മലപ്പുറത്ത് ചോരയിറ്റു വീഴുന്ന ആട്ടിൻതലയുമായി തിരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനം നടത്തിയ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

മലപ്പുറം: തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിന്റെ പേരില്‍ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ച മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ തിരുർ പോലീസ് കേസെടുത്തു.
യൂത്ത് ലീഗ് പെരുനല്ലൂർ വാർഡ് സെക്രട്ടറിയും തൃപ്രങ്ങോട് പഞ്ചായത്ത് ഭാരവാഹിയുമായ കുരിക്കള്‍പടി മച്ചിങ്ങല്‍ റാഫി, ലീഗ് പ്രവർത്തകൻ പെരുന്തല്ലൂർ വാല്‍പറമ്പില്‍ ഷുഹൈബ് എന്നിവർക്കെതിരെയാണ് കേസ്.
മൃഗങ്ങളോടുള്ള ക്രൂരതയുമായി ബന്ധപ്പെട്ട നിയമവും സോഷ്യല്‍ മീഡിയയില്‍ പ്രദർശിപ്പിച്ചതിന് ഐടി ആക്‌ട് പ്രകാരവുമാണ് കേസ്. തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ചത്. തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്നല്ലൂർ അങ്ങാടിയിലായിരുന്നു സംഭവം. പരസ്യമായി ആടിന്റെ അറുത്ത് ചോരയിറ്റുന്ന തല ലീഗിന്റെ കൊടിമരത്തില്‍ കെട്ടി പ്രദർശിപ്പിക്കുകയായിരുന്നു.
വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രദർശിപ്പിക്കുകയുംചെയ്തു. സംഭവത്തില്‍ കർശന നടപടി സ്വീകരിക്കണമെന്ന് സിപിഎം തവനൂർ ഏരിയാ സെക്രട്ടറി കെ വി സുധാകരൻ ആവശ്യപ്പെട്ടിരുന്നു.

