ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യ; പുതുക്കിയ ചാർജ് നാളെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ

ന്യൂഡൽഹി: ഇന്ധന സർചാർജ് വർധിപ്പിച്ച് എയർ ഇന്ത്യ. ആഗോളതലത്തിൽ വിമാന ഇന്ധനവില കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് അന്താരാഷ്ട്ര, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള സർചാർജ് വർധിപ്പിച്ചത്. പുതുക്കിയ ഇന്ധന സർചാർജ് നാളെ അർദ്ധരാത്രി മുതൽ പ്രാബല്യത്തിലെത്തും.
സെക്ടറിനും റൂട്ട് കാറ്റഗറിക്കും അനുസരിച്ച് മാത്രമേ സർചാർജിൽ മാറ്റമുണ്ടാകുകയുള്ളൂവെന്നും അധികൃതർ അറിയിച്ചു. ആഭ്യന്തര ഏകദിശ സർവീസുകൾക്ക് സർചാർജ് 400 രൂപ മുതൽ 1,200 രൂപ വരെയാണ് ഈടാക്കുക. അന്താരാഷ്ട്ര സർവീസുകൾക്ക് പശ്ചിമേഷ്യൻ റൂട്ടുകളിൽ 55 ഡോളർ മുതലും വടക്കേ അമേരിക്കൻ റൂട്ടുകളിൽ 215 ഡോളർ വരെയാണ് സർചാർജ് ഈടാക്കുന്നത്.
500 കി.മീ വരെയുള്ള യാത്രകൾക്ക് 400 രൂപയും 1000 കിലോമീറ്റർ യാത്രൂദൂരമുള്ളപ്പോൾ 600 രൂപയുമാണ് ഈടാക്കുക. 1001-1500 കി.മീ യാത്രാദൂരത്തിന് 850 രൂപയും 1500 കി.മീറ്ററിന് മുകളിൽ 1200 രൂപയും നൽകണം.
വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവിന്‍റെ 40 ശതമാനത്തോളം ഇന്ധനച്ചെലവായതിനാലാണ് വിമാന ഇന്ധനവില വർധിച്ചപ്പോൾ ടിക്കറ്റ് നിരക്കിലും ഈ വ്യത്യാസം കൊണ്ടുവന്നിരിക്കുന്നത്. ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ മറ്റ് പ്രമുഖ വിമാനക്കമ്പനികളും സമാനമായ രീതിയിൽ നിരക്കുകൾ വർധിപ്പിച്ചിട്ടുണ്ട്.

