KSDLIVENEWS

Real news for everyone

ടൂ വീലറിൽ 5 പേർ വരെ, പിന്നിലിരുന്ന് നമ്പർ പ്ലേറ്റ് മറച്ച് പെൺകുട്ടികളും; എഐ ക്യാമറ മറികടക്കാൻ കോഴിക്കോട്ട് നടുറോഡിൽ ‘അഭ്യാസം’

SHARE THIS ON

കോഴിക്കോട്: ഗതാഗത നിയമം ലംഘിച്ച്, എഐ ക്യാമറ മറികടക്കാൻ നടുറോഡിൽ ‘അഭ്യാസ പ്രകടനം’. അപകടകരമായി വാഹനം ഓടിക്കുകയും നിയമ ലംഘനം നടത്തുകയും ചെയ്ത ജില്ലയിലെ നൂറിലേറെ വിദ്യാർഥികൾ മോട്ടർ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെയും കോടതിയുടെയും നടപടിക്കുരുക്കിൽ. ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റ് ധരിക്കാതെയും രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്തും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനാണ് വിദ്യാർഥികൾക്കെതിരെ നടപടി.

മോട്ടർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള, ജില്ലയിലെ 63 എഐ ക്യാമറകളിൽ പതിഞ്ഞ നിയമലംഘനത്തിന്റെ വിവിധ ദൃശ്യങ്ങളാണ് മോട്ടർ എൻഫോഴ്സ്മെന്റ് വിഭാഗം പരിശോധിച്ചു നടപടിയെടുക്കുന്നത്. നിയമം ലംഘിച്ച് ഓടുന്ന വാഹന ഉടമയെ കണ്ടെത്താതിരിക്കാൻ വിദ്യാർഥികൾ സാഹസികമായാണ് നമ്പർ പ്ലേറ്റ് മറയ്ക്കുന്നത്. ഹെൽമറ്റില്ലാതെ ഒരു സ്കൂട്ടറിൽ 4 മുതൽ 5 പേർ വരെ കയറിയാണ് യാത്ര. കിടന്നും തലകീഴായി തൂക്കിയും നമ്പർ പ്ലേറ്റ് മറയ്ക്കുകയാണ്. എഐ ക്യാമറ ഘടിപ്പിച്ച സ്ഥലത്തിന്റെ 200 മീറ്റർ അടുത്തെത്തുമ്പോഴാണ് ഈ അഭ്യാസം.

1) 3 പേർ യാത്ര ചെയ്ത സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് ആൺകുട്ടി മറയ്ക്കുന്നു. 2) ഹെൽമറ്റില്ലാതെ രണ്ടു പേർ യാത്ര ചെയ്ത സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് സാഹസികമായി മറയ്ക്കുന്നു. 3) 3 പേർ യാത്ര ചെയ്ത സ്കൂട്ടറിന്റെ പിൻഭാഗത്തെ നമ്പർ മറയ്ക്കുന്ന പെൺകുട്ടി.

ഇത്തരം ലംഘനങ്ങൾ നടത്തുന്നതിൽ കൂടുതലും വിദ്യാർഥികളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പരിസരത്തും ബീച്ച് മേഖലയിലുമാണ് നിയമലംഘനം കൂടുതലെന്ന് മോട്ടർ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനത്തിന്റെ നമ്പർ ക്യാമറയുടെ അടുത്തെത്തുമ്പോൾ മാത്രമാണു മറച്ചുപിടിക്കുന്നതെങ്കിലും ക്യാമറയുടെ കാഴ്ചപരിധി വളരെ ദൂരെ നിന്നു ലഭ്യമാകുമെന്നതിനാൽ വാഹനങ്ങളുടെ നമ്പർ ലഭിക്കും. ഇതുവഴിയാണ് ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നത്.

എൻഫോഴ്സ്മെന്റ് നടപടി

∙ ക്യാമറയിൽ പതിഞ്ഞ നിയമലംഘന ദൃശ്യങ്ങൾ പരിശോധിച്ച് നമ്പർ വ്യക്തമായാൽ വാഹന ഉടമയെ നേരിട്ടു വിളിച്ചു വരുത്തും.

∙ നമ്പർ മറച്ച വാഹനങ്ങൾ കണ്ടെത്താൻ, ഏതു മേഖലയിലെ ക്യാമറയിൽ ആണ് പതിഞ്ഞതെന്ന് പരിശോധിച്ച് ആ മേഖലയിലെ സ്കൂൾ കേന്ദ്രീകരിച്ച് വിദ്യാർഥിയെ തിരിച്ചറിഞ്ഞാണ് നടപടി.

∙ ഗുരുതര നിയമലംഘനം കോടതിക്ക് റിപ്പോർട്ട് ചെയ്യും. പിഴത്തുക കോടതി മുഖേന അടയ്ക്കണം.

∙ ഗുരുതര നിയമ ലംഘനത്തിൽ ഉൾപ്പെട്ട ഡ്രൈവർമാർക്ക് എടപ്പാളിലെ എംവിഡി പരിശീലന കേന്ദ്രത്തിൽ 7 ദിവസത്തെ പരിശീലനം. 7000 രൂപയും അടയ്ക്കണം.

∙ നിയമ ലംഘനം നടത്തിയത് പ്രായപൂർത്തിയാകാത്തവരാണെങ്കിൽ രക്ഷിതാക്കളെ വിളിച്ചു വരുത്തി, കുട്ടികളെ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഉൾപ്പെടുത്തി നോട്ടിസ് നൽകും. രക്ഷിതാക്കളിൽ നിന്നു പിഴ (25,000 രൂപ വരെ) ഈടാക്കും. ഒരു വർഷം വരെ തടവു ലഭിക്കുന്ന ശിക്ഷയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!