KSDLIVENEWS

Real news for everyone

പുതിയ പോളിങ് ശതമാനം 79.63: സര്‍വീസ് വോട്ടുകളുടെ കണക്ക് ഇനിയും ബാക്കി

SHARE THIS ON

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ ലഭിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ ആകെ പോളിങ് 79.63 ശതമാനമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ കേല്‍ക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സര്‍വീസ് വോട്ടുകള്‍ ഒഴികെയുള്ള കണക്കാണിത്. സര്‍വീസ് വോട്ടുകളുടെ കണക്ക് ലഭിക്കുക വോട്ടെണ്ണലിന് ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് കണക്ക് വൈകിയിട്ടില്ലെന്നും മൂന്ന് ദിവസം മാത്രമാണ് എടുത്തതെന്നും അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പ് കഴിഞ്ഞ് നാലാംദിവസവും അന്തിമ വോട്ടിങ് ശതമാനം പുറത്തുവിടാത്തതില്‍ വിമര്‍ശനമുയരവേയാണ് കമ്മീഷന്റെ വിശദീകരണം.


53,984 സര്‍വീസ് വോട്ടുകാരാണുള്ളത്. ഇവരില്‍ എത്ര പേര്‍ വോട്ട് ചെയ്‌തെന്ന് വോട്ടെണ്ണല്‍ സമയത്ത് മാത്രമേ അറിയാന്‍ സാധിക്കൂ. ഇതിന് 48 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്‍ഡെക്‌സ് കാര്‍ഡ് പ്രസിദ്ധീകരിക്കും. അതിലാണ് സര്‍വീസ് വോട്ടുകള്‍ ഉള്‍പ്പെടുത്തിയുള്ള കണക്കുകള്‍ ഉണ്ടാവുകയെന്നും കമ്മീഷന്‍ പറഞ്ഞു.

വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്തവര്‍ 78.27 ശതമാനമാണെന്ന് ആണെന്ന് കമ്മീഷന്‍ പറഞ്ഞു. ഇതിന്റെ മണ്ഡലം തിരിച്ചുള്ള കണക്കുകളും പുറത്തുവിട്ടിട്ടുണ്ട്. ഇത് പോസ്റ്റല്‍ വോട്ടുകള്‍ കൂടാതെയുള്ള കണക്കാണ്. ആകെ വോട്ട് ചെയ്തത് 99,40,379 പുരുഷന്മാരാണ്. ആകെ വോട്ട് ചെയ്ത സ്ത്രീകള്‍ 1,13,03,410. 153 ട്രാന്‍സ് ജെന്‍ഡര്‍മാര്‍ വോട്ട് ചെയ്തു. ആകെ 2,12,43,942 പേരാണ് വോട്ട് ചെയ്തത്. നിലവിലെ കണക്കുകള്‍ക്കൊപ്പം സര്‍വീസ് വോട്ട് കൂടി ചേര്‍ത്താല്‍ മാത്രമേ തെരഞ്ഞെടുപ്പിലെ പോളിങ്ങിന്റെ പൂര്‍ണ്ണ ചിത്രം വരൂ.

എല്ലാം സുതാര്യമായാണ് നടന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. ഫോം 17 സി എല്ലാ പോളിങ് ഏജന്റുമാര്‍ക്കും നല്‍കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകള്‍ ഇന്നലെയാണ് അന്തിമമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ കണക്ക് ലഭ്യമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്‍ഡെക്‌സ് കാര്‍ഡ് പ്രസിദ്ധീകരിക്കും. അതിലാണ് അന്തിമ കണക്കുകളുണ്ടാകുകയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള 1,35,068 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു (96.37 ശതമാനം). 53,984 സര്‍വീസ് വോട്ട് പോളിങ് ദിവസം വരെയുണ്ടായി. 96.3% ആണ് മുതിര്‍ന്ന പൗരന്മാരുടെ വോട്ട് ശതമാനം. 60,734 ഭിന്ന ശേഷിക്കാര്‍ വോട്ട് ചെയ്തു. 96.7% ഹോം വോട്ടുകള്‍ ചെയ്തു. 32,172 അവശ്യവിഭാഗം ജീവനക്കാരും വോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളില്‍ പരാതിയുള്ളവര്‍ക്ക് നിയമപരമായ പരിഹാരം തേടാമെന്നും കമ്മീഷന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!