ഗ്രൗണ്ട് വാറിലേക്ക് യുഎസിനെ വെല്ലുവിളിച്ച് വീഡിയോ പുറത്തുവിട്ട് ഇറാൻ, വിവിധ തരം ആയുധ പ്രദർശനവും

ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം കരയുദ്ധത്തിലേക്ക് കടക്കുമെന്ന ആശങ്കകൾക്കിടെ യുഎസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ട് ഇറാൻ സെെന്യം. ഇറാന്റെ സ്പെഷൽ ഫോഴ്സ് കമാൻഡോകൾ വിവിധതരം ആയുധങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയിൽ ‘നിങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും’ പറയുന്നുണ്ട്.
യുഎസ്, ഇസ്രയേൽ- ഇറാൻ സംഘർഷം കരയുദ്ധത്തിലേക്ക് അടുക്കുകയാണെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് ഇറാന്റെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ സ്‌പെഷൽ ഫോഴ്‌സുകൾ സജ്ജരാണെന്നും അമേരിക്കൻ സൈനികരെ പരാജയപ്പെടുത്തുമെന്നും ഇറാൻ അവകാശപ്പെടുന്ന ഈ വീഡിയോ പ്രസ് ടിവിയിലൂടെയാണ് പുറത്തെത്തിയിരിക്കുന്നത്. അതേസമയം ഈ വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല.
യുഎസ് സൈന്യത്തിലെ 82-ാം എയർബോൺ വിഭാഗത്തിലെ ആയിരക്കണക്കിന് സൈനികർ പശ്ചിമേഷ്യയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, 2,500 യുഎസ് മറീനുകൾ ഇതിനകം എത്തിച്ചേർന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി മാസം 28-ാം തീയതി ആരംഭിച്ച യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം ഒരുമാസം പിന്നിട്ടിട്ടും ശമനമില്ലാതെ തുടരുകയാണ്.

