കോഴിക്കോട്ട് പോളിങ് സാമഗ്രികൾ സൂക്ഷിച്ച മുറി തുറന്ന സംഭവത്തിൽ ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് പോളിങ് സാമഗ്രികൾ സൂക്ഷിച്ച മുറി തുറന്നതിൽ റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കോഴിക്കോട് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് നൽകിയ പ്രാഥമിക റിപ്പോർട്ടിലാണ് ഗുരുതര വീഴ്ച സൂചിപ്പിച്ചിരിക്കുന്നത്.
പേരാമ്പ്ര, കൊയിലാണ്ടി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ, കുന്ദമംഗലം, ബാലുശേരി മണ്ഡലങ്ങളിലെ വോട്ടു യന്ത്രങ്ങൾ സൂക്ഷിച്ച വെള്ളിമാട്കുന്ന് ജെ.ഡി.ടി സ്കൂളിലെ മുറിയാണ് കഴിഞ്ഞ ദിവസം തുറന്നത്. എന്നാൽ, എൻകോർ സോഫ്റ്റ്വെയറിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിന് പേരാമ്പ്ര മണ്ഡലത്തിലെ പോളിങ് രേഖകൾ സൂക്ഷിച്ച സീൽ ചെയ്യാത്ത മുറിയാണ് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ തുറന്നതെന്നാണ് റിട്ടേണിങ് ഓഫിസർ അറിയിച്ചത്. ഇലക്ട്രോണിക് വോട്ടു യന്ത്രങ്ങളോ തപാൽ ബാലറ്റുകളോ സൂക്ഷിച്ച മുറി അല്ല തുറന്നതെന്നും റിട്ടേണിങ് ഓഫിസർ അറിയിച്ചിരുന്നു.
കേന്ദ്രസേനയും പൊലീസും കാവലുള്ള സ്ഥലത്താണ് ജീവനക്കാർ വാതിൽ തുറന്ന് അകത്ത് കയറിയത്. വിവരം പുറത്തുവന്നതോടെ എം.കെ. രാഘവൻ എം.പി, ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് എം.എ. റസാഖ് തുടങ്ങിയവരുൾപ്പെടെ യു.ഡി.എഫ് നേതാക്കൾ പ്രതിഷേധവുമായി സ്ഥലത്തെത്തിയിരുന്നു.

