുകൾ വിലക്കി മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇതുവഴി സർവിസ് നടത്തുന്ന ഇത്തരം ബസുകൾ പ്രായമായവരും കുട്ടികളും ഉൾപ്പടെയുള്ള യാത്രക്കാരെ ഹൈവേയിൽ ഇറക്കിവിടുന്ന സംഭവങ്ങൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി.ഇത്തരത്തിൽ ഇറക്കിവിടുമ്പോൾ ഹൈവേയിൽനിന്ന് പുറത്തിറങ്ങാൻ കിലോമീറ്ററുകൾ നടക്കേണ്ടിവരുന്നെന്ന് കാട്ടി നിരവധി പേർ പരാതി നൽകിയിരുന്നു.

സർവിസ് റോഡ് ഒഴിവാക്കി ആറുവരിപ്പാതയിലൂടെ മാത്രം സഞ്ചരിക്കുന്ന സ്റ്റേജ് കാരേജ് ബസുകളുടെ ദൃശ്യങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഹൈവേയിൽ നിർത്തുന്ന ബസുകൾ പെട്ടെന്ന് റിവേഴ്‌സ് എടുക്കുന്നത് അപകടത്തിനും കാരണമാകുന്നുണ്ട്.

ഇക്കാര്യങ്ങൾ മുൻനിർത്തി നിയമങ്ങളിൽ വ്യക്തത വരുത്തുകയാണ് മോട്ടോർ വാഹന വകുപ്പ് ചെയ്തത്. ആറുവരിപ്പാതയിൽ ഒരിടത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്നും ഒരുസ്ഥലത്തും ബസ് സ്റ്റോപ്പുകൾ അനുവദിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!