KSDLIVENEWS

Real news for everyone

യു.എ.ഇയിൽ ഒരാൾ കൊല്ലപ്പെട്ടു, ഇന്ത്യക്കാരന് പരിക്ക്; ഗൾഫ് മേഖലയിൽ ഇറാൻ ആക്രമണം ശക്തം

SHARE THIS ON

ദുബായ്: യു.എ.ഇയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ബംഗ്ലാദേശ് സ്വദേശിയാണ് മരിച്ചത്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് തീപിടിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5 ബാലിസ്റ്റിക് മിസൈലുകളും 35 ഡ്രോണുകളും പ്രതിരോധിച്ചെന്ന് യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചു.

യു.എ.ഇ., കുവൈത്ത്, ഖത്തർ, ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്കാണ് ഇറാനിൽനിന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ശക്തമായ ആക്രമണങ്ങളുണ്ടായത്. യു.എ.ഇയിലെ ഫുജൈറയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ബംഗ്ലാദേശ് സ്വദേശി കൊല്ലപ്പെട്ടു. റിഫാ മേഖലയിൽ ഫാം ഹൗസിലെ തൊഴിലാളിയായിരുന്നു ഇദ്ദേഹം. ഉമ്മുൾ ഖുവെയ്ൻ വ്യവസായമേഖലയിൽ ഡ്രോൺ അവശിഷ്ടം വീണ് ഇന്ത്യക്കാരനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജ്യത്തിന് നേരെ അഞ്ച് ബാലിക്റ്റിക് മിസൈലുകളും 35 ഡ്രോണുകളും ഉപയോഗിച്ച് ആക്രമണ ശ്രമമുണ്ടായെന്നും എല്ലാം പ്രതിരോധിച്ചെന്നും യു.എ.ഇ. പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെ 12 മരണമാണ് രാജ്യത്തുണ്ടായത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുലർച്ചെ നാലുമണിയോടെയായിരുന്നു ഡ്രോൺ ആക്രണം. ഇന്ധന ടാങ്കില് വൻ തീപിടത്തമുണ്ടായി. അഞ്ചാംതവണയാണ് കുവൈത്ത് വിമാനത്താവളം ആക്രമിക്കപ്പെടുന്നത്. ഖത്തർ തുറമുഖത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ എണ്ണ ടാങ്കറിന് തീപിടിച്ചു.

അതേസമയം, ബഹ്റൈനിലെ നഴ്സറികൾക്കും കിന്റർഗാർട്ടനുകൾക്കും ഞായറാഴ്ച മുതൽ പൂർണതോതിൽ പ്രവർത്തനം പുനരാരംഭിക്കാൻ വിദ്യാഭ്യാസമന്ത്രാലയം അനുമതി നൽകി. ഇറാൻ പൗരന്മാർക്ക് യു.എ.ഇയിലെ വിവിധ വിമാന കമ്പനികൾവഴി യാത്രാവിലക്ക് പ്രഖ്യാപിച്ചു. രാജ്യത്തേക്ക് പ്രവേശിക്കാനോ ട്രാൻസിറ്റ് യാത്രയ്ക്കോ അനുമതിയില്ലെന്ന് എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ളൈ ദുബായ് വിമാനകമ്പനികൾ അറിയിച്ചു. എന്നാൽ ഗോൾഡൻ വിസയുള്ള ഇറാൻ സ്വദേശികൾക്ക് നിയന്ത്രണത്തിൽ ഇളവുണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!