KSDLIVENEWS

Real news for everyone

ഉറക്കത്തിനിടെ പാമ്പുകടിച്ചു; എട്ടുവയസ്സുകാരന് ദാരുണാന്ത്യം, സഹോദരൻ ഗുരുതരാവസ്ഥയിൽ

SHARE THIS ON

കോടാലി: അച്ഛനും അമ്മയ്ക്കുമൊപ്പം കിടന്നുറങ്ങുമ്പോൾ എട്ടുവയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. കോടാലിക്കു സമീപം മലയോരഗ്രാമമായ കടമ്പോട് വീട്ടിൽ സിൽജോയുടെയും ജോൺസിയുടെയും ഇളയമകൻ ആൽജോയാണ് മരിച്ചത്. സഹോദരൻ അനോഷ്(10) ഗുരുതരാവസ്ഥയിൽ സ്വകാര്യആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിക്കെട്ടന്റെ കുഞ്ഞാണ് ഇവരെ കടിച്ചത്. ശനിയാഴ്ച രാത്രി കുട്ടികൾ അച്ഛനമ്മമാരോടൊപ്പം വീട്ടിലെ ഹാളിൽ നിലത്ത് ഉറങ്ങാൻ കിടന്നു. പുലർച്ചെ ഇരുവരും ഉണർന്ന് വയറുവേദനിക്കുന്നതായി പറഞ്ഞു. പിന്നീടാണ് അമ്മയോടൊപ്പം കിടപ്പുമുറിയിൽ പോയത്. അഞ്ചുമണിയോടെ രണ്ടുപേരും അവശനിലയിലായി.

ഉടൻ ചാലക്കുടി സെയ്ന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ആൽജോ മരിച്ചിരുന്നു. ഭക്ഷ്യവിഷബാധയെന്ന തോന്നലിലാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചതെങ്കിലും പാമ്പുകടിയുടെ ലക്ഷണങ്ങൾ ശ്രദ്ധിച്ച ആശുപത്രി അധികൃതർ അതേക്കുറിച്ച് അന്വേഷിച്ചു. മാതാപിതാക്കൾ വീട്ടിലെത്തിയശേഷം നടത്തിയ തിരച്ചിലിലാണ് മുറിയിൽനിന്ന് വെള്ളിക്കെട്ടന്റെ (ശംഖുവരയൻ) കുഞ്ഞ് ഇഴഞ്ഞുവരുന്നത് കണ്ടത്. ആൽജോയുടെ കൈത്തണ്ടയിൽ കടിയേറ്റ പാടുണ്ടെന്ന് പോലീസ് നടത്തിയ ഇൻക്വസ്റ്റിൽ കണ്ടെത്തി. ചികിത്സയിലുള്ള അനോഷിന്റെ ഇടത്തെ ഉള്ളൻ കാലിലും കടിയേറ്റ പാടുണ്ട്. മൂത്തമകളായ എയ്ഞ്ചൽ വെള്ളിക്കുളങ്ങരയിലെ അമ്മയുടെ വീട്ടിലായിരുന്നു. കടമ്പോട് എ.എൽ.പി.എസിലെ രണ്ടാംക്ലാസ് വിദ്യാർഥിയാണ് ആൽജോ. സംസ്‌കാരം തിങ്കളാഴ്ച മൂന്നിന് കൊടുങ്ങ സെയ്ന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!