ആറുവരി ദേശീയപാത 66: ജില്ലയിൽ പുതിയ ടോൾപ്ലാസ ചാലിങ്കാലിൽ നിർമ്മാണം പുരോഗമിക്കുന്നു; ജൂണിൽ പ്രവർത്തന സജ്ജമാകും

ചാലിങ്കാൽ: ദേശീയപാത 66-ൽ പെരിയ ചാലിങ്കാലിൽ സ്ഥാപിക്കുന്ന ടോൾ പ്ലാസയുടെ പണി അന്തിമഘട്ടത്തിൽ. സിവിൽ ജോലികൾ ഏതാണ്ട് പൂർത്തിയായി. 2026 മധ്യത്തോടെ ടോൾ പ്ലാസ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുമ്പള ആരിക്കാടിയിലുണ്ടായിരുന്ന താത്‌കാലിക ടോൾ പ്ലാസ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് നീക്കംചെയ്ത സാഹചര്യത്തിലാണ് ചാലിങ്കാലിലെ പണികൾ വേഗത്തിലായത്. പ്രവർത്തനക്ഷമമാകുന്നതോടെ ഇത് കാസർകോട് ജില്ലയിലെ ഏക ടോൾ പ്ലാസയായി മാറും.
ടോൾ പ്ലാസയിൽ ആകെ 10 ട്രാക്കുകൾ (ഇരുവശങ്ങളിലേക്കും അഞ്ച് വീതം) ഉണ്ടാകുമെന്നാണ് വിവരം.
എന്നാൽ ആദ്യഘട്ടത്തിൽ ആറുമുതൽ എട്ടുവരെ ട്രാക്കുകളാകും പ്രവർത്തനക്ഷമമാക്കുകയെന്നാണ് സൂചന. ദേശീയപാത 66-ൽ ചെങ്കള-നീലേശ്വരം റീച്ചിന്റെ ഭാഗമായ ചാലിങ്കാലിൽ ടോൾ പ്ലാസ നിർമിക്കുന്നത് പാതയുടെ നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള ഹൈദരാബാദ് ആസ്ഥാനമായ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡാണ്. 37 കിലോമീറ്റർ പാതയാണ് ചെങ്കള-നീലേശ്വരം റീച്ചിലുള്ളത്.
ഈ റീച്ചിലെ പണികൾ 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. മാർച്ചോടെ പ്രധാന പണികൾ പൂർത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് ദേശീയപാതാ അതോറിറ്റി ലക്ഷ്യമിട്ടിരുന്നത്. പണി പൂർത്തിയാകാത്തതിനാൽ ജൂൺവരെ സമയം നീട്ടിനൽകിയിട്ടുണ്ട്. അതിനാൽ ചാലിങ്കാൽ ടോൾ പ്ലാസയും ഈ കാലയളവിലാകും പ്രവർത്തനക്ഷമമാകുക.
ടോൾ പ്ലാസകൾ തമ്മിലുള്ള ദൂരം 60 കിലോമീറ്റർ
നിയമപ്രകാരം ഒരേ ദിശയിലുള്ള രണ്ട് ടോൾ പ്ലാസകൾ തമ്മിലുള്ള അനുവദനീയമായ കുറഞ്ഞ അകലം 60 കിലോമീറ്ററാണ്. ദേശീയപാത ഫീ (നിരക്ക് നിർണയവും പിരിവും) ചട്ടം 2008 അനുസരിച്ചാണ് ഈ മാനദണ്ഡം നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും, ചില പ്രത്യേക സാഹചര്യങ്ങളിൽ ഈ ദൂരപരിധിയിൽ ഇളവ് അനുവദിക്കാറുണ്ട്. ഭൂമി ലഭ്യതക്കുറവ്, നഗരപരിധികൾ, പൈതൃക സ്മാരകങ്ങളുടെ സാമീപ്യം, പ്രധാന പാലങ്ങൾ, ബൈപാസുകൾ അല്ലെങ്കിൽ ടണലുകൾ എന്നിവയ്ക്കായി പ്രത്യേക ടോൾ ഈടാക്കേണ്ടിവരിക തുടങ്ങിയ സാഹചര്യങ്ങളിലാണിത്. തലപ്പാടി ടോൾപ്ലാസയ്ക്കുശേഷം 22 കിലോമീറ്റർ മാത്രം അകലെ കുമ്പള ആരിക്കാടിയിൽ ടോൾ പ്ലാസ സ്ഥാപിച്ചതാണ് ജനകീയ പ്രക്ഷോഭത്തിന് കാരണമായത്. പ്രതിഷേധങ്ങളേത്തുടർന്ന് ഫെബ്രുവരി ആദ്യവാരത്തോടെ ആരിക്കാടി ടോൾ പ്ലാസയുടെ പ്രവർത്തനം നിർത്താൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഉത്തരവിട്ടിരുന്നു. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലാണ് തലപ്പാടി ടോൾ പ്ലാസ.

