എണ്ണ ഉത്പാദനം നിർത്താനാകില്ല, ഉപരോധംമൂലം കയറ്റുമതിയും സാധ്യമല്ല; പഴയ കപ്പൽ സംഭരണിയാക്കാൻ ഇറാൻ

ടെഹ്‌റാൻ: പ്രതിസന്ധിയിൽ കുരുങ്ങി ഇറാന്റെ എണ്ണവ്യവസായ മേഖല. ഒരുവശത്ത് എണ്ണക്കിണറുകൾക്ക് കേടുപാടുവരുത്താതെ ഉത്പാദനം നിർത്താൻ കഴിയാത്ത അവസ്ഥ, മറുവശത്ത് നാവിക ഉപരോധം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളെ തുടർന്ന് എണ്ണ കയറ്റുമതി നിശ്ചലമായ സ്ഥിതി. ഇതോടെ ഇറാനിൽ അസംസ്‌കൃത എണ്ണ കെട്ടിക്കിടക്കുന്ന സാഹചര്യമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ ആകെയുള്ള എണ്ണ ഉത്പാദനത്തിൽ 90 ശതമാനവും സംഭാവന ചെയ്യുന്നിടവും 30 ബില്യൻ ബാരൽ ക്രൂഡ് ഓയിൽ സംഭരിക്കാൻ ശേഷിയുള്ളതുമായ ഖാർഗ് ദ്വീപ് അതിന്റെ സംഭരണശേഷിയുടെ പരമാവധിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ യുഎസിന്റെ നാവിക ഉപരോധത്തെ തുടർന്നാണിത്.
അധികമായി ഉത്പാദിപ്പിക്കപ്പെട്ട എണ്ണ, കടലിൽതന്നെ ഒരു ടാങ്കറിൽ സൂക്ഷിക്കാനൊരുങ്ങുകയാണ് ഇറാൻ. ഇതിനായി 30 കൊല്ലം പഴക്കമുള്ള നഷ എന്ന ഓയിൽ ടാങ്കറിനെ സജ്ജമാക്കിക്കൊണ്ടിരിക്കുകയാണ്. ഖാർഗിലെ എണ്ണ സംഭരണശേഷി വർധിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കാലങ്ങളായി കാലിയായി, മറ്റൊന്നിനും ഉപയോഗിക്കാതെ കിടന്നിരുന്ന കപ്പലാണ് നഷ. കയറ്റുമതിചെയ്യാൻ കഴിയാത്ത അസംസ്‌കൃത എണ്ണ ഇതിലേക്ക് മാറ്റാനാണ് ആലോചന. എന്നാൽ, ഇത് താത്കാലികമായ പരിഹാരം മാത്രമാണ്.
അതേസമയം, 13 മില്യൻ ബാരൽ എണ്ണകൂടി സംഭരിക്കാനുള്ള സംവിധാനങ്ങളേ ഇറാനിൽ അവശേഷിക്കുന്നുള്ളൂവെന്ന് മാരിടൈം വിദഗ്ധർ വിലയിരുത്തുന്നു. എന്നാൽ, പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നത് ഒരു മില്യൻ മുതൽ 1.1 മില്യൻ ബാരൽ എണ്ണയാണ്. ഈ നിരക്ക് വെച്ചുനോക്കുമ്പോൾ 12-13 ദിവസത്തിനകം സംഭരണികൾ നിറയും. ഏപ്രിൽ പതിനാറാം തീയതി ഖാർഗ് ദ്വീപിൽനിന്ന് അഞ്ച് മില്യൻ ബാരലുകൾ മൂന്ന് ടാങ്കറുകളിലേക്ക് മാറ്റുന്നതിന്റെ ഉപഗ്രഹചിത്രങ്ങൾ മാരിടൈം ട്രാക്കർ പ്ലാറ്റ്‌ഫോമായ ടാങ്കർ ട്രാക്കേഴ്‌സ് പുറത്തുവിട്ടിരുന്നു.
സംഭരണശേഷി അതിന്റെ പരമാവധിയിലെത്തിച്ചേരുന്നതോടെ ഇറാനെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധിയാണ്. സംഭരിക്കാൻ സംവിധാനമില്ലെങ്കിൽ എണ്ണ ഉത്പാദിപ്പിക്കാനാവില്ല. എണ്ണ കയറ്റുമതി ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അതിൽനിന്ന് ലഭിക്കുന്ന വരുമാനത്തിലൂന്നി നിൽക്കുന്ന ഇറാന് വലിയ തിരിച്ചടിയുണ്ടാകും. ഇറാന് കടുത്ത സാമ്പത്തികപ്രതിസന്ധിയും നേരിടേണ്ടിവരും. സംഭരണസംവിധാനങ്ങൾ ലഭ്യമല്ലാത്തപക്ഷം ഇറാന് എണ്ണക്കിണറുകൾ അടയ്‌ക്കേണ്ടതായി വരും. ഇങ്ങനെ പൊടുന്നനേ അടയ്ക്കുന്നപക്ഷം എണ്ണക്കിണറുകൾക്ക് അവയുടെ സമതുലിതാവസ്ഥ നഷ്ടമാവുകയും വെള്ളം കയറുന്നത് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യും. ഇങ്ങനെ വെള്ളം കയറുന്നത് എണ്ണക്കിണറുകളുടെ ദീർഘകാല ഉത്പാദനക്ഷമതയെ ബാധിക്കും.

