KSDLIVENEWS

Real news for everyone

യുഎസ് വിമാനവും ഹെലികോപ്റ്ററുകളും വെടിവച്ചിട്ടു, രക്ഷാദൗത്യം പരാജയം’; 5 പേരെ വധിച്ചെന്ന് ഇറാൻ

SHARE THIS ON

ടെഹ്റാൻ : തകർന്നു വീണ തങ്ങളുടെ യുദ്ധവിമാനത്തിലെ ജീവനക്കാരനെ രക്ഷിക്കാനായി യുഎസ് നടത്തിയ സൈനിക നീക്കത്തിനിടെ, ഒരു വിമാനവും ഹെലികോപ്റ്ററും ഉൾപ്പെടെ തകർത്തതായും കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെട്ടതായും ഇറാൻ. രാജ്യത്തിന്റെ സംയുക്ത സായുധ സേനാ കമാൻഡ് ആയ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവിനെ ഉദ്ധരിച്ചാണ് ഇറാനിയൻ മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്തത്.

ഇസ്ഫഹാന്റെ തെക്കു ഭാഗത്ത് വച്ച് യുഎസിന്റെ ഒരു സി–130 മിലിട്ടറി ട്രാൻസ്പോർട്ട് വിമാനവും, രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. കൂടാതെ ഒരു ഇസ്രയേലി ഡ്രോണും തകർത്തതായി റിപ്പോർട്ടുണ്ട്. യുഎസ് രക്ഷാദൗത്യം പരാജയപ്പെട്ടതായും തകർക്കപ്പെട്ട സി– 130 വിമാനം കത്തിയമരുന്നതിന്റെ ദൃശ്യങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നും ഇറാൻ സൈനിക കമാൻഡ് അറിയിച്ചു.

അതേ സമയം, ഇറാൻ വെടിവെച്ചിട്ട എഫ് 15–ഇ യുദ്ധവിമാനത്തിലെ കാണാതായ പൈലറ്റിനെ അതിസാഹസികമായ നീക്കത്തിലൂടെ രക്ഷപ്പെടുത്തിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. യുഎസ് ചരിത്രത്തിലെ ഏറ്റവും ധീരമായ രക്ഷാദൗത്യങ്ങളിൽ ഒന്നാണിതെന്ന് ട്രംപ് വിശേഷിപ്പിച്ചു. പരുക്കേറ്റ പൈലറ്റ് സുരക്ഷിതനാണെന്നും അദ്ദേഹം പറഞ്ഞു.

ഡസൻ കണക്കിനു വിമാനങ്ങളും നൂറുകണക്കിനു സൈനികരും ഇറാന്റെ ഉൾഭാഗത്ത് കടന്നുകയറിയാണ് രക്ഷാദൗത്യം നടത്തിയത്.രണ്ട് പൈലറ്റുമാരെയും ശത്രുരാജ്യത്തിന്റെ ഉള്ളിൽ നിന്ന് പരുക്കുകളില്ലാതെ രക്ഷിക്കാൻ കഴിഞ്ഞത് യുഎസിന്റെ വ്യോമാധിപത്യത്തിന്റെ തെളിവാണെന്ന് ട്രംപ് പറഞ്ഞു.

ഒരു യുഎസ് സൈനികൻ പോലും കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്തിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറാൻ അമേരിക്കയുടെ എഫ് –15 ഇ സ്ട്രൈക്ക് ഈഗിൾ വിമാനം വെടിവച്ചിട്ടത്. വിമാനത്തിലുണ്ടായിരുന്ന ഒരാളെ അന്ന് തന്നെ രക്ഷപ്പെടുത്തിയിരുന്നുവെങ്കിലും രണ്ടാമത്തെയാൾക്കായി തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെ കുവൈത്തിനു മുകളിൽ വച്ച് അമേരിക്കയുടെ മറ്റൊരു വിമാനവും ഇറാൻ തകർത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!