നൂറിലധികം സീറ്റുമായി അധികാരത്തിലെത്തുമെന്ന് വിഡി സതീശൻ; ഫലം വരുന്നതിന് മുന്നെ യുഡിഎഫ് തരംഗമെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം: നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സർവേകളിൽ മാത്രമാണ് യുഡിഎഫ് പിന്നിൽ. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. പോസ്റ്റൽ വോട്ട് പലർക്കും ചെയ്യാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ച്കൂടി ജാഗ്രത പുലർത്തണമായിരുന്നു എന്നും വി ഡി സതീശൻ പറഞ്ഞു.
വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുത്. എല്ലാവരും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. പൂർണ ആത്മവിശ്വാസത്തിലാണെന്ന് അദേഹം പറഞ്ഞു. ദേശീയ സർവേകളിൽ യുഡിഎഫ് വിജയം പ്രവചിച്ചു. കേരളത്തിലെ ചില മാധ്യമങ്ങൾ വിശ്വാസ്യത കളഞ്ഞുകുളിച്ചെന്ന് വിഡി സതീശൻ പറഞ്ഞു. നൂറിലധികം സീറ്റുമായി അധികാരത്തിലേക്ക് യുഡിഎഫ് തിരികെ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്ന് അദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് ഫലം വരാൻ ഒരുമാസത്തിലധികം ഉണ്ടായിരിക്കെ യു ഡി എഫ് തരംഗമായിരിക്കും നടക്കുകയെന്നും 100 ലധികം സീറ്റ് നേടുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിലെ തരംഗം ആവർത്തിക്കും. പേരാവൂരിൽ പതിനായിരത്തിന് മുകളിൽ ഭൂരിപക്ഷം ലഭിക്കും. മൂന്ന് പ്രാവശ്യം ജയിച്ചു, നാലാമതും ജയിക്കുമെന്നും സണ്ണി ജോസഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാലക്കാട് വോട്ടിന് പണം നൽകിയ സംഭവത്തിൽ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു.

