മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് പരാതി: കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുഖ്യ വരണാധികാരിക്ക് പരാതി നൽകി

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതം പറഞ്ഞ് വോട്ട് പിടിച്ചെന്നാരോപിച്ച് കാഞ്ഞങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷൈജി ഓട്ടപള്ളിക്കെതിരെ പരാതി. രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തിലെത്തി വോട്ട് ചോദിക്കുന്നതിനിടെ മതവും സമുദായവും സൂചിപ്പിച്ച് സംസാരിച്ചെന്നാണ് ആക്ഷേപം.
ഇത് സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. എൽഡിഎഫ് സ്ഥാനാർത്ഥി ഗോവിന്ദൻ പള്ളിക്കാപ്പിലിന്റെ ചീഫ് ഏജന്റ് വി.കെ. രാജനാണ് പരാതിയുമായി മുഖ്യ വരണാധികാരിയെ സമീപിച്ചത്.
ദേവാലയത്തിലെ വോട്ട് അഭ്യർത്ഥനയ്ക്കിടെ മതപരമായ വികാരങ്ങളെ വോട്ടിനായി ഉപയോഗപ്പെടുത്തിയത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർത്ഥി തന്റെ പ്രസംഗത്തിലുടനീളം സമുദായത്തെയും മതത്തെയും പരാമർശിച്ചുകൊണ്ട് വോട്ട് ചോദിക്കുന്നതായി പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

