കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ-മയക്കുമരുന്ന് മാഫിയകൾക്ക് പോലീസ് കുടപിടിക്കുന്നു; കൊലപാതകങ്ങളും മോഷണങ്ങളും തുടർക്കഥയാക്കി കുമ്പള പോലീസ്; അഷറഫ് കർള

കുമ്പള: കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്നുവെന്നും, ക്രിമിനൽ സംഘങ്ങൾക്കും മയക്കുമരുന്ന് മാഫിയകൾക്കും പോലീസ് വഴിവിട്ട സംരക്ഷണം നൽകുകയാണെന്നും കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മുസ്ലിം ലീഗ് നേതാവുമായ അഷറഫ് കർള പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് നടന്ന കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല; ഇതിനുമുമ്പും നിരവധി കൊലപാതകങ്ങൾ ഈ സ്റ്റേഷൻ പരിധിയിൽ നടന്നിട്ടുണ്ട്. എന്നാൽ ഇത്തരം അക്രമങ്ങൾ തടയാനോ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനോ പോലീസിന് കഴിയുന്നില്ല. ലഹരി മാഫിയകൾ അനുദിനം വളർന്നുകൊണ്ടിരിക്കുമ്പോഴും അവരെ തടയാനോ കടിഞ്ഞാണിടാനോ സാധിക്കാതെ പോലീസ് സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്. സ്വന്തം സ്റ്റേഷൻ പരിധിയിലെങ്കിലും ജനങ്ങൾക്ക് സംരക്ഷണം നൽകാൻ പോലീസിന് കഴിയാത്തത് ലജ്ജാകരമാണ്
തുടർച്ചയായി നിരവധി മോഷണ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിലൊന്നിൽ പോലും ഒരു തുമ്പുണ്ടാക്കാൻ പോലീസിന് കഴിയുന്നില്ലെന്ന് മാത്രമല്ല, തങ്ങളുടെ കഴിവുകേട് മറച്ചുവെക്കാൻ നിരപരാധികളെ പീഡിപ്പിച്ചും അനാവശ്യ തർക്കങ്ങൾ ഉണ്ടാക്കിയും പോലീസ് പുകമറ സൃഷ്ടിക്കുകയാണ്. എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മാരക മയക്കുമരുന്നുകളുടെ വിപണനവും ഉപയോഗവും വ്യാപകമായിട്ടും ഇതിന്റെ പിന്നിലെ വമ്പൻ സ്രാവുകളെ പിടികൂടുന്നതിനു പകരം, സാധാരണക്കാരെ അകാരണമായി തടഞ്ഞുനിർത്തുകയും ചോദ്യം ചെയ്യലിന്റെ പേരിൽ അധിക്ഷേപിക്കുകയുമാണ് പോലീസ് ചെയ്യുന്നത്.
യൂണിഫോമിട്ട ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്ക് നേരെ നടത്തുന്ന അസഭ്യവർഷവും സംസ്കാരശൂന്യമായ പെരുമാറ്റവും ഒരു തരത്തിലും അംഗീകരിക്കാനാവില്ല. ക്രിമിനലുകൾക്ക് നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാൻ പോലീസ് തന്നെ സൗകര്യമൊരുക്കി നൽകുന്നു.
പ്രദേശത്തെ ബിസിനസ് സ്ഥാപനങ്ങളെ തകർക്കാൻ ഗൂഢാലോചന നടത്തുന്ന സംഘങ്ങൾ വളർന്നുവരുന്നത് അധികൃതർ ഗൗരവമായി കാണണം.
കുമ്പളയിലെ ഈ അരാജകത്വം അവസാനിപ്പിക്കാനും ജനങ്ങൾക്ക് ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കാനും ആഭ്യന്തര വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും അഷ്‌റഫ് കർള ആവശ്യപെട്ടു

