KSDLIVENEWS

Real news for everyone

ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായ നിയന്ത്രണങ്ങൾ സൗദി അറേബ്യ ആരംഭിച്ചു

SHARE THIS ON

ജിദ്ദ: ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായ നിയന്ത്രണങ്ങൾ സൗദി അറേബ്യ ആരംഭിച്ചു. ഈ സീസണിലെ ഉംറ തീർത്ഥാടകരുടെ വരവ് ഇന്ന് അവസാനിക്കും. ഇനി ഹജ്ജിന് ശേഷമേ ഉംറ വിസകൾ അനുവദിക്കൂ. നിലവിൽ സൗദിയിലുള്ള ഉംറ വിസക്കാർ ഏപ്രിൽ 18ന് മുന്നേ രാജ്യം വിടണം. ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ മുഴുവൻ വിസക്കാർക്കും മടങ്ങേണ്ട അവസാന തിയതി ഏപ്രിൽ പതിനെട്ട് തന്നെയാണ്.

കഴിഞ്ഞ മാസം മൂന്നാം വാരം മുതൽ ഉംറ വിസകൾ നിർത്തിവെച്ചിരുന്നു. എന്നാൽ നേരത്തെ ഉംറ വിസകൾ എടുത്തവർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിച്ചു. വിദേശത്തുനിന്നുള്ള തീർത്ഥാടകർക്ക് ഹജ്ജിനു ശേഷമാണ് ഇനി രാജ്യത്തേക്ക് പ്രവേശിക്കാനാവുക. ഹജ്ജ് തീർത്ഥാടകർക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഉംറക്കാർ ഉൾപ്പെടെ മുഴുവൻ സന്ദർശക വിസക്കാരും ഏപ്രിൽ പതിനെട്ടോടെ മുഴുവൻ തീർത്ഥാടകരും രാജ്യത്തുനിന്നും മടങ്ങണം.

വിമാനങ്ങൾ റദ്ദാവുന്നതും സമയം വൈകുന്നതും മുൻകൂട്ടി മനസ്സിലാക്കി യാത്രകൾ ക്രമീകരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു. യാത്ര പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് വിമാനത്താവളത്തിൽ എത്തണം. ഏപ്രിൽ അവസാനത്തോടെ ഹജ്ജ് തീർത്ഥാടകർ എത്തും. ഇതിനു മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഉണ്ടാവും. വരും ദിവസങ്ങളിൽ മന്ത്രാലയം ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കും. ഇന്ത്യയിൽ നിന്നുള്ള ആദ്യ വിമാനം ഏപ്രിൽ 30നാണ് എത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!